സൈബർ സുരക്ഷിത കൊച്ചിക്കായി CLICK പദ്ധതിക്ക് കൊച്ചി സിറ്റി പോലീസിന്റെ ജില്ലാതല തുടക്കം
കൊച്ചി: സൈബർ സുരക്ഷിത കേരളം 2026-ന്റെ ഭാഗമായി നടപ്പിലാക്കുന്ന CLICK (Community Led Initiative for Cyber Resilient Keralam) പദ്ധതിയുടെ ജില്ലാതല പ്രവർത്തനങ്ങൾക്ക് കൊച്ചി സിറ്റി പോലീസ് തുടക്കം കുറിച്ചു.
കൊച്ചി സിറ്റി പോലീസ് ഐ.ജി.യും കമ്മീഷണറുമായ ശ്രീമതി നിശാന്തിനി ഐ.പി.എസ്.യുടെ നേതൃത്വത്തിൽ 2026 ഡിസംബർ 4-ന് രാജഗിരി എൻജിനീയറിംഗ് കോളേജിൽ നടക്കുന്ന ജില്ലാ CLICK എൻക്ലേവിന്റെ പ്രാരംഭ നടപടികൾക്കാണ് ഇന്ന് തുടക്കം കുറിച്ചത്.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും പൊതുജനങ്ങളിൽ സൈബർ സുരക്ഷാ അവബോധം വളർത്തുന്നതിനുമായി ബഹു. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല 2026 ഒക്ടോബർ 31-ന് സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്ത CLICK പദ്ധതിയുടെ ജില്ലാതല പ്രവർത്തനങ്ങൾക്കാണ് ഇതോടെ തുടക്കമായത്.
കൊച്ചി സിറ്റിയിലെ എല്ലാ കോളേജുകളെയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC), നാഷണൽ കേഡറ്റ് കോർപ്സ് (NCC), സ്കൗട്ട്സ്, കുടുംബശ്രീ, ആശാ പ്രവർത്തകർ, അങ്കണവാടി അധ്യാപകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ബാങ്കുകൾ, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഉൾപ്പെടുത്തി വിപുലമായ ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർ ഉൾപ്പെടെ എല്ലാവരെയും CLICK പദ്ധതിയുടെ ഭാഗമാക്കി സൈബർ സുരക്ഷിതമായ ജില്ലയായി കൊച്ചിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജനകീയ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും സൈബർ സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പദ്ധതി സഹായകമാകുമെന്നും കമ്മീഷണർ വ്യക്തമാക്കി.
CLICK പദ്ധതിയുടെ ഭാഗമാകാനും സൈബർ സുരക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകാനും എല്ലാ വിഭാഗം ജനങ്ങളോടും കമ്മീഷണർ നിർദ്ദേശിച്ചു.
