facebook

ജിഎസ്‌ടി വരുമാനം റെക്കോർഡിൽ; സെപ്റ്റംബറിൽ 3,408 കോടി

2 Min Read

തിരുവനന്തപുരം: കേരളത്തിന്റെ ജിഎസ്‌ടി വരുമാനം സെപ്റ്റംബറിൽ റെക്കോർഡ് ഉയരത്തിലെത്തി. സംസ്ഥാനത്തിന് ലഭിച്ചത് 3,408 കോടി രൂപയാണ്. ഓണക്കാലത്ത് വിപണിയിൽ പണച്ചെലവ് വർധിച്ചതും ഓഗസ്റ്റിലെ നികുതി സെപ്റ്റംബറിൽ അടച്ചതുമാണ് വരുമാനം ഉയരാൻ പ്രധാന കാരണം.

ജിഎസ്‌ടി വരുമാനം 3,408 കോടി

2017ൽ ജിഎസ്‌ടി നടപ്പാക്കിയതിന് ശേഷമുള്ള കേരളത്തിന്റെ ഏറ്റവും ഉയർന്ന പ്രതിമാസ വരുമാനമാണിത്. ഇതിൽ 1,968 കോടി രൂപ ഐജിഎസ്‌ടി സെറ്റിൽമെന്റിലൂടെ കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് ലഭിച്ചതാണ്.

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്ന ഉൽപന്നങ്ങളുടെ നികുതി കണക്കാക്കി ഉപഭോക്തൃ സംസ്ഥാനത്തിന് കൈമാറുന്ന സംവിധാനമാണ് ഐജിഎസ്‌ടി സെറ്റിൽമെന്റ്.

ഓണക്കാല വിപണി ഉണർന്നു

ഓണം ഓഗസ്റ്റിലായിരുന്നെങ്കിലും ആ മാസത്തെ നികുതി കച്ചവടക്കാർ സെപ്റ്റംബർ 20നാണ് റിട്ടേണിനൊപ്പം സർക്കാരിലേക്ക് അടച്ചത്. ഇതോടെ സെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം ഉയർന്നു.

അതേസമയം, 2024 ഏപ്രിലിലായിരുന്നു ഇതിന് മുമ്പ് കേരളം നേടിയ ഏറ്റവും ഉയർന്ന ജിഎസ്‌ടി വരുമാനം. അന്ന് 3,272 കോടി രൂപയാണ് ലഭിച്ചത്.

വാഹനവിപണിക്കും നിർണായക പങ്ക്

ജിഎസ്‌ടി വരുമാനത്തിൽ വാഹനവിപണിക്ക് ഗണ്യമായ പങ്കുണ്ട്. ഓണക്കാലത്ത് വാഹനങ്ങളുടെ വിൽപന കുതിച്ചതും നികുതി വരുമാനം ഉയരാൻ സഹായിച്ചു.

ആകെ ജിഎസ്‌ടി വരുമാനത്തിന്റെ 65 ശതമാനവും ചരക്കുകളുടെ വിൽപനയിൽനിന്നാണ് ലഭിക്കുന്നത്. ശേഷിക്കുന്ന 35 ശതമാനം സേവന മേഖലയിലൂടെയാണ് ലഭിക്കുന്നത്.

10,000 കോടിയിലേറെ സർക്കാർ ചെലവിട്ടു

ഓണത്തോടനുബന്ധിച്ച് ക്ഷേമപെൻഷൻ, ജീവനക്കാരുടെ ബോണസ്, ഉത്സവബത്ത, വിവിധ വിഭാഗങ്ങൾക്കുള്ള ധനസഹായം, സപ്ലൈകോ വഴിയുള്ള ഉൽപന്ന വിൽപന എന്നിവയ്ക്കായി സർക്കാർ 10,000 കോടിയിലേറെ രൂപ ചെലവഴിച്ചു.

ഈ തുകയുടെ വലിയൊരു ഭാഗം ജനങ്ങൾ സാധനങ്ങൾ വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി വിപണിയിൽ ചെലവഴിച്ചു. ഇതോടെ അതിന്റെ ഒരു വിഹിതം നികുതിയായി സർക്കാരിലേക്ക് തിരിച്ചെത്തി.

100 രൂപയിൽ ശരാശരി 18 രൂപ തിരിച്ചെത്തും

സർക്കാർ ജനങ്ങളിലേക്ക് ചെലവഴിക്കുന്ന 100 രൂപയിൽനിന്ന് ശരാശരി 18 രൂപ നികുതിയായി ഖജനാവിലേക്ക് തിരിച്ചെത്തുമെന്നാണ് സർക്കാരിന്റെ കണക്ക്.

മിക്ക ഉൽപന്നങ്ങൾക്കും 18 ശതമാനം നികുതി നിരക്ക് ബാധകമായതിനാലാണ് ഈ കണക്കെന്ന് സർക്കാർ വിശദീകരിക്കുന്നു.

English summary:Kerala recorded its highest-ever monthly GST revenue since the implementation of GST, collecting ₹3,408 crore in September. The increase was mainly linked to higher market activity during Onam and the payment of taxes collected in August. Of the total, ₹1,968 crore came through IGST settlement from the Centre. Vehicle sales also contributed significantly to the GST revenue, while 65% of GST revenue came from goods and 35% from services.

Share This Article