കൊച്ചി: രാസലഹരിയുണ്ടെന്ന സംശയത്തിൽ പിന്തുടർന്ന ഡാൻസാഫ് സംഘത്തെ കാറിടിച്ച് വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് എംഡിഎംഎയുമായി പിടിയിൽ. മൂത്തകുന്നം തുരുത്തിപ്പുറം പുലിക്കൽ വീട്ടിൽ പി. പ്രീതിഷ് (38) ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ എളമക്കരയിലാണ് സംഭവം. പ്രതി സഞ്ചരിച്ചിരുന്ന കാറിൽനിന്ന് 33 ഗ്രാം എംഡിഎംഎ പിടികൂടി.
ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തി
ലഹരിമരുന്ന് ഇടപാടുണ്ടെന്ന സംശയത്തിൽ ഏതാനും ദിവസങ്ങളായി പ്രീതിഷ് ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇയാൾ ഉണ്ടെന്ന വിവരം ലഭിച്ചതോടെ സംഘം രണ്ട് ബൈക്കുകളിലായി പിന്തുടർന്നു.
ഡാൻസാഫ് സംഘത്തെ കണ്ടതോടെ പ്രീതിഷ് കാറിന്റെ വേഗം കൂട്ടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇയാളുടെ കാർ എളമക്കര പൊലീസ് സ്റ്റേഷൻ പരിസരത്തേക്ക് എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ വാഹനം റോഡിന് കുറുകെയിട്ട് തടയാൻ ശ്രമിച്ചു.
ഇതോടെ പ്രതി കാർ അമിതവേഗത്തിൽ പിന്നോട്ടെടുത്ത് ബൈക്കിലെത്തിയ ഉദ്യോഗസ്ഥരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. താഴെവീണ ഉദ്യോഗസ്ഥരുടെ ബൈക്കിന് മുകളിലൂടെ പ്രതി കാർ ഓടിച്ചുകയറ്റിയതായും പൊലീസ് പറഞ്ഞു. ഉദ്യോഗസ്ഥർ സമയോചിതമായി ചാടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
രണ്ട് പൊലീസുകാർക്ക് പരുക്ക്
സംഭവത്തിൽ സിപിഒമാരായ മധുസൂദനൻ, വിജയരാജ് എന്നിവർക്ക് പരുക്കേറ്റു. ഇരുവരുടെയും കൈകൾക്ക് ചതവുൾപ്പെടെയുള്ള പരുക്കുകളുണ്ട്.
തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ കാറിന്റെ ചില്ല് തകർത്താണ് പ്രതിയെ പുറത്തെടുത്ത് കസ്റ്റഡിയിലെടുത്തത്. വാഹനത്തിൽ നടത്തിയ പരിശോധനയിൽ മുൻഭാഗത്തെ ഡാഷ്ബോർഡിൽനിന്ന് പായ്ക്കറ്റിൽ പൊതിഞ്ഞ നിലയിൽ 33 ഗ്രാമോളം എംഡിഎംഎ കണ്ടെത്തി.
റെന്റ് എ കാറിൽ ലഹരിമരുന്ന്
പ്രതി ഉപയോഗിച്ചിരുന്നത് വാടകയ്ക്കെടുത്ത കാറാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ ഈ കാറുമായി കറങ്ങിനടക്കുകയായിരുന്നു.
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട സംശയത്തെ തുടർന്നാണ് ഡാൻസാഫ് സംഘം ഇയാളെ നിരീക്ഷിച്ചിരുന്നത്.പിടികൂടിയ എംഡിഎംഎ എവിടെനിന്നാണ് കൊണ്ടുവന്നതെന്നും ലഹരിമരുന്ന് ഇടപാടിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തശേഷമേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചു.
English Summary: A 38-year-old man, identified as P. Preethish, was arrested in Elamakkara, Kochi, after allegedly ramming his car into a DANSAF team pursuing him. Police recovered around 33 grams of MDMA from the dashboard of his rental car. Two police officers sustained injuries in the incident. Further investigation is underway to determine the source of the drugs.
