ചെന്നൈ: ആർഎസ്എസ് പഥസഞ്ചലനങ്ങൾക്ക് അനുമതി നിഷേധിക്കുന്ന തമിഴ്നാട് പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി.
ഒക്ടോബർ 25, നവംബർ ഒന്ന് തീയതികളിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പഥസഞ്ചലനം നടത്താൻ കോടതി അനുമതി നൽകി.
മുൻ ഉത്തരവുകൾ ഉണ്ടായിട്ടും അനുമതി നിഷേധിക്കാൻ പൊലീസ് ആവർത്തിച്ച് ഒരേ കാരണങ്ങൾ ഉന്നയിക്കുകയാണെന്ന് ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ നിരീക്ഷിച്ചു.
പഴയ കാരണങ്ങൾ ആവർത്തിക്കുന്നതിനെ വിമർശിച്ച് കോടതി
പഥസഞ്ചലനങ്ങൾക്ക് അനുമതി നിഷേധിക്കാൻ പുതിയ കാരണങ്ങളൊന്നും പൊലീസ് കണ്ടെത്തിയിട്ടില്ലെന്നും നേരത്തേ അർഥശൂന്യമെന്ന് കോടതി വിലയിരുത്തിയ കാരണങ്ങൾ വീണ്ടും ഉന്നയിക്കുകയാണെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
വിഷയം നീട്ടിക്കൊണ്ടുപോകാതെ ആർഎസ്എസ് ഭാരവാഹികളുമായി ചർച്ച നടത്തി പഥസഞ്ചലനങ്ങളുടെയും തുടർന്നുള്ള പൊതുപരിപാടികളുടെയും സമയവും സ്ഥലവും തീരുമാനിക്കണമെന്ന് കോടതി പൊലീസിനോട് നിർദേശിച്ചു.
ഒക്ടോബർ 19നകം ചർച്ച പൂർത്തിയാക്കാനായിരുന്നു നിർദേശം.
മതസ്ഥാപനങ്ങളും ഗതാഗതവും ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു
വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി പഥസഞ്ചലനവും പൊതുയോഗങ്ങളും നടത്താൻ അനുമതി തേടി ആർഎസ്എസ് പ്രാന്തകാര്യവാഹ് ഒക്ടോബർ മൂന്നിനാണ് അപേക്ഷ നൽകിയത്.
ഒക്ടോബർ 18, 25, നവംബർ ഒന്ന് തീയതികളിലായിരുന്നു പരിപാടികൾ നടത്താൻ നിർദേശിച്ചിരുന്നത്.
എന്നാൽ, നിർദിഷ്ട പാതകളിൽ ചില മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളും യുക്തിവാദി നേതാക്കളുടെ പ്രതിമകളും ഉണ്ടെന്നും ഗതാഗത തടസ്സത്തിനും ക്രമസമാധാന പ്രശ്നങ്ങൾക്കും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പൊലീസ് അപേക്ഷകൾ നിരസിച്ചു.
എല്ലാ വർഷവും ആവർത്തിക്കുന്ന ഇത്തരം കാരണങ്ങൾ മാത്രം ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
പൊതുനിരത്തുകൾ എല്ലാവർക്കും ഉപയോഗിക്കാനുള്ളതെന്ന് കോടതി
നിയമപരമായ നിയന്ത്രണങ്ങൾക്ക് വിധേയമായി പഥസഞ്ചലനം നടത്താൻ സംഘടനയ്ക്ക് അവകാശമുണ്ടെന്ന് മുൻ കോടതി വിധികളും വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ പറഞ്ഞു.
മതം, ജാതി, വിശ്വാസം തുടങ്ങിയ വ്യത്യാസങ്ങളില്ലാതെ എല്ലാവർക്കും ഉപയോഗിക്കാവുന്ന ഇടങ്ങളാണ് പൊതുനിരത്തുകളെന്ന് 2023ലെ വിധിയും കോടതി പരാമർശിച്ചു.
അപേക്ഷകൾ നിരസിക്കാനുള്ള കാരണങ്ങൾ കണ്ടെത്തുന്നതിനു പകരം അവ പരിഗണിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
ഭാവിയിൽ ഇത്തരം തർക്കങ്ങൾ ഒഴിവാക്കാൻ ആർഎസ്എസ് മുൻകൂട്ടി അപേക്ഷകൾ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
ഒക്ടോബർ 25നും നവംബർ ഒന്നിനും അനുമതി
ഒക്ടോബർ 25, നവംബർ ഒന്ന് തീയതികളിൽ പഥസഞ്ചലനം നടത്താൻ അനുമതി നൽകാൻ സർക്കാർ തയ്യാറാണെന്ന് അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ കോടതിയെ അറിയിച്ചു.
എന്നാൽ, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊലീസ് നിർദേശിക്കുന്ന മാറ്റങ്ങൾ പരിപാടികളുടെ ക്രമീകരണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി.
പഥസഞ്ചലനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ആർഎസ്എസ് കോടതിയിൽ സമർപ്പിച്ചു. ഭാവിയിൽ തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ വിശദാംശങ്ങൾ കോടതി ഉത്തരവിനൊപ്പം ചേർക്കണമെന്നും നിർദേശിച്ചു.
English Summary:
The Madras High Court criticised the Tamil Nadu police for repeatedly rejecting applications for RSS marches on grounds the court had previously considered inadequate. Justice V. Lakshminarayanan permitted marches on October 25 and November 1 and directed the police to discuss the timing and locations with RSS representatives. The court also stressed that public roads are accessible to all, subject to lawful restrictions.
