ബി.ജെ.പി. ദേശീയ ഭാരവാഹി പട്ടിക ഉടൻ; ശോഭാ സുരേന്ദ്രനും ജോർജ് കുര്യനും ദേശീയ നേതൃത്വത്തിലേക്ക് ?

2 Min Read

ബി.ജെ.പി.യുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക ജൂൺ പകുതിയോടെ അഖിലേന്ത്യാ പ്രസിഡന്റ് നിതിൻ നബീൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. കേരളത്തിൽ നിന്ന് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഈ പട്ടികയിൽ ഇടംപിടിച്ചേക്കും.

നിലവിൽ എ.പി. അബ്ദുള്ളക്കുട്ടി, അനിൽ ആന്റണി എന്നിവരാണ് കേരളത്തിൽ നിന്നുള്ള ദേശീയ ഭാരവാഹികൾ. ഇവർക്ക് പുറമേ ശോഭാ സുരേന്ദ്രൻ, ജോർജ് കുര്യൻ, പത്മജ വേണുഗോപാൽ എന്നിവരെയും പുതിയ പദവികളിലേക്ക് പരിഗണിക്കുന്നുണ്ട്.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് ചുമതലയൊഴിയുന്ന നേതാക്കൾക്ക് ദേശീയതലത്തിൽ പ്രധാന പദവികൾ നൽകുന്ന പതിവ് ബി.ജെ.പി.ക്ക് ഉള്ളതിനാൽ കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറിയായേക്കുമെന്നാണ് വിവരം.

ശോഭാ സുരേന്ദ്രനെ മഹിളാമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയാക്കാനും രാജ്യസഭയിലെ കാലാവധി പൂർത്തിയാക്കുന്ന ജോർജ് കുര്യനെ ന്യൂനപക്ഷമോർച്ചയുടെ ദേശീയ പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ ആക്കാനും ആലോചനകൾ നടക്കുന്നുണ്ട്.

അനിൽ ആന്റണിയോ അനൂപ് ആന്റണിയോ രാജ്യസഭയിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. ഇതിനുപുറമേ ഉടൻ നടക്കാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ വികസനത്തിൽ ജോർജ് കുര്യന് പകരം കേരളത്തിൽ നിന്ന് മറ്റൊരു മന്ത്രി ഉണ്ടായേക്കും.

നിലവിലെ രാജ്യസഭാംഗമായ സി. സദാനന്ദന്റെ പേരാണ് ഈ സ്ഥാനത്തേക്ക് പ്രധാനമായും കേൾക്കുന്നത്.ദേശീയ പുനഃസംഘടനയ്ക്കൊപ്പം കേരളത്തിലും വലിയ രീതിയിലുള്ള പാർട്ടി പുനഃസംഘടന ഉറപ്പായിക്കഴിഞ്ഞു.

മോശം പ്രകടനം കാഴ്ചവെച്ച ചില സംസ്ഥാന ഭാരവാഹികളെയും ജില്ലാ പ്രസിഡന്റുമാരെയും മാറ്റുന്നതിനായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്.

തിരുവനന്തപുരം നോർത്ത്, എറണാകുളം സിറ്റി, കോട്ടയം വെസ്റ്റ്, കോട്ടയം ഈസ്റ്റ്, പത്തനംതിട്ട, പാലക്കാട് ഈസ്റ്റ്, മലപ്പുറം ഈസ്റ്റ്, കോഴിക്കോട് റൂറൽ, തൃശ്ശൂർ നോർത്ത്, തൃശ്ശൂർ സിറ്റി, ആലപ്പുഴ നോർത്ത് എന്നീ ജില്ലകളിലെ അധ്യക്ഷന്മാരെ മാറ്റാനാണ് നിലവിൽ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ ഇതിൽ ചിലരെ ഒഴിവാക്കുന്നതിനെതിരെ വലിയ രീതിയിലുള്ള സമ്മർദങ്ങളും പാർട്ടിക്കുള്ളിൽ നിലനിൽക്കുന്നുണ്ട്.പാർട്ടിയിലെ ഇരട്ടപ്പദവി നിബന്ധന കർശനമാക്കുന്നതോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷിന് സംസ്ഥാന സെക്രട്ടറി സ്ഥാനം നഷ്ടമായേക്കും.

ശോഭാ സുരേന്ദ്രൻ ദേശീയ ഭാരവാഹിത്വത്തിലേക്ക് മാറുകയാണെങ്കിൽ ഒരു സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം കൂടി ഒഴിവുവരും. അനൂപ് ആന്റണി രാജ്യസഭാംഗമായാൽ ഒഴിവുവരുന്ന ജനറൽ സെക്രട്ടറി പദവിയിലേക്ക് ഷോൺ ജോർജ് എത്താനാണ് സാധ്യത.

പുനഃസംഘടനാ ചർച്ചകൾ സജീവമായതോടെ തങ്ങളുടെ പ്രവർത്തനമികവ് തെളിയിക്കുന്ന കണക്കുകളുമായി ജില്ലാ നേതാക്കൾ സംസ്ഥാന നേതൃത്വത്തെ സമീപിച്ചു തുടങ്ങിയിട്ടുണ്ട്.

Share This Article