കൊച്ചി: വേണാട് എക്സ്പ്രസിന്റെ വൈകിയോട്ടം കാരണം ഓഫീസിലെത്താൻ വൈകുകയും പകുതി ദിവസത്തെ ശമ്പളം നഷ്ടപ്പെടുകയും ചെയ്ത യാത്രക്കാർ ഒടുവിൽ ഒരുമിച്ചെത്തി തങ്ങളുടെ പ്രിയപ്പെട്ട സാരഥിക്ക് യാത്രയയപ്പ് നൽകി. സർവീസിൽ നിന്ന് വിരമിക്കുന്ന ലോക്കോ പൈലറ്റ് ബി. മനോജിനാണ് യാത്രക്കാർ സ്നേഹാദരം ഒരുക്കിയത്. കോട്ടയം, ഏറ്റുമാനൂർ, എറണാകുളം നോർത്ത് സ്റ്റേഷനുകളിൽ പൊന്നാടയും പൂച്ചെണ്ടുകളും മധുരവും നൽകിയാണ് യാത്രക്കാർ നന്ദി അറിയിച്ചത്.
വേണാട് എക്സ്പ്രസ് ലോക്കോ പൈലറ്റിന് വേറിട്ട യാത്രയയപ്പ്
വൈകിയോട്ടത്തിന്റെ പേരിൽ നിരന്തരം പഴികേട്ടിരുന്ന വേണാട് എക്സ്പ്രസിനെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്തിക്കാൻ പരിശ്രമിച്ച മനോജിനായിരുന്നു യാത്രക്കാരുടെ ആദരം. റെയിൽവേയിൽ നിന്ന് വിരമിക്കുന്ന ഒരു ലോക്കോ പൈലറ്റിന് യാത്രക്കാർ ഇത്തരമൊരു യാത്രയയപ്പ് നൽകുന്നത് അപൂർവമായ കാഴ്ചയായി.
കോട്ടയം, ഏറ്റുമാനൂർ, എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനുകളിലായിരുന്നു സ്വീകരണച്ചടങ്ങുകൾ. ഗുഡ്സ് ട്രെയിൻ കടന്നുപോകുന്നതിനും പിന്നാലെ മെമു എത്തുന്നതിനും ഇടയിലുള്ള സമയത്താണ് യാത്രക്കാർ ആദരമൊരുക്കിയത്.
പ്രത്യേകത മറ്റൊന്നുകൂടിയുണ്ടായിരുന്നു. സർവീസിലെ അവസാന യാത്രയിലും മനോജ് വേണാട് എക്സ്പ്രസിനെ കൃത്യസമയത്ത് എത്തിച്ചു.
ഒരു കൃത്യസമയ യാത്രയിൽ തുടങ്ങിയ സൗഹൃദം
വേണാട് ഒരുദിവസം കൃത്യസമയത്ത് സ്റ്റേഷനിലെത്തിയപ്പോഴാണ് യാത്രക്കാരുടെ കൂട്ടായ്മയിലെ അംഗങ്ങൾ ട്രെയിനിന്റെ സാരഥിയെ അന്വേഷിച്ചെത്തിയത്. അങ്ങനെയാണ് ലോക്കോ പൈലറ്റും യാത്രക്കാരും തമ്മിൽ സൗഹൃദം രൂപപ്പെട്ടത്.
പിന്നീട് മനോജിന്റെ പ്രവർത്തനങ്ങളെ യാത്രക്കാർ അടുത്തറിഞ്ഞു. വൈകിയോട്ടം കാരണം മാനസികസംഘർഷം അനുഭവിച്ചിരുന്ന സ്ഥിരം യാത്രക്കാർക്ക് അദ്ദേഹത്തിന്റെ സമയനിഷ്ഠ വലിയ ആശ്വാസമായെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് കുമാർ പറഞ്ഞു.
രണ്ടാം റാങ്കോടെ പഠനം; 1993ൽ റെയിൽവേയിൽ പ്രവേശനം
ആലപ്പുഴയിലെ എഴുപുന്ന സ്വദേശിയാണ് ബി. മനോജ്. തിരുവാങ്കുളത്താണ് താമസം. ആലപ്പുഴ കാർമൽ പോളിടെക്നിക് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ രണ്ടാം റാങ്കോടെ പഠനം പൂർത്തിയാക്കിയ അദ്ദേഹം 1993ലാണ് സതേൺ റെയിൽവേയുടെ മദ്രാസ് ഡിവിഷനിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റായി ജോലിയിൽ പ്രവേശിച്ചത്.
2019ലാണ് വേണാട് എക്സ്പ്രസിന്റെ ലോക്കോ പൈലറ്റായി ചുമതലയേറ്റത്. സേവനത്തിനിടെ സതേൺ റെയിൽവേയുടെ പാരിതോഷികവും മനോജ് നേടിയിട്ടുണ്ട്.
കുടുംബത്തിനും അഭിമാനനിമിഷം
എറണാകുളം നോർത്ത് സ്റ്റേഷനിൽ നടന്ന യാത്രയയപ്പിൽ മനോജിന്റെ കുടുംബവും പങ്കെടുത്തു. യാത്രക്കാർ നൽകിയ സ്വീകരണം കണ്ട് അമ്മ കമലമ്മയ്ക്ക് ഏറെ അഭിമാനമായി. ഭാര്യ രേഖയും മകൾ ആര്യശ്രീയും അത്ഭുതത്തോടെയാണ് ഈ സ്നേഹാദരവ് നോക്കിനിന്നത്.
യാത്രക്കാർ ഇത്തരമൊരു ചടങ്ങ് ഒരുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സർവീസിലെ മറക്കാനാകാത്ത നിമിഷമാണിതെന്നും ബി. മനോജ് പ്രതികരിച്ചു. നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം റെയിൽവേ ജീവിതത്തോട് വിടപറഞ്ഞത്.
English Summary:
Passengers of the Thiruvananthapuram–Shoranur Venad Express gave a heartfelt farewell to retiring loco pilot B. Manoj. He was honoured at Kottayam, Ettumanoor and Ernakulam North railway stations with shawls, bouquets and sweets. Manoj joined Southern Railway in 1993 as an assistant loco pilot after securing second rank in Electrical Engineering. He took charge of the Venad Express in 2019 and earned the appreciation of regular passengers for his punctual service. His final journey was also completed on time. His family joined the farewell celebrations at Ernakulam North.
