facebook

പാലക്കാട് സ്കൂൾ വെടിവെപ്പ്: സഹപാഠിയുടെ മാതാവിനെതിരെ കേസ്; തോക്കിന് ലൈസൻസില്ലെന്ന് പോലീസ്

2 Min Read

പാലക്കാട്: പരുതൂർ സ്കൂളിലെ ക്ലാസ് മുറിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് വെടിയേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. സഹപാഠിയുടെ മാതാവിനെതിരെയാണ് ആയുധം കൈവശം വെച്ചതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തത്. സ്കൂൾ പ്രധാനാധ്യാപകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഉപയോഗിച്ച തോക്ക് ലൈസൻസില്ലാത്ത നാടൻ റിവോൾവറാണെന്ന് പോലീസ് വ്യക്തമാക്കി.

പാലക്കാട് സ്കൂൾ വെടിവെപ്പ്: നാടൻ റിവോൾവറുമായി വിദ്യാർഥി സ്കൂളിലെത്തി

വിദ്യാർഥിയുടെ മുത്തച്ഛൻ കാലങ്ങളായി ഉപയോഗിച്ചുവരുന്ന നാടൻ തോക്കാണ് സ്കൂളിലെത്തിച്ചതെന്നാണ് കുട്ടി പോലീസിന് നൽകിയ മൊഴി. സഹപാഠിയെ കാണിക്കാനായാണ് തോക്ക് കൊണ്ടുവന്നതെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്.

തദ്ദേശീയമായി നിർമിച്ച തോക്കിന് ലൈസൻസില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആയുധം കൈവശം വെച്ച സംഭവത്തിലാണ് സഹപാഠിയുടെ മാതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ക്ലാസ് മുറിയിൽ മൂന്ന് തവണ വെടിയൊച്ച

ഇന്നലെ രാവിലെ 11 മണിയോടെ രണ്ടാം പിരീഡിനിടെയാണ് ക്ലാസ് മുറിയിൽ വെടിയൊച്ച മുഴങ്ങിയത്. സഹപാഠികളെ കാണിക്കുന്നതിനിടെ കുട്ടിയുടെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നുവെന്നാണ് അധ്യാപകർ പറയുന്നത്. സംഭവത്തിന് മുമ്പ് വിദ്യാർഥികൾക്കിടയിൽ തർക്കമോ വഴക്കോ ഉണ്ടായിരുന്നില്ലെന്നും അധ്യാപകർ വ്യക്തമാക്കി.

തോക്കിൽനിന്ന് തുടർച്ചയായി മൂന്ന് തവണ വെടിയുതിർന്നതായാണ് വിവരം. ആദ്യ വെടിയുണ്ട ക്ലാസ് മുറിയിലെ നിലത്താണ് പതിച്ചത്. രണ്ടാമത്തേത് മറ്റൊരു വിദ്യാർഥിയുടെ ശരീരത്തിന് തൊട്ടരികിലൂടെ കടന്നുപോയി. മൂന്നാമത്തെ വെടിയുണ്ടയാണ് വിദ്യാർഥിയുടെ ശരീരത്തിൽ തുളഞ്ഞുകയറിയത്.

അധ്യാപകർ ഉടൻ ആശുപത്രിയിലെത്തിച്ചു

വെടിയൊച്ച കേട്ടയുടൻ അധ്യാപകർ ക്ലാസ് മുറിയിലെത്തി കുട്ടിയുടെ കൈവശത്തുനിന്ന് തോക്ക് പിടിച്ചെടുത്തു. പരിക്കേറ്റ വിദ്യാർഥിക്ക് വലിയ തോതിൽ രക്തം നഷ്ടപ്പെട്ടതായി അധ്യാപകർ പറഞ്ഞു. തുടർന്ന് അധ്യാപകർ തന്നെയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

തോളിൽ തുളഞ്ഞുകയറിയ വെടിയുണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വിദ്യാർഥി ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു.

English Summary: Police have registered a case against the mother of a classmate after a ninth-grade student was injured in an accidental shooting at Paruthur School in Palakkad. Police said the locally made revolver used in the incident had no licence. The injured student underwent surgery to remove the bullet and remains under treatment.

Share This Article