മലപ്പുറം: വണ്ടൂർ ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിലായി 100 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കി. രോഗബാധയെ തുടർന്ന് കാളികാവ് ജംഗ്ഷനിലെ കൊച്ചുകുടി ഹോം അപ്ലയൻസസ് ഉടമയും പെരുന്തറ സ്വദേശിയുമായ അച്ചിപ്ര സത്താർ (45) കഴിഞ്ഞദിവസം മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ അതിതീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു മരണം.
ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവരിൽ രോഗബാധ
വണ്ടൂർ–മഞ്ചേരി റോഡിൽ അടുത്തിടെ പ്രവർത്തനം തുടങ്ങിയ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വ്യാപകമായി മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനത്തെ തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടൽ അടപ്പിച്ചു.
കാളികാവ്, ചോക്കാട്, പോരൂർ, തിരുവാലി തുടങ്ങിയ സമീപ പഞ്ചായത്തുകളിലും ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവരിൽ രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ദൂരസ്ഥലങ്ങളിൽനിന്ന് ഹോട്ടലിലെത്തിയവരുടെ വിവരങ്ങൾ പൂർണമായി ശേഖരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
സെപ്റ്റംബർ ഒന്നിനും 18നും ഇടയിൽ ഭക്ഷണം കഴിച്ചവർ ശ്രദ്ധിക്കുക
സെപ്റ്റംബർ ഒന്നിനും 18നും ഇടയിൽ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവരിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ കാലയളവിൽ ഇവിടെനിന്ന് ഭക്ഷണം കഴിച്ചവർക്ക് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വാർഡ് തലത്തിൽ ഹെൽത്ത് സ്ക്വാഡുകൾ
രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാർഡ് തലത്തിൽ ഹെൽത്ത് സ്ക്വാഡുകൾ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. പഞ്ചായത്തുകളിലെ മുഴുവൻ കടകളിലും ഹോട്ടലുകളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്.
വീടുകളിൽ ക്ലോറിനേഷൻ ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. രോഗബാധിത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണവും പ്രതിരോധപ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
English Summary:
Around 100 people across six panchayats in Malappuram’s Wandoor block have been diagnosed with jaundice. A local businessman, Achipra Sathar, 45, reportedly died while receiving intensive care at a private hospital in Kozhikode. Several cases have been reported among people who ate at a recently opened hotel on the Wandoor–Manjeri road. Health officials have closed the hotel, begun inspections of food establishments and are strengthening preventive measures, including ward-level health squads and household chlorination.
