ചെന്നൈ: തമിഴ്നാട്ടിലെ ഗതാഗത അടിസ്ഥാനസൗകര്യ വികസനത്തിന് കരുത്തേകി ചെന്നൈ മെട്രോ റെയിൽ രണ്ടാംഘട്ടത്തിലെ പൂനമല്ലൈ–വടപളനി പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
ഏകദേശം 4,900 കോടി രൂപ ചെലവിൽ നിർമിച്ച 15 കിലോമീറ്റർ പാതയിൽ 11 സ്റ്റേഷനുകളാണുള്ളത്. ഉദ്ഘാടനത്തിനു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കൊപ്പം പ്രധാനമന്ത്രി മെട്രോയിൽ യാത്രയും നടത്തി.
സംസ്ഥാനത്ത് 13,000 കോടി രൂപയിലധികം മൂല്യമുള്ള വിവിധ വികസനപദ്ധതികൾക്കും തുടക്കമിട്ടു.
ക്യൂആർ ടിക്കറ്റല്ല, കൗണ്ടറിൽനിന്ന് ടിക്കറ്റ്
പോരൂർ ബൈപാസ് സ്റ്റേഷനിൽനിന്ന് പൂനമല്ലൈ ബൈപാസ് സ്റ്റേഷനിലേക്കും തിരിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെ മെട്രോ യാത്ര.
യാത്രയ്ക്കായി ടിക്കറ്റ് കൗണ്ടറിൽനിന്ന് ടിക്കറ്റ് വാങ്ങിയശേഷമാണ് അദ്ദേഹം ട്രെയിനിൽ കയറിയത്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും ചടങ്ങിൽ പങ്കെടുത്തു.
15 കിലോമീറ്റർ പാതയിൽ 11 സ്റ്റേഷനുകൾ
ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിലെ കോറിഡോർ നാലിന്റെ ഭാഗമാണ് പൂനമല്ലൈ–വടപളനി പാത. പടിഞ്ഞാറൻ ചെന്നൈയുടെ പ്രാന്തപ്രദേശങ്ങളെ നിലവിലുള്ള മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഈ പാത നഗരത്തിലെ യാത്രാസൗകര്യം മെച്ചപ്പെടുത്താനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.
പാതയിൽ പൂനമല്ലൈ ബൈപാസ്, പൂനമല്ലൈ ബസ് സ്റ്റാൻഡ്, പൂനമല്ലൈ സർക്കാർ ആശുപത്രി, കരയൻചാവടി, കുമണഞ്ചാവടി, കാട്ടുപാക്കം, അയ്യപ്പന്താങ്കൽ, തെള്ളിയാഗരം, പോരൂർ ബൈപാസ്, പോരൂർ ജങ്ഷൻ, വടപളനി എന്നിവയാണ് സ്റ്റേഷനുകൾ.
ദേശീയപാതാ പദ്ധതികൾക്കും തുടക്കം
തമിഴ്നാട്ടിൽ ഏകദേശം 3,700 കോടി രൂപയുടെ ദേശീയപാതാ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും.
ദേശീയപാത 744ലെ 36 കിലോമീറ്റർ ദൈർഘ്യമുള്ള വടുകപ്പെട്ടി–തെർക്കുവെങ്ങനല്ലൂർ നാലുവരിപ്പാത ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ദേശീയപാത 744എയിലെ 30 കിലോമീറ്റർ മധുര റിങ് റോഡ് പദ്ധതിയും ഉദ്ഘാടനം ചെയ്യും.
ദേശീയപാത 83ലെ നാഗപട്ടണം–തഞ്ചാവൂർ പാതയുടെ ഭാഗമായ തിരുവാരൂർ ബൈപാസിനും തറക്കല്ലിടും. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ചരക്കുനീക്കവും യാത്രയും സുഗമമാക്കുന്നതിനും ഈ പദ്ധതികൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.
റെയിൽവേ സ്റ്റേഷനുകളുടെ നവീകരണവും തുറമുഖ വികസനവും
750 കോടി രൂപയിലധികം മൂല്യമുള്ള റെയിൽവേ അടിസ്ഥാനസൗകര്യ പദ്ധതികളും പ്രധാനമന്ത്രി നാടിന് സമർപ്പിക്കും.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ നവീകരിച്ച പളനി, വെല്ലൂർ കന്റോൺമെന്റ്, അംബാസമുദ്രം, പരമക്കുടി, നാമക്കൽ എന്നീ അഞ്ച് സ്റ്റേഷനുകളും ഉദ്ഘാടനം ചെയ്യും.
തമിഴ്നാട്ടിലെ തുറമുഖങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിനും ചരക്കുനീക്കം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികളും സന്ദർശനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈയിലെ മണലിയിലുള്ള ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ റിഫൈനറിയിൽ ഗ്രൂപ്പ് II/III ലൂബ് ഓയിൽ ബേസ് സ്റ്റോക്ക് പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിടും.
ചെന്നൈയിൽ കനത്ത സുരക്ഷ
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ചെന്നൈയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണറും മുഖ്യമന്ത്രിയും ചേർന്നാണ് സ്വീകരിച്ചത്. മെട്രോ ഉദ്ഘാടനത്തിനൊപ്പം റോഡ്, റെയിൽവേ, തുറമുഖം, പെട്രോളിയം മേഖലകളിലെ പദ്ധതികളും സന്ദർശനത്തിന്റെ പ്രധാന ഭാഗമാണ്.
English Summary: Prime Minister Narendra Modi inaugurated the 15-km Poonamallee–Vadapalani stretch of Chennai Metro Phase II, built at a cost of around ₹4,900 crore. Accompanied by Tamil Nadu Chief Minister C Joseph Vijay, he also travelled on the new line. Development projects worth over ₹13,000 crore are part of his Tamil Nadu visit.
