മീററ്റ്: ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം പാമ്പുകടിയേറ്റാണ് മരിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിൽ ഭാര്യയ്ക്കും കാമുകനും വധശിക്ഷ.
മീററ്റ് സ്വദേശിയായ അമിത് കശ്യപ് കൊല്ലപ്പെട്ട കേസിലാണ് ഭാര്യ രവിതയ്ക്കും കാമുകൻ അമർദീപിനും മീററ്റ് അഡീഷണൽ ജില്ലാ കോടതി മരണശിക്ഷ വിധിച്ചത്.
2025 ഏപ്രിലിലായിരുന്നു സംഭവം. കൊലപാതകം മറച്ചുവച്ച് സ്വാഭാവിക മരണമെന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു ഇരുവരുടെയും ശ്രമം.
കൊലപാതകത്തിന് ആസൂത്രിത നീക്കം
പ്രണയത്തിലായിരുന്ന രവിതയും അമർദീപും ചേർന്നാണ് അമിത്തിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. ഇതിനായി മറ്റൊരാളിൽനിന്ന് പാമ്പിനെ വാങ്ങി ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു.
തുടർന്ന് ഇരുവരും ചേർന്ന് അമിത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിനുശേഷം മൃതദേഹത്തിനടിയിൽ പാമ്പിനെ ഇടുകയായിരുന്നു.
പാമ്പുകടിയേറ്റ മരണമെന്ന വ്യാജപ്രതീതി
അമിത്തിന്റെ മൃതദേഹത്തിനടിയിൽ പാമ്പിനെ കണ്ടെത്തിയതോടെ പാമ്പുകടിയേറ്റാണ് മരണമുണ്ടായതെന്ന് ബന്ധുക്കൾ ആദ്യം കരുതി.
എന്നാൽ മൃതദേഹത്തിലെ പരുക്കുകളും ശരീരത്തിലുണ്ടായിരുന്ന ചതവുകളും പൊലീസിൽ സംശയമുണർത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം സംബന്ധിച്ച സംശയങ്ങൾ ശക്തമായത്.
പോസ്റ്റ്മോർട്ടത്തിൽ നിർണായക തെളിവ്
പോസ്റ്റ്മോർട്ടം പരിശോധനയിൽ പാമ്പുകടിയേറ്റല്ല, കഴുത്തുഞെരിച്ചതിനെത്തുടർന്നുണ്ടായ ശ്വാസംമുട്ടലാണ് അമിത്തിന്റെ മരണകാരണമെന്ന് വ്യക്തമായി.
വീടിനുള്ളിൽനിന്ന് വിഷപ്പല്ലുകൾ നീക്കം ചെയ്ത പാമ്പിനെയും അന്വേഷണസംഘം കണ്ടെത്തി. തുടർന്നുള്ള ചോദ്യംചെയ്യലിൽ രവിതയും അമർദീപും കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്.
500 പേജിലേറെ കുറ്റപത്രം
കേസിൽ 500 പേജിലേറെ വരുന്ന കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. അമിത്തിനെ കൊലപ്പെടുത്തിയ ദിവസം രവിതയും അമർദീപും ഫോണിലൂടെ 70-ലേറെ തവണ സംസാരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. കേസിലെ ഈ തെളിവുകളും അന്വേഷണവിവരങ്ങളും നിർണായകമായി.
English Summary : A Meerut Additional District Court sentenced Ravita and her lover, Amardeep, to death for the murder of her husband, Amit Kashyap, in April 2025. The couple allegedly strangled Amit and placed a snake beneath his body to make the death appear to have been caused by a snakebite. A post-mortem examination established strangulation as the cause of death, while police also recovered a snake whose venomous fangs had been removed. The police filed a charge sheet exceeding 500 pages and found that the accused had spoken on the phone more than 70 times on the day of the murder.
