facebook

ജേവർ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര്; മന്ത്രിസഭയുടെ അംഗീകാരം

2 Min Read

ഡൽഹി: ഉത്തർപ്രദേശിലെ ജേവറിൽ നിർമിച്ച നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം എന്നാക്കി മാറ്റാൻ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

വിമാനത്താവളം സംസ്ഥാനത്തിന് ലഭിച്ച വലിയ സമ്മാനമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള നന്ദി മന്ത്രിസഭ അറിയിച്ചതായും വ്യക്തമാക്കി. രാജ്യത്തെ പ്രധാന വ്യോമയാന കേന്ദ്രങ്ങളിലൊന്നായും ഉത്തർപ്രദേശിലെ ഏറ്റവും വലിയ വിമാനത്താവളമായും ഇത് മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പേരുമാറ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം

ജേവറിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിച്ചതിന് പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നതായും വിമാനത്താവളത്തിന് നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം, നോയിഡ–ജേവർ എന്ന പേര് നൽകാനുള്ള നിർദേശം മന്ത്രിസഭ അംഗീകരിച്ചതായും യോഗി ആദിത്യനാഥ് പറഞ്ഞു.

വിമാനത്താവളം പ്രവർത്തനസജ്ജമാകുന്നതോടെ ഉത്തർപ്രദേശിന്റെ വ്യോമഗതാഗത മേഖലയിൽ നിർണായക കേന്ദ്രമായി മാറുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ.

മാർച്ച് 28ന് ഉദ്ഘാടനം; ആദ്യ വിമാനം ജൂൺ 15ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം മാർച്ച് 28നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ജൂൺ 15ന് ലഖ്‌നൗവിൽനിന്നെത്തിയ ഇൻഡിഗോ വിമാനമാണ് ഇവിടെ ആദ്യമായി ലാൻഡ് ചെയ്തത്.

സ്വിസ് കമ്പനിയായ സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ എജിയുടെ ഉപകമ്പനിയായ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡാണ് വിമാനത്താവളം വികസിപ്പിച്ചത്. ഉത്തർപ്രദേശ് സർക്കാരിനുവേണ്ടി പദ്ധതി നടപ്പാക്കുന്ന നോയിഡ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി സഹകരിച്ചായിരുന്നു നിർമാണം.

11,282 കോടി രൂപയുടെ പദ്ധതി

11,282 കോടി രൂപ ചെലവഴിച്ചാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ടം വികസിപ്പിച്ചത്. തുടക്കത്തിൽ പ്രതിവർഷം 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളത്തിന്റെ ശേഷി ഏതാനും വർഷങ്ങൾക്കുള്ളിൽ ഏഴ് കോടിയായി ഉയർത്താൻ കഴിയും.

വലിയ വിമാനങ്ങൾക്ക് ഉൾപ്പെടെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന 3,900 മീറ്റർ റൺവേയാണ് ഇവിടെയുള്ളത്. ആധുനിക നാവിഗേഷൻ സംവിധാനങ്ങളും വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

ബഹുമുഖ ഗതാഗത കേന്ദ്രമായി ജേവർവിമാനത്താവളം

റോഡ് ഉൾപ്പെടെയുള്ള വിവിധ ഗതാഗത മാർഗങ്ങളെ ബന്ധിപ്പിക്കുന്ന ബഹുമുഖ ഗതാഗത കേന്ദ്രമായാണ് ജേവർ വിമാനത്താവളം വികസിപ്പിച്ചിരിക്കുന്നത്. യാത്രക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നതിനും സാങ്കേതിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

റൺവേയുടെ ഇരുവശത്തും ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം (ILS) സ്ഥാപിച്ചിട്ടുണ്ട്. കാറ്റിന്റെ ദിശയും സാഹചര്യങ്ങളും അനുസരിച്ച് ഇരുവശത്തുനിന്നും വിമാനങ്ങൾക്ക് സമീപിക്കാനും സുരക്ഷിതമായി ലാൻഡ് ചെയ്യാനും ഈ സംവിധാനം സഹായിക്കും.

English Summary : Uttar Pradesh Chief Minister Yogi Adityanath announced that the Noida International Airport in Jewar will be renamed Narendra Modi International Airport after the state Cabinet approved the proposal. Prime Minister Narendra Modi inaugurated the airport on March 28, and an IndiGo flight from Lucknow made its first landing there on June 15. The first phase of the ₹11,282-crore project has an initial annual capacity of 12 million passengers.

Share This Article