അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ. അജിത്കുമാർ!
കൊച്ചി: 40 ഗവേഷകർക്കു ഡോക്ടറേറ്റ് നേടിക്കൊടുത്ത അപൂർവ നേട്ടവുമായി കോളേജ് അദ്ധ്യാപകനായ ഡോ. എൻ. അജിത്കുമാർ ശ്രദ്ധേയനാകുന്നു. എറണാകുളം സെന്റ് തെരേസാസ് കോളേജ് അദ്ധ്യാപിക ടിഫി മേരിക്കാണ് അദ്ദേഹത്തിന്റെ കീഴിൽ നിന്ന് ഏറ്റവും ഒടുവിൽ ഡോക്ടറേറ്റ് ലഭിച്ചത്.
യൂണിവേഴ്‌സിറ്റി അദ്ധ്യാപകരിൽ ഇത്തരം നേട്ടങ്ങൾ സാധാരണമാണെങ്കിലും ഒരു കോളേജ് അദ്ധ്യാപകനെ സംബന്ധിച്ചിടത്തോളം ഇത് അപൂർവ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
എം.ജി സർവകലാശാലയിൽ 26 ഗവേഷകരുടെയും ഭാരതിയാർ സർവകലാശാലയിൽ രണ്ട് പേരുടെയും അമൃത ഡീംഡ് സർവകലാശാലയിൽ 12 പേരുടെയും ഗവേഷണ ഗൈഡായിരുന്നു അജിത്കുമാർ. നിലവിൽ അമൃത സർവകലാശാലയിൽ ആറുപേർ അദ്ദേഹത്തിന്റെ കീഴിൽ ഗവേഷണം നടത്തുന്നുണ്ട്.
68-ാം വയസിലും അധ്യാപന-ഗവേഷണ രംഗത്ത് സജീവമാണ് അദ്ദേഹം. ക്രിക്കറ്റും ജ്യോതിശാസ്ത്രവും അദ്ദേഹത്തിന്റെ ഇഷ്ട മേഖലകളാണ്. വിവിധ ചാനലുകളിലെ ക്രിക്കറ്റ് വിശകലനങ്ങളിലും സാന്നിധ്യമുണ്ട്.
1980ൽ കൊച്ചിൻ കോളേജിൽ അധ്യാപകനായാണ് അജിത്കുമാറിന്റെ കരിയർ ആരംഭിച്ചത്. പിന്നീട് പ്രിൻസിപ്പലായിരിക്കെ 2008ൽ സ്വയം വിരമിച്ചു. 2022 വരെ എം.ജി സർവകലാശാലയിൽ റിസർച്ച് ഗൈഡായും പ്രവർത്തിച്ചു.
ഭാര്യ ലളിത. മക്കൾ: ഹൈക്കോടതി അഭിഭാഷക റെമോളയും ടാൻസാനിയയിൽ ജോലി ചെയ്യുന്ന സദാശിവും.
‘കാക്കി അഴിപ്പിച്ച’ ശിഷ്യൻ
മുൻ ഡി.ജി.പി സിബി മാത്യൂസും ഡോ. അജിത്കുമാറിന്റെ ശിഷ്യരിൽ ഒരാളാണ്. ഗവേഷണവുമായി ബന്ധപ്പെട്ട് സിബി മാത്യൂസ് പൊലീസ് അകമ്പടിയോടെ വീട്ടിലെത്താറുണ്ടായിരുന്നുവെന്ന് അജിത്കുമാർ പറയുന്നു.
ഇത് കണ്ട അയൽക്കാർ ഏതോ വലിയ കേസിൽ അധ്യാപകൻ കുടുങ്ങിയെന്നു കരുതി അകലം പാലിച്ചിരുന്നുവെന്നും പിന്നീട് കാര്യം മനസിലാക്കിയ സിബി മാത്യൂസ് പൊലീസ് അകമ്പടിയില്ലാതെ സാധാരണ വേഷത്തിൽ എത്താൻ തുടങ്ങിയെന്നും അദ്ദേഹം ഓർക്കുന്നു.
അച്ഛന്റെ പാതയിൽ
കേരളത്തിലെ ശ്രദ്ധേയ ഇംഗ്ലീഷ് അദ്ധ്യാപകരിൽ ഒരാളായിരുന്ന പ്രൊഫ. മധുകർ റാവുവിന്റെ മകനാണ് ഡോ. എൻ. അജിത്കുമാർ.
തലശേരി ബ്രണ്ണൻ കോളേജിൽ പിണറായി വിജയൻ, എ.കെ. ബാലൻ, കെ. സുധാകരൻ തുടങ്ങിയ പ്രമുഖർ മധുകർ റാവുവിന്റെ ശിഷ്യരായിരുന്നുവെന്ന പ്രത്യേകതയും കുടുംബത്തിനുണ്ട്.
English Summary
Dr. N. Ajith Kumar, a college professor from Kerala, has achieved the rare distinction of guiding 40 researchers to doctoral degrees. His latest scholar recently received a PhD, marking a significant milestone in his long academic career.
