കൊച്ചി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന് അവകാശപ്പെടുന്ന തൃശൂർ കാട്ടൂർ സ്വദേശി കെ.എം. സുനിത, അവരുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരത്തിനൊരുങ്ങുന്നു.
ജയലളിതയുടേത് കൊലപാതകമാണെന്നും ഇതിനു പിന്നിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് സമരം. ജയലളിതയുടെ സ്മൃതിമണ്ഡപത്തിൽ നിരാഹാരമിരിക്കാനാണ് തീരുമാനമെന്ന് എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സുനിത പറഞ്ഞു.
ജയലളിതയുടെ മകളാണെന്ന് അറിയാവുന്നവർ സത്യം തുറന്നുപറയണമെന്നും തന്നെ മകളായി അംഗീകരിക്കണമെന്നും സുനിത ആവശ്യപ്പെട്ടു. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവർക്ക് ഇക്കാര്യത്തിൽ അപേക്ഷ നൽകിയെങ്കിലും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.
ടിവികെ സർക്കാരിൽനിന്ന് നീതി പ്രതീക്ഷിക്കുന്നതായി സുനിത
തമിഴ്നാട്ടിൽ ജനിച്ച് കേരളത്തിൽ വളർന്ന തനിക്ക് രണ്ട് കുട്ടികളുണ്ടെന്ന് സുനിത പറഞ്ഞു. പുതിയ ടിവികെ സർക്കാരിൽനിന്നും മുഖ്യമന്ത്രിയിൽനിന്നും നീതിയും സുരക്ഷയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തമിഴ്നാട്ടിലേക്ക് പോകുന്നത്.
തന്റെയും മക്കളുടെയും ജീവന് ഭീഷണിയുണ്ടെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ സ്വന്തം ജീവൻ പോലും നഷ്ടപ്പെട്ടേക്കാമെന്നും അവർ അവകാശപ്പെട്ടു. എംജിആറിന്റെയും ജയലളിതയുടെയും മകളാണെന്നതിന് തെളിവുകളും രേഖകളും കൈവശമുണ്ടെന്നും ഡിഎൻഎ പരിശോധന നടത്തിയിട്ടുണ്ടെന്നും സുനിത പറഞ്ഞു.
തന്നെ മകളായി അംഗീകരിക്കണമെന്നും ജയലളിതയുടെ മരണത്തിലെ ദുരൂഹതകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അപേക്ഷകൾ നൽകിയിരുന്നു.സുപ്രീം കോടതിയിൽ ഹർജി നൽകാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും അദ്ദേഹം പുതിയ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനാൽ തുടർനടപടികൾ മുന്നോട്ടുപോയിട്ടില്ലെന്നും സുനിത പറഞ്ഞു.
രണ്ടുമാസം പ്രായമുള്ളപ്പോൾ തൃശൂരിലേക്ക് കൊണ്ടുവന്നെന്ന് അവകാശവാദം
എംജിആറിന്റെയും ജയലളിതയുടെയും മകളായ തന്നെ ജനിച്ച് രണ്ടുമാസം കഴിഞ്ഞപ്പോൾ സഹായിയായി നിന്നിരുന്ന തൃശൂർ സ്വദേശിയായ മാധവനെ ഏൽപ്പിച്ചെന്നാണ് സുനിതയുടെ അവകാശവാദം. പിന്നീട് മാധവന്റെ മകളായാണ് വളർന്നതെന്നും അദ്ദേഹത്തിന്റെ ഭാര്യയിൽനിന്ന് നിരവധി പീഡനങ്ങൾ നേരിട്ടെന്നും അവർ പറഞ്ഞു.
തനിക്ക് 17 വയസ്സുള്ളപ്പോൾ ജയലളിത തന്നെ കണ്ടെത്തി ആളയച്ച് ചെന്നൈയിലേക്ക് വിളിപ്പിച്ചെന്നും സുനിത അവകാശപ്പെട്ടു. അന്ന് കൂടെയുണ്ടായിരുന്നവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ഡിഎൻഎ പരിശോധനയിലൂടെ മകളാണെന്ന് ഉറപ്പാക്കിയ ശേഷമാണ് ചെന്നൈയിലേക്ക് വിളിപ്പിച്ചതെന്നും അവർ പറഞ്ഞു. പിന്നീട് പലതവണ ഇത്തരത്തിൽ വിളിപ്പിച്ചിട്ടുണ്ടെന്നും സുനിത അവകാശപ്പെട്ടു.
ജയലളിതയുടെ മരണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ആരോപണം
ശശികല ഉൾപ്പെടെയുള്ളവർ ചേർന്നാണ് ജയലളിതയെ കൊലപ്പെടുത്തിയതെന്നാണ് സുനിതയുടെ ആരോപണം. ഈ സംഭവത്തിന് താൻ സാക്ഷിയാണെന്നും അവർ അവകാശപ്പെട്ടു.
2016 സെപ്റ്റംബർ 22-ന് ജയലളിത തന്നെ പോയസ് ഗാർഡനിലെ വീട്ടിലേക്ക് വിളിപ്പിച്ചെന്നാണ് സുനിത പറയുന്നത്. അവിടെയെത്തിയപ്പോൾ ജയലളിത അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്.
ടി.ടി.വി. ദിനകരൻ, ഇളവരസി, വി.കെ. സുധാകരൻ, ശശികല എന്നിവരടക്കമുള്ളവർ അപ്പോൾ അവിടെ ഉണ്ടായിരുന്നെന്നും സുനിത പറഞ്ഞു.ശശികല ജയലളിതയെ ചവിട്ടുന്നത് കണ്ടതായും നിലവിളിക്കാൻ തുടങ്ങിയപ്പോൾ അവിടെയുണ്ടായിരുന്ന സഹായി പിന്നിലൂടെ വന്ന് വായ പൊത്തിയെന്നും തുടർന്ന് താൻ അവിടെനിന്ന് ഓടിപ്പോയെന്നും സുനിത ആരോപിച്ചു.
അന്നുതന്നെ വൈകിട്ട് വാർത്താസമ്മേളനം നടത്തി ജയലളിതയുടെ മകളാണെന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് മരണം സംഭവിച്ചതെന്നും അവർ അവകാശപ്പെട്ടു.
ആക്രമണശ്രമമുണ്ടായെന്നും പരാതി നൽകിയെന്നും സുനിത
തന്നെ പലതവണ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഒരിക്കൽ തൃശൂരിൽ നടന്ന ആക്രമണശ്രമത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയെന്നും സുനിത പറഞ്ഞു. എന്നാൽ ആക്രമിക്കാൻ ശ്രമിച്ചയാളുടെ ഭാര്യ കരഞ്ഞപേക്ഷിച്ചതിനെത്തുടർന്ന് കേസുമായി മുന്നോട്ടുപോകാൻ ശ്രമിച്ചില്ലെന്നും അവർ വ്യക്തമാക്കി.
ടിവികെ പാർട്ടിയുടെ കേരളത്തിലെ സംഘടനാ ചുമതലയുള്ള വ്യക്തിക്ക് താനും ജയലളിതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാമെന്നും കഴിഞ്ഞ പത്തുവർഷമായി അദ്ദേഹത്തെ കാണാൻ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ലെന്നും സുനിത പറഞ്ഞു.
തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള സത്യം അറിയാവുന്ന അദ്ദേഹം അത് തുറന്നുപറയണമെന്നും അവർ ആവശ്യപ്പെട്ടു.എറണാകുളം സ്വദേശിയായ പൊതുപ്രവർത്തകൻ ടി.എം. ശ്രീജിത്തിനൊപ്പമാണ് കെ.എം. സുനിത വാർത്താസമ്മേളനം നടത്തിയത്.
English Summary: K.M. Sunitha, a native of Thrissur district who claims to be the daughter of former Tamil Nadu Chief Minister J. Jayalalithaa, has demanded an investigation into Jayalalithaa’s death. Speaking at a press conference in Ernakulam, she alleged that Jayalalithaa was murdered and announced plans for a hunger strike at her memorial. Sunitha also claimed to possess documentary evidence and DNA test results supporting her claim, though these assertions have not been independently verified.
