കൊച്ചി : എറണാകുളം മാർക്കറ്റിലെ ജൂത സിനഗോഗിന് മുന്നിലുണ്ടായ തീവയ്പുമായി ബന്ധപ്പെട്ട് തീവ്രവാദബന്ധം സംശയിച്ച് പൊലീസ് അന്വേഷണം. സംഭവത്തിൽ പുത്തൻകുരിശ് സ്വദേശി എബിൻ ബി. പോൾ (32) പിടിയിലായി.
ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വടയമ്പാടി പത്താംമൈലിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിവിധതരം ലഹരിമരുന്നുകളും കണ്ടെത്തി. അജ്ഞാത ടെലഗ്രാം അക്കൗണ്ടിൽനിന്നുള്ള നിർദേശപ്രകാരമാണ് പ്രതി പ്രവർത്തിച്ചതെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര ഏജൻസികളും ഇയാളെ ചോദ്യം ചെയ്തതായാണ് വിവരം.
പുലർച്ചെ സിനഗോഗിന് മുന്നിൽ തീവയ്പ്
തിങ്കളാഴ്ച പുലർച്ചെ 2.30ഓടെയാണ് എറണാകുളം മാർക്കറ്റിനുള്ളിലെ സിനഗോഗിന് മുന്നിൽ തീവയ്പുണ്ടായത്. സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റി നടത്തിയിരുന്ന ഹോർട്ടികൾച്ചർ നഴ്സറിയുടെ ബാനറുകളിലും ഫ്ലെക്സുകളിലുമാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിനഗോഗിന് പൊലീസ് സംരക്ഷണമുണ്ടായിരുന്നെങ്കിലും സംഭവം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.നീല നിറത്തിലുള്ള കാറിലെത്തിയ പ്രതി വാഹനം മാറ്റിയിട്ടശേഷം നഴ്സറിക്ക് മുന്നിലെത്തി പെട്രോളൊഴിക്കുകയായിരുന്നു.
തുടർന്ന് മാറിനിന്ന് തീ എറിഞ്ഞ് നഴ്സറിക്ക് തീയിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇയാൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. രാവിലെ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
സിസിടിവി ദൃശ്യങ്ങളിലൂടെ
സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും നിരവധി പേരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്ത പൊലീസ് കാറിന്റെ നമ്പർ കണ്ടെത്തി. വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പുത്തൻകുരിശിൽ വാടകയ്ക്ക് താമസിക്കുന്നതായി വ്യക്തമായത്.
പൊലീസ് വീട്ടിലെത്തിയപ്പോൾ അകത്ത് ആരുമില്ലെന്ന രീതിയിലാണ് ഇയാൾ പെരുമാറിയതെന്നാണ് വിവരം. തുടർന്ന് പ്രതിയുടെ വീട്ടുകാരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇയാളെ പിടികൂടി. കസ്റ്റഡിയിലെടുത്തപ്പോൾ പ്രതി അസ്വാഭാവികമായാണ് പെരുമാറിയതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
അജ്ഞാത ടെലഗ്രാം അക്കൗണ്ടിന്റെ നിർദേശമെന്ന് സൂചന
പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് അജ്ഞാത ടെലഗ്രാം അക്കൗണ്ടിൽനിന്നുള്ള നിർദേശമനുസരിച്ചാണ് ഇയാൾ പ്രവർത്തിച്ചതെന്ന സൂചന പൊലീസിന് ലഭിച്ചത്. അക്കൗണ്ട് ആരുടേതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവത്തിന് പിന്നിലെ ബന്ധങ്ങളും ലക്ഷ്യവും കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിലും സമാനമായ രീതിയിൽ കുറ്റകൃത്യം നടത്തിയതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.
നിലവിൽ റിമാൻഡിലുള്ള ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സിനഗോഗ് തീവയ്പുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസും ലഹരിമരുന്ന് കണ്ടെത്തിയ സംഭവത്തിൽ പുത്തൻകുരിശ് പൊലീസുമാണ് കേസെടുത്തിരിക്കുന്നത്.
താമസസ്ഥലത്തുനിന്ന് വിവിധ ലഹരിമരുന്നുകൾ പിടികൂടി
സെൻട്രൽ പൊലീസിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് പൊലീസ് വടയമ്പാടി പത്താംമൈലിലെ പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകൾ കണ്ടെത്തിയത്.
പിടിച്ചെടുത്ത വസ്തുക്കളുടെയും അളവുകളുടെയും വിശദാംശങ്ങൾ:
വെള്ള ഹെറോയിൻ — 3.61 ഗ്രാംബ്രൗൺ ഹെറോയിൻ — 2.736 ഗ്രാംഓക്സികോഡോൺ — 2.361 ഗ്രാംഫെന്റനൈൽ — 5.264 ഗ്രാംആൽപ്രാസോലം — 20.171 ഗ്രാംകെറ്റാമിൻ — 50.883 ഗ്രാംകെ-റോക്ക് — 20.675 ഗ്രാം
ലഹരിമരുന്ന് കേസിലും സിനഗോഗ് തീവയ്പ് കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. തീവയ്പിന് പിന്നിലെ ലക്ഷ്യം, ടെലഗ്രാം അക്കൗണ്ടിന്റെ ഉടമസ്ഥത, മറ്റ് ബന്ധങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.
English Summary: Police have arrested Ebin B. Paul, 32, a native of Puthencruz, in connection with a fire incident outside a Jewish synagogue in Ernakulam Market, Kochi. Investigators reportedly found indications that he acted on instructions from an unidentified Telegram account. Police also seized several types of narcotic substances from his rented residence in Vadayampady, while further questioning and investigations are underway.
