facebook

റാഗിങ്ങിനെ തുടർന്ന് പിജി ഡോക്ടർ ജീവനൊടുക്കി; നാല് സീനിയർ ഡോക്ടർമാർക്ക് സസ്പെൻഷൻ

2 Min Read

ഗുജറാത്തിലെ സൂറത്ത് ഗവൺമെന്റ് മെഡിക്കൽ കോളജിൽ റാഗിങ്ങിനെയും ക്രൂരമായ മാനസിക പീഡനങ്ങളെയും തുടർന്ന് ഒന്നാം വർഷ പി.ജി. വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നാല് സീനിയർ റെസിഡന്റ് ഡോക്ടർമാരെ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് ഒന്നാം വർഷ എം.ഡി വിദ്യാർഥിയായ ഡോക്ടർ ഹർഷ പാണ്ഡ്യയെ (29) ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കോളജ് ആന്റി-റാഗിങ് കമ്മിറ്റി നടത്തിയ അടിയന്തര യോഗത്തിന് ശേഷമാണ് കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

സൂറത്ത് സിവിൽ ഹോസ്പിറ്റൽ ആന്റി-റാഗിങ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സീനിയർ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതിന് പുറമെ, കോളജിലെ മൈക്രോബയോളജി വകുപ്പ് മേധാവി ഉൾപ്പെടെ നാല് മുതിർന്ന ഫാക്കൽറ്റി അംഗങ്ങൾക്ക് ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അന്വേഷണത്തിന് മേൽനോട്ടം വഹിച്ച മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് അഡീഷണൽ ഡയറക്ടർ ഡോ. ജയേഷ് സച്ദേയ്ക്ക് കോളജ് അധികൃതർ ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഡോ. നിരലി വസാവെ, ഡോ. അനുജ് മഹേശ്വരി, ഡോ. ദീക്ഷിത് ഘേവാരിയ, ഡോ. ഹിന ഭൂത് എന്നീ നാല് സീനിയർ റെസിഡന്റ് ഡോക്ടർമാരെയാണ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇവരോട് ഉടനടി ഹോസ്റ്റൽ ഒഴിയാനും എല്ലാവിധ അക്കാദമിക്, ഹോസ്പിറ്റൽ പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ മൈക്രോബയോളജി വിഭാഗം മേധാവിയായ ഡോ. സുംഗീത രാജ്ഡെ, ഡോ. യോഗിത മിസ്ത്രി, ഡോ. ലതിക പുരോഹിത് എന്നിവരടങ്ങുന്ന നാല് അധ്യാപകരോട് വിഷയം ഗൗരവമായി എടുക്കാതിരുന്നതിന് വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

മരിച്ച ഡോ. ഹർഷ പാണ്ഡ്യയുടെ പിതാവും ഒമ്പത് ഒന്നാം വർഷ പി.ജി വിദ്യാർഥികളും സംയുക്തമായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആന്റി-റാഗിങ് കമ്മിറ്റി പ്രാഥമിക അന്വേഷണം നടത്തിയത്. സീനിയർ ഡോക്ടർമാരിൽ നിന്ന് നിരന്തരം മാനസിക പീഡനം, അസഭ്യം പറയൽ, ജോലിസ്ഥലത്ത് അപമര്യാദയായി പെരുമാറൽ എന്നിവ നേരിടേണ്ടി വന്നതായി ജൂനിയർ വിദ്യാർഥികൾ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയിട്ടുണ്ട്.

ഗുജറാത്തിലെ ആരവല്ലി ജില്ലയിലെ മോഡാസ സ്വദേശിയായ ഡോ. ഹർഷ പാണ്ഡ്യ ഷിഫ്റ്റ് അനുസരിച്ച് ജോലിക്കായി ഹോസ്പിറ്റലിൽ എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ ഖതോദര പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോളജ് ആന്റി-റാഗിങ് കമ്മിറ്റിയുടെ പൂർണ്ണമായ റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ കൂടുതൽ കർശനമായ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Share This Article