കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശേരി മിനികൂപ്പർ അപകടക്കേസിൽ പ്രതികൾക്ക് തിരിച്ചടി. പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചതിനെ തുടർന്നാണ് കോടതി ജാമ്യം നിഷേധിച്ചത്.
ഇന്നലെ വിശദമായ വാദം പൂർത്തിയായ ഹർജിയിൽ ഇന്ന് ഉച്ചയോടെയാണ് കോടതി വിധി പ്രഖ്യാപിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രതിഭാഗവും പ്രോസിക്യൂഷനും തമ്മിൽ ശക്തമായ വാദപ്രതിവാദങ്ങളുണ്ടായി.
അപകടം മാത്രമെന്ന് പ്രതിഭാഗം
എഫ്ഐആറിൽ രേഖപ്പെടുത്തിയ ദൃക്സാക്ഷിമൊഴിയിൽ ദുരൂഹതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദങ്ങളിലൊന്ന്. അപകടത്തിൽപ്പെട്ട സ്കൂട്ടറിൽ മൂന്ന് പേർ സഞ്ചരിച്ചതും അപകടസാധ്യത വർധിപ്പിച്ചുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
കേസ് രജിസ്റ്റർ ചെയ്ത സമയത്ത് ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 105-ാം വകുപ്പ് ചുമത്താൻ ആവശ്യമായ തെളിവുകൾ ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. സംഭവം മാധ്യമങ്ങൾ അനാവശ്യമായി വിവാദമാക്കിയെന്നും മകൻ ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റത്തിന്റെ പേരിൽ രക്ഷിതാക്കളെയും പ്രതിക്കൂട്ടിലാക്കുകയാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ഇതൊരു അപകടം മാത്രമാണെന്ന നിലപാടും പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു.
സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതിനെക്കുറിച്ച് കോടതിയുടെ ചോദ്യം
സ്കൂട്ടറിൽ മൂന്ന് പേർ സഞ്ചരിച്ചതാണ് അപകടത്തിന് കാരണമെന്ന പ്രതിഭാഗത്തിന്റെ വാദത്തെ കോടതി ചോദ്യം ചെയ്തു. മൂന്ന് പേർ ഒരുമിച്ച് യാത്ര ചെയ്തതുകൊണ്ടാണോ കാർ ഇടിച്ചതെന്നായിരുന്നു ജഡ്ജിയുടെ മറുചോദ്യം.
സ്കൂട്ടർ യാത്രക്കാർ മോട്ടോർ വാഹന നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽപ്പോലും അവർ മരിച്ച സാഹചര്യത്തിൽ അവർക്കെതിരെ ഇനി ശിക്ഷാനടപടി സ്വീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മദ്യപിച്ചിരുന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചെന്ന് പ്രോസിക്യൂഷൻ
പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും രക്തം, മൂത്രം എന്നിവയുടെ പരിശോധനയിൽ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കേസിലെ പ്രതിയായ സുഹൈലിന് 19 വയസ്സ് മാത്രമാണെങ്കിലും ചെയ്ത പ്രവൃത്തിയുടെയും അതിന്റെ പ്രത്യാഘാതങ്ങളുടെയും ഗൗരവം മനസ്സിലാക്കാനുള്ള പ്രായവും പക്വതയുമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഇഡിആർ പരിശോധന നിർണായകമാകുമെന്ന് പ്രോസിക്യൂഷൻ
അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഇവന്റ് ഡാറ്റ റെക്കോർഡർ (ഇഡിആർ) പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഇതിലൂടെ അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ ഇപ്പോൾ ജാമ്യം അനുവദിക്കുന്നത് ഉചിതമല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ പരിഗണിച്ച കോടതി ഒടുവിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
English Summary:
The Angamaly Magistrate Court rejected the bail applications of the accused in the Nedumbassery Mini Cooper accident case that claimed three lives. The prosecution argued that the investigation was at a crucial stage, preliminary evidence existed against the accused, and blood and urine tests indicated alcohol consumption. The court also questioned the defence argument that three people travelling on the scooter contributed to the accident. Further information is expected from the examination of the vehicle’s event data recorder (EDR).
