facebook

സ്വകാര്യ ബസിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി; കോട്ടയത്ത് രണ്ട് യുവതികൾ മരിച്ചു

2 Min Read
അപകടത്തിൽ മരിച്ച ആഷ്‌ലി ആൻ തോമസ്, കൃപ മെറിൻ കുര്യൻ

കോട്ടയം : കോത്തല പതിമൂന്നാം മൈൽ ജംക്‌ഷനു സമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾ മരിച്ചു. പാമ്പാടി ഫാ. കുര്യാക്കോസ് കടവുംഭാഗത്തിന്റെ ഇളയ മകൾ കൃപ മെറീൻ കുര്യൻ (25), മീനടം വട്ടക്കാവുങ്കൽ വീട്ടിൽ തോമസിന്റെ മകൾ ആഷ്‌ലി ആൻ തോമസ് (22) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ഒൻപതോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ എതിരെ വന്ന ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ ബസിനടിയിലേക്ക്

ആഷ്‌ലിയുടെ സ്കൂട്ടറിൽ പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും. കട്ടപ്പനയിൽനിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് സ്കൂട്ടർ ഇടിച്ചത്.

ഇരുവരും റോഡിലേക്ക് തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു.റോഡരികിൽ നിന്നിരുന്ന വഴിയാത്രക്കാരനെ ഇടിക്കാതിരിക്കാൻ മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

പിന്നാലെ എത്തിയ മറ്റൊരു കാറും ബ്രേക്ക് ചെയ്തു. ഇതിനിടെ ഏറ്റവും പിന്നിലായി എത്തിയ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഓസ്‌ട്രേലിയയിൽ പഠനം പൂർത്തിയാക്കി മടങ്ങിയ കൃപ

ഓസ്‌ട്രേലിയയിൽ എംഎസ്‌ഡബ്ല്യു പഠനം പൂർത്തിയാക്കി നാട്ടിലെത്തിയതായിരുന്നു കൃപ മെറീൻ കുര്യൻ. മാർച്ചിൽ കോൺവൊക്കേഷൻ നടക്കാനിരിക്കുകയായിരുന്നു.

ആഷ്‌ലി ആൻ തോമസ് ബെംഗളൂരുവിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയിരുന്നു. സ്കൂൾകാലം മുതൽ സഹപാഠികളായിരുന്ന ഇരുവരും നാട്ടിലെത്തുമ്പോൾ ഒരുമിച്ചാണ് യാത്ര ചെയ്തിരുന്നത്.

മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ

അപകടത്തിൽ മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. അവിടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംസ്കാരം പിന്നീട് നടത്തും.

English Summary : Two young women, Kripa Merin Kurian, 25, and Ashley Ann Thomas, 22, died in a scooter-bus collision near the 13th Mile Junction at Kothala in Kottayam on the morning of the incident. The scooter reportedly lost control after a car ahead braked to avoid hitting a pedestrian and went under an oncoming private bus. Kripa had completed her MSW studies in Australia, while Ashley had completed her postgraduate studies in Bengaluru. The two were former schoolmates.

Share This Article