ചെന്നൈ: തമിഴ്നാടിന്റെ ദ്വിഭാഷാ നയവുമായി ബന്ധപ്പെട്ട് മരുന്ന് കവറുകളിൽ ഹിന്ദി ഉപയോഗിച്ചതിനെ ചൊല്ലി വിവാദം.
കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് മരുന്ന് നൽകാൻ ഉപയോഗിച്ചിരുന്ന ബ്രൗൺ പേപ്പർ കവറുകളിലാണ് തമിഴിനും ഇംഗ്ലീഷിനും പുറമെ ഹിന്ദിയിലും നിർദേശങ്ങൾ അച്ചടിച്ചിരുന്നത്.
വിവാദം ശക്തമായതോടെ ആശുപത്രി അധികൃതർ ചൊവ്വാഴ്ച പഴയ കവറുകൾ മാറ്റി.
മരുന്ന് കവറുകളിൽ ഹിന്ദി; കോയമ്പത്തൂരിൽ വിവാദം
കോയമ്പത്തൂരിലെയും കരൂരിലെയും സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് നൽകിയ മരുന്ന് കവറുകളിലാണ് തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മരുന്ന് കഴിക്കേണ്ട വിധം രേഖപ്പെടുത്തിയിരുന്നത്.
ഇതോടെയാണ് തമിഴ്നാട്ടിൽ പുതിയ ഭാഷാ വിവാദത്തിന് തുടക്കമായത്. തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെ ഡിഎംകെയും വിഷയത്തിൽ പ്രതികരിച്ചു.
തമിഴ്നാട്ടിൽ ത്രിഭാഷാ ഫോർമുല നടപ്പാക്കുകയാണോ എന്ന ചോദ്യമാണ് ഡിഎംകെ ഉയർത്തിയത്. മുതിർന്ന ഡിഎംകെ നേതാവും മുൻ വ്യവസായ മന്ത്രിയുമായ ടി.ആർ.ബി. രാജയാണ് വിഷയത്തിൽ ആദ്യം പ്രതികരിച്ചത്.
ഡിഎംകെ ആരോപണം തള്ളി ആരോഗ്യ മന്ത്രി
ആരോപണം ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ.ജി. അരുൺരാജ് ശക്തമായി തള്ളി. മരുന്ന് കവറുകളുടെ രൂപകൽപ്പനയും അച്ചടിയും മുൻ ഡിഎംകെ സർക്കാരിന്റെ കാലത്ത് അംഗീകരിച്ചതാണെന്നാണ് മന്ത്രിയുടെ വിശദീകരണം.
കരൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സാധാരണയായി രോഗികൾക്ക് നൽകുന്ന ഗുളിക കവറുകൾ സെൻട്രൽ ജയിലിൽ നിന്നാണ് ലഭിക്കുന്നതെന്നും അവയിൽ ‘രാവിലെ, ഉച്ച, രാത്രി’ തുടങ്ങിയ നിർദേശങ്ങൾ തമിഴിൽ മാത്രമാണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ 2025 ഡിസംബറിൽ ഈ കവറുകൾക്ക് ക്ഷാമം നേരിട്ടതിനെ തുടർന്ന്, 2025 ഡിസംബർ 31ന് മുൻ ഡിഎംകെ സർക്കാർ അടിയന്തര ഉത്തരവിലൂടെ ഈറോഡ് ജില്ലാ പ്രിന്റിംഗ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴി നാല് ലക്ഷം കവറുകൾ അച്ചടിക്കാൻ ഉത്തരവിട്ടെന്നാണ് മന്ത്രിയുടെ വിശദീകരണം.
2026 ജനുവരി മുതൽ വിതരണം ചെയ്തെന്ന് മന്ത്രി
അച്ചടിച്ച കവറുകൾ 2026 ജനുവരി മുതൽ ഡിഎംകെ ഭരണകാലത്ത് തന്നെ വിതരണം ചെയ്തുതുടങ്ങിയതാണെന്നും മന്ത്രി ആരോപിച്ചു.
അതുപോലെ കോയമ്പത്തൂരിലും ഏകദേശം മൂന്ന് വർഷം മുൻപ് ഡിഎംകെ ഭരണകാലത്ത് ഔദ്യോഗിക നടപടികളിലൂടെ ഡിസൈൻ അംഗീകരിക്കുകയും ചിന്താമണി കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴി കവറുകൾ അച്ചടിച്ച് ഉപയോഗിക്കുകയും ചെയ്തതാണെന്ന് അരുൺരാജ് പറഞ്ഞു.
അതുകൊണ്ട് സർക്കാർ അധികാരമേറ്റശേഷം കവറുകളുടെ ഡിസൈനിലോ ഭാഷയിലോ മാറ്റം വരുത്തിയിട്ടില്ലെന്നും വെയർഹൗസിന്റെ ആവശ്യാനുസരണം സർക്കാർ കവറുകൾ വാങ്ങുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.
വിവാദമായ കവറുകളുടെ ഉപയോഗം നിർത്തി
വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കരൂരിലും കോയമ്പത്തൂരിലുമുള്ള വിവാദമായ ഗുളിക കവറുകളുടെ ഉപയോഗം നിർത്തിവച്ചതായി മന്ത്രി അറിയിച്ചു.
അതേസമയം, ഹിന്ദി ഉൾപ്പെടുത്തിയതിനെതിരായ വിമർശനം രാഷ്ട്രീയ തർക്കമായി മാറുകയും ചെയ്തു. തങ്ങളുടെ ഭരണകാലത്ത് ഹിന്ദി ഉൾപ്പെട്ട കവറുകൾക്ക് അംഗീകാരം നൽകിയ ശേഷം ഇപ്പോഴത്തെ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ തന്ത്രമാണെന്നാണ് അരുൺരാജിന്റെ ആരോപണം.
ബിജെപിയും പ്രതികരിച്ചു
വിവാദത്തിൽ ബിജെപി നേതാവ് രാമ ശ്രീനിവാസനും പ്രതികരിച്ചു. സർക്കാർ ആശുപത്രികളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകളേക്കാൾ മരുന്ന് കവറിൽ ഒരു ഹിന്ദി വാക്ക് വന്നതാണ് പ്രധാന പ്രശ്നമാക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
അതേസമയം, തമിഴ്നാട്ടിലെ ഭാഷാ നയവുമായി ബന്ധപ്പെട്ട രാഷ്ട്രീയ തർക്കത്തിനിടയിലാണ് ആശുപത്രികളിലെ മരുന്ന് കവറുകളിലെ ഭാഷ സംബന്ധിച്ച വിവാദവും ഉയർന്നിരിക്കുന്നത്.
കോയമ്പത്തൂരിൽ ദിവസവും 4,500 വരെ ഒപി രോഗികൾ
കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ കണക്കനുസരിച്ച് പ്രതിദിനം 3,000 മുതൽ 4,500 വരെ ഒപി രോഗികൾ ആശുപത്രിയിലെത്തുന്നുണ്ട്.
നഗരത്തിലും പരിസരപ്രദേശങ്ങളിലും ജോലി ചെയ്യുന്ന നിരവധി ഇതര സംസ്ഥാന തൊഴിലാളികളും ചികിത്സയ്ക്കായി ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മരുന്ന് കവറുകളിൽ ഹിന്ദി ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ശ്രദ്ധ നേടിയത്.
English Summary:
A controversy has erupted in Tamil Nadu over the use of Hindi on medicine covers distributed at government hospitals in Coimbatore and Karur. Coimbatore Medical College Hospital replaced the controversial brown paper covers after criticism. The DMK questioned whether a three-language policy was being introduced, while Health Minister K.G. Arunraj said the packaging had been approved during the previous DMK government. The use of the disputed covers has now been stopped.
