ദുർഭൂതങ്ങളെ ഒഴിപ്പിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് 73-കാരിയായ വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയുടെ ശിക്ഷ കേരള ഹൈക്കോടതി ശരിവെച്ചു. തൃശൂർ സ്പെഷ്യൽ കോടതി വിധിച്ച 10 വർഷത്തെ കഠിനതടവാണ് ജസ്റ്റിസ് എ. ബദറുദീൻ അധ്യക്ഷനായ ബെഞ്ച് സ്ഥിരീകരിച്ചത്.
2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.വിദേശത്തായിരുന്ന മകന്റെ നിർദ്ദേശപ്രകാരമാണ് വയോധിക ആത്മീയ ഉപദേഷ്ടാവാണെന്ന് അവകാശപ്പെട്ട പ്രതിയെ ബന്ധപ്പെട്ടത്.
തുടർന്ന് വീട്ടിലെത്തിയ പ്രതി, വയോധികയുടെ ശരീരത്തിൽ ദുർഭൂതങ്ങളും ബിംബങ്ങളും ഉണ്ടെന്നും അവ ഒഴിവാക്കിത്തരാമെന്നും വിശ്വസിപ്പിച്ചു. ചികിത്സയുടെ ഭാഗമെന്ന് പറഞ്ഞ് പ്രതി വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പ്രതിയുടെ വാദങ്ങൾ തള്ളി കോടതി
സംഭവ തീയതിയിലെ വൈരുദ്ധ്യങ്ങൾ, പരാതി നൽകാൻ വൈകിയത്, ശരീരത്തിൽ പരിക്കുകൾ ഇല്ലാതിരുന്നത് എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. എന്നാൽ പ്രതിയുടെ വാദങ്ങളെല്ലാം കോടതി ശക്തമായി തള്ളിക്കളഞ്ഞു.
അതിജീവിതയുടെ മൊഴിയും കുറ്റകൃത്യം നടന്ന ദിവസത്തെ ഫോൺ കോൾ രേഖകളും കോടതി പ്രധാന തെളിവുകളായി സ്വീകരിച്ചു.ഡോക്ടറുടെ പരിശോധന വൈകിയതിനാൽ പരിക്കുകൾ ഉണങ്ങിയിട്ടുണ്ടാകാമെന്ന് കോടതി വ്യക്തമാക്കി.
കൂടാതെ, 2022 ഒക്ടോബർ എട്ടിന് പ്രതിയും വയോധികയും തമ്മിൽ മൂന്ന് ഫോൺ കോളുകൾ നടന്നതായി കോൾ ഡീറ്റെയിൽ റെക്കോർഡുകൾ (CDR) വ്യക്തമാക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ശിക്ഷയിൽ ഇടപെടേണ്ട സാഹചര്യമില്ല
കുടുംബാംഗങ്ങളുടെ മൊഴികളിലെ ചെറിയ വൈരുദ്ധ്യങ്ങൾ ഇരയുടെ മൊഴിയുടെ വിശ്വാസ്യത തകർക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിന്റെ പേരിൽ മാത്രം ഇരയുടെ മൊഴി പൂർണ്ണമായി തള്ളിക്കളയാനാകില്ല.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ കീഴ്ക്കോടതി വിധിച്ച ശിക്ഷയിൽ ഇടപെടേണ്ട യാതൊരു ന്യായവുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബലാത്സംഗത്തിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലൈംഗിക അതിക്രമത്തിന് മൂന്ന് വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് പ്രതിക്ക് ലഭിച്ചിട്ടുള്ളത്.
English Summary : The Kerala High Court has upheld the 10-year rigorous imprisonment sentence of a 61-year-old man convicted of sexually abusing a 73-year-old woman under the guise of exorcising evil spirits. Justice A. Badarudeen dismissed the appellant’s challenge, ruling that minor discrepancies and delays in reporting do not undermine the credibility of the survivor’s testimony and the crucial call records.
