facebook

പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് നെൽവിത്തുകളുടെ കാവൽക്കാരൻ

4 Min Read

മാനന്തവാടി: പാരമ്പര്യ നെല്ലിനങ്ങളുടെയും ജൈവകൃഷിയുടെയും സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ (74) അന്തരിച്ചു. തലക്കര ചെറിയ രാമൻ എന്നറിയപ്പെടുന്ന അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഹൃദയധമനിയിലെ സ്റ്റെന്റുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ടു ദിവസം മുൻപ് വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷണത്തിലൂടെ രാജ്യശ്രദ്ധ നേടിയ അദ്ദേഹം ‘വയനാടിന്റെ നെല്ലച്ഛൻ’ എന്ന പേരിലും അറിയപ്പെട്ടിരുന്നു.

ചെറുവയൽ രാമന്റെ സംസ്കാരം വ്യാഴാഴ്ച

ബുധനാഴ്ച രാത്രി മൃതദേഹം മാനന്തവാടിയിലെ വീട്ടിലെത്തിക്കും. വ്യാഴാഴ്ച രാവിലെ ഒൻപത് മുതൽ 11 വരെ കമ്മന നവോദയം സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും.

തുടർന്ന് കൊടുമയിലെ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.

പത്താം വയസ്സിൽ കൃഷിയിലേക്ക്

1952 ജൂൺ ആറിന് മാനന്തവാടി എടവക കമ്മനയിലെ ചെറുവയൽ കുറിച്യ തറവാട്ടിൽ കേളപ്പന്റെയും തേയിയുടെയും മകനായാണ് രാമൻ ജനിച്ചത്. അഞ്ചാം ക്ലാസ് വരെ മാത്രമായിരുന്നു ഔപചാരിക വിദ്യാഭ്യാസം.

പത്താം വയസ്സിൽ അമ്മാവനൊപ്പം പാടത്തിറങ്ങിയ അദ്ദേഹം പിന്നീട് കൃഷിയെ ജീവിതമാർഗമായി സ്വീകരിച്ചു.പതിനേഴാം വയസ്സിൽ അമ്മാവൻ മരിച്ചതോടെ തറവാട്ടിലെ കൃഷിയുടെയും ഗോത്രപാരമ്പര്യത്തിന്റെയും ചുമതല രാമനിലെത്തി.

അമ്മാവൻ ഏൽപ്പിച്ച നെൽവിത്തുകളും കന്നുകാലികളും ഏക്കറുകണക്കിന് ഭൂമിയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു. 1969ൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി കണ്ണൂർ ഡി.എം.ഒ. ഓഫീസിൽ 150 രൂപ ശമ്പളത്തിൽ വാർഡനായി ജോലി ലഭിച്ചെങ്കിലും കൃഷിയോടുള്ള താൽപര്യം കാരണം അത് ഉപേക്ഷിച്ചു.

അൻപതിലേറെ നെല്ലിനങ്ങളുടെ സംരക്ഷകൻ

സങ്കരയിനം വിത്തുകളുടെ വ്യാപനത്തോടെ പാരമ്പര്യ നെല്ലിനങ്ങൾ നഷ്ടപ്പെടുമെന്ന തിരിച്ചറിവാണ് 1990കളിൽ രാമനെ വിത്തുശേഖരണത്തിലേക്ക് നയിച്ചത്. വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് വിത്തുകൾ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്തു.

അൻപതിലേറെ നെല്ലിനങ്ങൾ കാത്തുസൂക്ഷിച്ച അദ്ദേഹം, പാരമ്പര്യമായി ലഭിച്ച അഞ്ചേക്കർ പാടത്ത് നാൽപതിലേറെ ഇനം നെല്ലുകളും കൃഷി ചെയ്തു.കുന്നുംകുളമ്പൻ, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടൻ, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം, ഗന്ധകശാല, തൊണ്ടി, വെളിയൻ, ചെറുവയൽ തുടങ്ങിയ അപൂർവ നെല്ലിനങ്ങളുടെ സംരക്ഷകനായിരുന്നു അദ്ദേഹം.

രാസവളങ്ങളില്ലാത്ത രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ പൂർണമായും ജൈവരീതിയിലായിരുന്നു രാമന്റെ കൃഷി. മണ്ണിൽ രാസവളങ്ങൾ സൃഷ്ടിക്കുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് ജൈവകൃഷിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഓരോ ആവാസവ്യവസ്ഥയ്ക്കും അനുയോജ്യമായ നെല്ലിനങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ടായിരുന്ന അദ്ദേഹം കൃഷി ഉദ്യോഗസ്ഥർക്കും കാർഷിക ശാസ്ത്രജ്ഞർക്കും വിദ്യാർഥികൾക്കും കൃഷിപാഠങ്ങൾ പകർന്നുനൽകി.മൺചുമരും മുളയും ഉപയോഗിച്ച് നിർമിച്ച ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം.

വിത്തുകളെ വിൽപ്പനച്ചരക്കായി കാണാതെ സ്നേഹത്തോടെ കൈമാറുന്നതായിരുന്നു രാമന്റെ രീതി. വിത്ത് വാങ്ങുന്നവർ അടുത്ത വർഷം അത്രയും വിത്ത് തിരികെ നൽകണമെന്ന നിബന്ധനയോടെയാണ് അദ്ദേഹം അവ വിതരണം ചെയ്തിരുന്നത്.

പത്മശ്രീ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ

കാർഷിക മേഖലയിലെ സംഭാവനകൾ പരിഗണിച്ച് 2023ൽ രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ രാമനെ തേടിയെത്തി. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നാഷനൽ പ്ലാന്റ് ജീനോം സേവിയർ പുരസ്കാരവും ലഭിച്ചു.

2011ൽ ഹൈദരാബാദിൽ നടന്ന ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട രാജ്യാന്തര സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചു. 2018ൽ ബ്രസീലിൽ നടന്ന ട്രൈബൽ കോൺഗ്രസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

2025ൽ കേരള കാർഷിക സർവകലാശാല അദ്ദേഹത്തിന് പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവിയും നൽകി.

ചെറുവയൽ രാമന്റെ വിയോഗത്തിൽ അനുശോചനം

വയനാടിന്റെ കാർഷിക പൈതൃകത്തിന്റെ കാവൽക്കാരനെയാണ് ചെറുവയൽ രാമന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അന്യംനിന്നുപോകുമായിരുന്ന പാരമ്പര്യ നെൽവിത്തുകളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി വരുംതലമുറയ്ക്കായി സംരക്ഷിച്ച അദ്ദേഹത്തിന്റെ സംഭാവന വിലമതിക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൃഷി ഉപജീവനമാർഗം മാത്രമല്ല, മണ്ണിനോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തമാണെന്ന് ജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചെന്നും സന്ദേശത്തിൽ പറഞ്ഞു.കേരളത്തിന്റെ, പ്രത്യേകിച്ച് വയനാടിന്റെ കാർഷിക പൈതൃകം സംരക്ഷിക്കുന്നതിൽ രാമൻ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് ഗതാഗത മന്ത്രി സി.പി. ജോണും അനുസ്മരിച്ചു.

അൻപതിലേറെ അപൂർവ നെല്ലിനങ്ങൾ സംരക്ഷിക്കുകയും ലാഭേച്ഛയില്ലാതെ കർഷകർക്ക് വിത്തുകൾ കൈമാറുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതം പുതിയ തലമുറയ്ക്ക് വലിയ പാഠമാണെന്നും മന്ത്രി പറഞ്ഞു.

കുടുംബം

ഭാര്യ ഗീത. മക്കൾ: രമണി, രമേശൻ, രാജേഷ്, രജിത. രമേശൻ എടവക ഗ്രാമപ്പഞ്ചായത്തംഗവും നല്ലൂർനാട് സർവീസ് ബാങ്ക് ജീവനക്കാരനുമാണ്.

രാജേഷ് ഓട്ടോ ഡ്രൈവറാണ്. മരുമക്കൾ: തങ്കമണി, ഉണ്ണികൃഷ്ണൻ, രജിത, പരേതനായ രാജൻ.

English Summary : Padma Shri awardee Cheruvayal Raman, 74, known as the “Rice Grandfather of Wayanad,” died while undergoing treatment at Kozhikode Medical College Hospital. He dedicated his life to organic farming and the conservation of more than 50 traditional rice varieties. Raman received the Padma Shri in 2023 and was awarded the Professor of Practice title by Kerala Agricultural University in 2025. His funeral will be held at the community crematorium in Koduma on Thursday, following a public viewing at Navodaya School in Kamman.

Share This Article