കൊച്ചി: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരള ഹൈക്കോടതിയിൽ ജോലി നേടാൻ അവസരം. ഹൈക്കോടതിയിൽ ഗാർഡനർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. നിലവിൽ അഞ്ച് ഒഴിവുകളാണുള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
സെപ്റ്റംബർ 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,700 രൂപ മുതൽ 52,600 രൂപ വരെ ശമ്പളം ലഭിക്കും.
കേരള ഹൈക്കോടതിയിൽ ജോലി; അഞ്ച് ഒഴിവുകൾ
ഗാർഡനർ തസ്തികയിലേക്കാണ് ഹൈക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കിടെ ഉണ്ടാകുന്ന ഒഴിവുകളും ഈ ലിസ്റ്റിൽനിന്ന് നികത്തും.
റാങ്ക് ലിസ്റ്റ് കുറഞ്ഞത് ഒരു വർഷത്തേക്കോ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയോ പ്രാബല്യത്തിലുണ്ടാകും.
പത്താം ക്ലാസ് യോഗ്യത മതി
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഗാർഡനിംഗിൽ ഡിപ്ലോമ, വിഎച്ച്എസ്ഇ നഴ്സറി മാനേജ്മെന്റ് ആൻഡ് ഓർണമെന്റൽ ഗാർഡനിംഗ്, വിഎച്ച്എസ്ഇ അഗ്രിക്കൾച്ചർ (പ്ലാന്റ് പ്രൊട്ടക്ഷൻ), വിഎച്ച്എസ്ഇ അഗ്രിക്കൾച്ചർ എന്നിവയുള്ളവർക്കും അപേക്ഷിക്കാം.
കൂടാതെ, ഹോർട്ടികൾച്ചർ അല്ലെങ്കിൽ ഫാം ജോലികളിലെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർത്ഥികൾ മികച്ച ശാരീരിക ക്ഷമതയുള്ളവരായിരിക്കണം.
പ്രായപരിധിയും ഇളവുകളും
18നും 40നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
വിമുക്തഭടന്മാർക്ക് സേവനത്തിന് ശേഷമുള്ള തൊഴിലില്ലായ്മ കാലയളവിന് ആനുപാതികമായി പരമാവധി അഞ്ച് വർഷം വരെ ഇളവ് ലഭിക്കും. കാഴ്ചപരിമിതിയുള്ളവർക്കും കേൾവിക്കുറവുള്ളവർക്കും 15 വർഷം വരെയും മറ്റ് വിഭാഗങ്ങൾക്ക് 10 വർഷം വരെയും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
₹600 അപേക്ഷാ ഫീസ്
അപേക്ഷാ ഫീസ് 600 രൂപയാണ്. എസ്സി, എസ്ടി വിഭാഗക്കാർക്കും തൊഴിലില്ലാത്ത ഭിന്നശേഷിക്കാർക്കും ഫീസ് ഇളവ് ലഭിക്കും.
സെപ്റ്റംബർ 26 വരെ അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ ഏഴ് വരെയാണ് ഫീസ് അടയ്ക്കാനുള്ള അവസരം.
എഴുത്തുപരീക്ഷയും അഭിമുഖവും
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. പരീക്ഷ എറണാകുളത്തായിരിക്കും നടത്തുക.
അപേക്ഷാ നടപടികളും യോഗ്യത, പ്രായപരിധി, പരീക്ഷ തുടങ്ങിയവ സംബന്ധിച്ച വിശദ വിവരങ്ങളും അറിയാൻ കേരള ഹൈക്കോടതിയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് വെബ്സൈറ്റ് സന്ദർശിക്കാം.
English summary:
The Kerala High Court has invited applications for five Gardener vacancies. Candidates with SSLC or equivalent qualifications can apply online. The age limit is 18 to 40 years, with applicable relaxations for reserved and eligible categories. Selected candidates will receive a monthly salary ranging from ₹23,700 to ₹52,600. The application deadline is September 26, while the fee can be paid from September 30 to October 7. Selection will be based on a written examination and interview, with the examination scheduled in Ernakulam.
