ജറുസലേം : ഭാവിയിൽ അമേരിക്കയിൽ ഇസ്രയേലിനോട് ശത്രുതാപരമായ നിലപാടുള്ള നേതാവ് അധികാരത്തിലെത്തിയേക്കാമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു .
ഈ സാഹചര്യത്തിൽ ഇന്ത്യയുമായും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമായും ബന്ധം ശക്തമാക്കി രാജ്യാന്തര സഖ്യങ്ങൾ വിപുലീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ റൊണാൾഡ് ട്രമ്പിന്റെ ശേഷിക്കുന്ന ഭരണകാലം പരമാവധി പ്രയോജനപ്പെടുത്തണമെന്നും നെതന്യാഹു നിർദേശിച്ചു.
അമേരിക്കയിൽ അധികാരമാറ്റത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
അമേരിക്കയിൽ ഡെമോക്രാറ്റുകൾക്കിടയിൽ നെതന്യാഹുവിനോടുള്ള എതിർപ്പ് വർധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഭാവിയിൽ അമേരിക്കൻ നേതൃത്വത്തിലുണ്ടാകാവുന്ന മാറ്റങ്ങൾ ഇസ്രയേലിന്റെ സുരക്ഷയെയും രാജ്യാന്തര ബന്ധങ്ങളെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.
“രണ്ട് വർഷത്തിനുള്ളിൽ ഇസ്രയേലിനോട് ശത്രുതയുള്ള ഒരു പുരുഷനോ സ്ത്രീയോ അധികാരത്തിൽ വന്നേക്കാം. അങ്ങനെയെങ്കിൽ അതിനെ എങ്ങനെ കൈകാര്യം ചെയ്യും? അമേരിക്കയുമായി എങ്ങനെ പ്രവർത്തിക്കും? എന്തെല്ലാം പരിഹാരങ്ങൾ ആവശ്യമായി വരും?” നെതന്യാഹു ചോദിച്ചു.
ഇന്ത്യയുമായും ലാറ്റിൻ അമേരിക്കയുമായും കൂടുതൽ സഖ്യങ്ങൾ
ഇസ്രയേലിന്റെ രാജ്യാന്തര പങ്കാളിത്തം വൈവിധ്യവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയും നെതന്യാഹു ചൂണ്ടിക്കാട്ടി. അമേരിക്കയുമായുള്ള ബന്ധം നിലനിർത്തുന്നതിനൊപ്പം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി കൂടുതൽ ശക്തമായ സഖ്യങ്ങൾ രൂപീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
“ഇന്ത്യ ഒരു ചെറിയ രാജ്യമല്ല. മറ്റു പല രാജ്യങ്ങളുമുണ്ട്. കൂടുതൽ സഖ്യങ്ങൾ സൃഷ്ടിക്കുകയാണ് ഇപ്പോൾ വേണ്ടത്. അതിനാണ് ഞാൻ ഇപ്പോൾ ശ്രമിക്കുന്നത്,” നെതന്യാഹു പറഞ്ഞു.
ട്രംപിന്റെ ഭരണകാലം പ്രയോജനപ്പെടുത്തണം
അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കൊപ്പം മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങളും വികസിപ്പിക്കണമെന്നാണ് നെതന്യാഹുവിന്റെ ആഹ്വാനം. ട്രംപിന്റെ ശേഷിക്കുന്ന ഭരണകാലം ഇതിനായി പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന നെതന്യാഹു നേരത്തെയും ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേലിൽ പൊതുതിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് രാജ്യത്തിന്റെ ഭാവി രാജ്യാന്തര ബന്ധങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവന പുറത്തുവന്നത്.
English Summary : Israeli Prime Minister Benjamin Netanyahu has warned that a future US leader could adopt a hostile stance towards Israel. He called for stronger ties with India and Latin American countries to diversify Israel’s international partnerships. Netanyahu also urged Israel to make the most of Donald Trump’s remaining time in office to strengthen ties with Washington.
