സാമൂഹികമാധ്യമങ്ങളിൽ രേണു സുധിയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ തുടരുന്നതിനിടെ നടൻ അനീഷ് രവി പിന്തുണയുമായി രംഗത്തെത്തി. വ്യക്തിപരമായ ജീവിതസാഹചര്യങ്ങൾക്കിടയിലൂടെ കടന്നുപോകുന്ന ഒരാളെ അനാവശ്യമായി വിമർശിക്കുകയും ലക്ഷ്യമിടുകയും ചെയ്യുന്നത് ശരിയല്ലെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്.
ആരെയും വേദനിപ്പിക്കാത്ത ഒരാളെ എന്തിനാണ് സമൂഹമാധ്യമങ്ങളിൽ നിരന്തരം ലക്ഷ്യമിടുന്നതെന്ന് ചോദിച്ച അനീഷ് രവി, വിമർശനങ്ങൾ മാനുഷികതയുടെ അതിരുകൾ ലംഘിക്കരുതെന്നും അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിൽ രേണു സുധിയെ കുറിച്ച് സംസാരിച്ച അനീഷ് രവി, അവർ സമൂഹത്തിനോ കുടുംബത്തിനോ രാജ്യത്തിനോ യാതൊരു ദ്രോഹവും ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. അങ്ങനെയിരിക്കെ അവരെ നിരന്തരം വിമർശനങ്ങളുടെ കേന്ദ്രമാക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
സാമൂഹികമാധ്യമങ്ങളിലെ വിമർശനങ്ങൾ പലപ്പോഴും വ്യക്തികളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കാമെന്നും, അതിനാൽ പ്രതികരണങ്ങളിൽ കൂടുതൽ ഉത്തരവാദിത്തബോധം വേണമെന്ന സന്ദേശവും അദ്ദേഹത്തിന്റെ കുറിപ്പിൽ അടങ്ങിയിരുന്നു.
അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ:
‘പ്രിയപ്പെട്ട രേണു സുധി …. സ്റ്റാർ മാജിക്കിന്റെ ഷൂട്ട് നടക്കുന്നതിനിടയിലാണ് കൊല്ലം സുധിയുമായി ഞാൻ കൂടുതല്‍ അടുക്കുന്നത്….ഇടയ്ക്കെപ്പോഴൊക്കെയോ ഷൂട്ട് കഴിഞ്ഞു നില്ക്കുമ്പോ അദ്ദേഹത്തെ കൂട്ടി നാട്ടിലേയ്ക്ക് പോകാനായി വരുന്ന കുടുംബത്തെയും കാണാറൂണ്ടായിരുന്നു …
ഷൂട്ടിങ്ങിന്റെ ഇടവേളകളല് ചിലപ്പോഴൊക്കെ ജീവിതത്തിലെ പല പ്രശ്നങ്ങളെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ അദ്ദേഹം എന്നോട് പങ്കു വെയ്ക്കൂമായിരുന്നു …ഓരോ ദിവസം കഴിയും തോറും സുധി അണ്ണനുമായി ഞാൻ അടുത്തു കൊണ്ടേയിരുന്നു…
പെട്ടെന്നാണ് നമ്മള് ഓരോരുത്തരെയും സങ്കടപ്പെടുത്തിക്കൊണ്ട് ആ ദുരന്ത വാർത്ത നമ്മുടെയെല്ലാം കാതുകളിലേയ്ക്ക് വന്ന് പതിച്ചത്…മനസ്സില്‍ കൊതിച്ച 100 കണക്കിന് കഥാപാത്രങ്ങള്‍ക്ക് ജീവൻ കൊടുക്കാൻ കഴിയാതെ ആ എളിയ കലാകാരൻ നമ്മേ വിട്ടുപോയി…..എങ്കിലും സുധി എന്ന കലാകാരൻ നമുക്ക് സമ്മാനിച്ച നർമ്മ രസങ്ങള്‍ നിറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍
ഇന്നും നിറഞ്ഞു നില്‍ക്കുകയാണ് സുധിയും സുധിയുടെ കുടുംബവും…..
കൊല്ലം സുധിയുടെ പിന്നില്‍ നിന്ന് മാത്രം കണ്ടിട്ടുള്ള രേണു പിന്നീട്…. പിന്നീട് നമുക്കിടയില്‍ വളരാൻ തുടങ്ങി… വെള്ളവും വളവും ഒഴിച്ച് നമ്മള് പരിപാലിച്ചു വളർത്തിയതല്ല… പരിഹാസവും കുറ്റപ്പെടുത്തലും അധിഷേപവും കൊണ്ട് ആദ്യം ഒന്നുലഞ്ഞു …എങ്കിലും പിന്നെ ..പിന്നെ തളരാതെ വാടാതെ മണ്ണില്‍ ആഴത്തില്‍ വേരുറപ്പിച്ച് താനെ വളർന്ന ഒരു ചെടിയായി …..
മുൻപരിചയമില്ലാത്ത നമുക്കോ നമ്മുടെ കുടുംബത്തിനോ നാടിനോ ഒരു ദ്രോഹവും ചെയ്യത്ത ഒരാളെ.. നമ്മളെന്തിനാണ് ടാർഗറ്റ് ചെയ്യുന്നത്…!!? ഒരാള്‍ തന്റെ ദുഃഖങ്ങളെ മറക്കാനായി അല്ലങ്കില്‍ സ്വന്തം സന്തോഷത്തിനായി ചെയ്യുന്ന കാര്യം ഒരു രീതിയിലും നമ്മളെ ബാധിയ്ക്കുന്നില്ലെങ്കില്‍ കൂടി നമ്മള് ഓരോരുത്തരും അവരെ പഴിപറയാൻ തുടങ്ങി…
ഒരുവന്റെ മനസ്സിലെ ചിന്ത ഒരു പോസ്റ്റിന്റെ രൂപത്തില്‍ നമ്മുടെ കൈകളിലേയ്ക്ക് എത്തുമ്പോ നിസ്സാരമായി തള്ളിക്കളയാതെ നമ്മളും അത് ഷെയർ ചെയ്യാൻ തുടങ്ങി
അതും…ജീവിതത്തില്‍ എല്ലാ അർത്ഥത്തിലും സ്വാർത്ഥരായ നമ്മള് ….അവനവന്റെ കാര്യം മാത്രം നോക്കി കൂടെ പിറപ്പിനോ കൂടെ നില്ക്കുന്ന ആള്‍ക്കോ സ്വന്തം കൈയിലുള്ളത് എന്തായാലും അത് ..ഒരല്പം പോലും ഷെയർ ചെയ്യാത്ത നമ്മള്
ഇത്തരം വാർത്തകള്‍ വരുമ്പോ ഒരായിരം പേർക്ക് ഷെയർ ചെയ്ത് വിശാല മനസ്കരാവുന്നു…അങ്ങനെയെങ്കിലും മനസിന്റെ വിശാലത തുറന്നു കാട്ടാൻ നമുക്ക് കഴിഞ്ഞല്ലോ ഭാഗ്യം….।
വിധി ചിലപ്പോ വളരെ ക്രൂരനായി നമ്മളോട് പെരുമാറും അത്തരം ഒരു സാഹചര്യത്തിലൂടെ രേണു വീണ്ടും മറ്റൊരു വെല്ലുവിളി നേരിടുന്നു…..ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിയ്ക്കരുത്. ഇനി മറിച്ചാണ് തീരുമാനമെങ്കില്‍
നിങ്ങള്‍ തോറ്റുപോവുകയേ ഉള്ളൂ…കാരണം നട്ടുവളർത്തിയ മരങ്ങളെ പോലെ അല്ല ഈ മരം..!! ഇന്നലെ പെയ്ത ഒരു മഴയിലോ കാറ്റിലോ ആടി ഉലയില്ല അത്….
പ്രിയപ്പെട്ട രേണു സമാധാനമായിരിയ്ക്കൂ..നിങ്ങളെ സ്നേഹിക്കുന്നവരും ഇഷ്ടപെടുന്നവരും നിങ്ങള്‍ക്കായി പ്രാർത്ഥിയ്ക്കുന്നവരും ഉണ്ട് ഈ നാട്ടില്‍….ചികിത്സയുടെ ഭാഗമായുള്ള വേദനകളെയും ..
തരണം ചെയ്യാൻ നിനക്ക് കഴിയട്ടെ …!!!
പൂർണ്ണ ആരോഗ്യവതിയായി വേഗം തിരിച്ചു വരൂ….
നിറഞ്ഞ സ്നേഹത്തോടെ പ്രാർത്ഥനകളോടെ ഞങ്ങള്‍ കാത്തിരിയ്ക്കുന്നു’
