facebook

രാത്രി ഒമ്പതിന് ഓൺലൈൻ മീറ്റിംഗ്; നിമിഷങ്ങൾക്കകം നഷ്മായത് 150-ലേറെ ഐടി ജീവനക്കാരുടെ ജോലി..!

2 Min Read

ഇന്ത്യയിലെ ഐടി മേഖലയെ വീണ്ടും ആശങ്കയിലാഴ്ത്തുന്ന കൂട്ടപിരിച്ചുവിടൽ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നത്. കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു രാത്രികൊണ്ട് ഏകദേശം 150-ഓളം ജീവനക്കാർക്ക് ജോലി നഷ്ടമായെന്നാണ് ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ സമൂഹമാധ്യമമായ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. യാതൊരു മുൻകൂർ അറിയിപ്പുമില്ലാതെ, രാത്രി വൈകി നടത്തിയ ഒരു ഓൺലൈൻ മീറ്റിംഗിലൂടെയാണ് ജീവനക്കാരെ പിരിച്ചുവിടൽ തീരുമാനം അറിയിച്ചതെന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ.

രാത്രി നടന്ന മീറ്റിംഗ് ജീവിതം മാറ്റിമറിച്ചു

പോസ്റ്റിൽ പറയുന്നതനുസരിച്ച്, രാത്രി ഒമ്പത് മണിയോടെ ജീവനക്കാരെ അടിയന്തരമായി മൈക്രോസോഫ്റ്റ് ടീംസ് മീറ്റിംഗിലേക്ക് വിളിച്ചുചേർത്തു. പതിവ് ഔദ്യോഗിക ചർച്ചയാണെന്നാണ് പലരും ആദ്യം കരുതിയത്. എന്നാൽ മീറ്റിംഗ് ആരംഭിച്ചതിന് പിന്നാലെ കമ്പനി ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്നും, എൻജിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുകയാണെന്നും അറിയിക്കുകയായിരുന്നു.

ഒരു മുന്നറിയിപ്പോ മുൻകൂർ ചർച്ചയോ ഇല്ലാതെ ജോലി അവസാനിച്ചതായി അറിയിച്ചത് ജീവനക്കാർക്ക് വലിയ മാനസിക ആഘാതമുണ്ടാക്കിയെന്നാണ് യുവാവ് കുറിച്ചത്. ഒരു മീറ്റിംഗിലൂടെ തന്നെ മാസങ്ങളുടെയും വർഷങ്ങളുടെയും പരിശ്രമം അവസാനിച്ചുവെന്ന തോന്നലാണ് പലർക്കും ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.

ഇന്റേണിൽ നിന്ന് സ്ഥിരം ജീവനക്കാരനായി

ഈ കമ്പനിയിലെ തന്റെ യാത്രയും യുവാവ് വിശദീകരിക്കുന്നുണ്ട്. ആദ്യം സോഫ്റ്റ്‌വെയർ എൻജിനീയറിംഗ് ഇന്റേണായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഏകദേശം ഏഴ് മാസം പരിശീലന കാലയളവ് പൂർത്തിയാക്കിയ ശേഷമാണ് സ്ഥിരം ജീവനക്കാരനായി നിയമിതനായത്. പിന്നീട് ഫുൾ സ്റ്റാക്ക് ഡെവലപ്പറായി ഏകദേശം ഒന്നര വർഷത്തിലേറെ സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.

കമ്പനിയിൽ പ്രവർത്തിച്ച കാലയളവിൽ നിരവധി സാങ്കേതികവിദ്യകൾ പഠിക്കാനും മികച്ച സഹപ്രവർത്തകരോടൊപ്പം പ്രവർത്തിക്കാനുമുള്ള അവസരം ലഭിച്ചതിന് നന്ദിയുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ജോലി നഷ്ടമായത് വേദനാജനകമായിരുന്നെങ്കിലും അവിടെ നിന്നുള്ള പഠനാനുഭവങ്ങൾ വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സെവറൻസ് പാക്കേജ് ഇല്ലെന്ന ആരോപണം

പിരിച്ചുവിടലിനെക്കുറിച്ച് യുവാവ് ഉയർത്തിയ പ്രധാന ആരോപണങ്ങളിലൊന്നാണ് ജീവനക്കാർക്ക് സെവറൻസ് പാക്കേജോ മറ്റ് സാമ്പത്തിക സഹായങ്ങളോ നൽകിയില്ലെന്നത്. സാധാരണയായി പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുമ്പോൾ ചില മാസങ്ങളിലെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നൽകാറുണ്ടെങ്കിലും ഈ സ്ഥാപനത്തിൽ അത്തരമൊരു സഹായവും ലഭിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

“ഒരു മീറ്റിംഗ്, അതോടെ എല്ലാം കഴിഞ്ഞു” എന്ന വാക്കുകളിലൂടെയാണ് അദ്ദേഹം തന്റെ അനുഭവം വിവരിച്ചത്. സാമ്പത്തിക സുരക്ഷയില്ലാതെ ജോലി നഷ്ടപ്പെടുന്നത് ജീവനക്കാരുടെ ജീവിതത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ജോലി തേടി സഹായം അഭ്യർഥിച്ച് പോസ്റ്റ്

ജോലി നഷ്ടമായതിന് ശേഷം ഇനി എന്ത് ചെയ്യണമെന്ന ആശങ്കയും യുവാവ് തന്റെ കുറിപ്പിൽ പങ്കുവെക്കുന്നു. സമാനമായ സാഹചര്യം നേരിട്ടവർ എങ്ങനെയാണ് പുതിയ ജോലി കണ്ടെത്തിയതെന്നും, അഭിമുഖങ്ങൾക്ക് എങ്ങനെ തയ്യാറെടുക്കണമെന്നതിലും ഉപദേശം നൽകണമെന്നുമാണ് അദ്ദേഹം അഭ്യർഥിച്ചത്.

റെഡ്ഡിറ്റിൽ പങ്കുവെച്ച ഈ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. പലരും യുവാവിന് ധൈര്യം പകരുകയും പുതിയ തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ സഹായകരമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. അതേസമയം, ജീവനക്കാർക്ക് സെവറൻസ് ആനുകൂല്യങ്ങൾ നൽകാതെ പിരിച്ചുവിട്ടതിനെതിരെ നിരവധി പേർ വിമർശനവും ഉയർത്തി. ഐടി മേഖലയിലെ തൊഴിൽ സുരക്ഷയും കമ്പനികളുടെ പിരിച്ചുവിടൽ നയങ്ങളും വീണ്ടും ചർച്ചയാകുന്ന സാഹചര്യമാണ് ഈ സംഭവത്തിലൂടെ രൂപപ്പെട്ടിരിക്കുന്നത്.

Share This Article