facebook

അധ്യാപകനെ മർദിച്ചെന്ന് പരാതി; രണ്ടുപേർക്കെതിരെ കേസ്

2 Min Read

പത്തിരിപ്പാല: പത്തിരിപ്പാല ഗവ. കോളേജിൽ അധ്യാപകനെ മർദിച്ചെന്ന പരാതിയിൽ വിദ്യാർഥിയടക്കം രണ്ടുപേർക്കെതിരെ മങ്കര പോലീസ് കേസെടുത്തു. രണ്ടാംവർഷ ബി.ബി.എ. വിദ്യാർഥി മുഹമ്മദ് അനസ് (19), സഹോദരൻ മണ്ണൂർ സ്വദേശി ആഷിക് അലി (30) എന്നിവർക്കെതിരെയാണ് കേസ്.

മർദനമേറ്റതായി പറയുന്ന പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകൻ കെ. ഷബീർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ബൈക്ക് കാറിൽ തട്ടിയതിനെ തുടർന്ന് തർക്കം

ചൊവ്വാഴ്ച രാവിലെ 11.15ഓടെയാണ് സംഭവമെന്നാണ് പോലീസ് പറയുന്നത്. കോളേജിൽവെച്ച് മുഹമ്മദ് അനസിന്റെ ബൈക്ക് ഒരു അധ്യാപികയുടെ കാറിൽ തട്ടിയതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു.

തുടർന്ന് അനസും സഹോദരനും സ്റ്റാഫ് മുറിയിലെത്തി അധ്യാപികയോട് അസഭ്യം പറഞ്ഞതായി പരാതിയുണ്ട്.

അധ്യാപകൻ ഇടപെട്ടതോടെ തർക്കം രൂക്ഷമായി

സംഭവത്തിൽ അധ്യാപകൻ കെ. ഷബീർ ഇടപെട്ട് ഇരുവരോടും മാന്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തർക്കം രൂക്ഷമായതെന്നാണ് പോലീസ് പറയുന്നത്.

തുടർന്ന് ഇരുവരും ബഹളമുണ്ടാക്കുകയും അധ്യാപകനെ മർദിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

വിദ്യാർഥിക്ക് സസ്പെൻഷൻ

സംഭവത്തിന് പിന്നാലെ കോളേജ് അധികൃതരും നടപടി സ്വീകരിച്ചു. വൈസ് പ്രിൻസിപ്പൽ ശിവപ്രഭയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച വൈകീട്ട് ചേർന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിലാണ് മുഹമ്മദ് അനസിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ പോലീസ് സ്വീകരിച്ചുവരികയാണ്.

English Summary:
Mankara police have registered a case against a second-year BBA student and his brother following a complaint that a political science teacher at Pathirippala Government College was assaulted. Police said the dispute began after the student’s bike hit a teacher’s car on the college premises. The student and his brother allegedly went to the staff room and behaved abusively toward the teacher. The teacher intervened and asked them to speak respectfully, following which the dispute reportedly escalated. The teacher, K. Shabeer, sought treatment at Ottapalam Taluk Hospital. The college later suspended the student pending an inquiry.

Share This Article