കൊല്ലം: മദ്രസ വിദ്യാർഥികളുടെ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒൻപതുകാരൻ കാറിടിച്ച് മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹിൽ ഭവനിൽ നവാസ്–അനീഷ ദമ്പതികളുടെ മകൻ ആഹിൽ മുഹമ്മദ് ആണ് മരിച്ചത്.
ശൂരനാട് തെക്ക് തെങ്ങുംവിള ജുമാ മസ്ജിദിന് സമീപം ബുധനാഴ്ച രാത്രി 11.30നായിരുന്നു അപകടം. ബസിൽ മറന്നുവെച്ച ചെരിപ്പെടുക്കാൻ മടങ്ങിയെത്തിയ കുട്ടി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് കാർ ഇടിച്ചത്.
ചെരിപ്പെടുക്കാൻ മടങ്ങിയപ്പോൾ അപകടം
മദ്രസ വിദ്യാർഥികളുടെ വിനോദയാത്ര കഴിഞ്ഞെത്തിയ കുട്ടികൾ ബസിൽനിന്നിറങ്ങി റോഡിന്റെ മറുവശത്തേക്ക് പോയിരുന്നു.
എന്നാൽ ബസിൽ ചെരിപ്പ് മറന്നുവെച്ച ആഹിൽ അത് എടുക്കാനായി തിരികെ വന്നു. ചെരിപ്പെടുത്തശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ കാർ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ചികിത്സയ്ക്കിടെ മരണം
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ആഹിലിനെ ഉടൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച വൈകിട്ട് നാലോടെ കുട്ടി മരിച്ചു.
ആഹിൽ നാലാം ക്ലാസ് വിദ്യാർഥി
ശൂരനാട് വടക്ക് പി.എസ്.പി.ടി.എം. എൽ.പി.സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ് ആഹിൽ മുഹമ്മദ്. വെള്ളിയാഴ്ച തെങ്ങുംവിള ജുമാ മസ്ജിദ് കബർസ്ഥാനിലാണ് സംസ്കാരം നടക്കുക. അസ്ന, അമൽ എന്നിവരാണ് സഹോദരങ്ങൾ.
English Summary : Nine-year-old Ahil Muhammed, son of Navas and Aneesha of Iravichira East, Sooranad South, died after a car hit him near Thengumvila Juma Masjid in Kollam at 11.30 pm on Wednesday. He was returning to retrieve his slippers left on the bus after a madrasa students’ excursion when the accident occurred. He suffered serious head injuries and died while undergoing treatment at a private hospital in Kottiyam on Thursday at around 4 pm.
