facebook

ഫ്രാൻസിൽ വിലക്കയറ്റത്തിനെതിരെ തെരുവുയുദ്ധം; യൂറോപ്പിലേക്കും പ്രതിഷേധം

3 Min Read

പാരിസ്: വർധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കെതിരെ ഫ്രാൻസിൽ ആരംഭിച്ച സർക്കാർ വിരുദ്ധ യുവജനപ്രക്ഷോഭം അക്രമാസക്തമായി. പാരിസ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കടകൾ കൊള്ളയടിക്കുകയും വാഹനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും തീയിടുകയും ചെയ്തു.

ഇറ്റലി, ബൽജിയം, പോർച്ചുഗൽ, അൽബേനിയ എന്നീ രാജ്യങ്ങളിലും ശനിയാഴ്ച സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ അരങ്ങേറി. ഫ്രാൻസിൽ പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക കണക്കുകളും യൂണിയനുകളുടെ കണക്കുകളും തമ്മിൽ വ്യത്യാസമുണ്ട്.

ഫ്രാൻസിൽ വ്യാപക കൊള്ളയും തീവയ്പും

പാരിസ്, മാഴ്സെ, നീസ്, ലില്ലി തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധം അക്രമാസക്തമായി. സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, വസ്ത്രശാലകൾ, ഇലക്ട്രോണിക്സ് കടകൾ എന്നിവ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു.

തെരുവുകളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടു. സർക്കാർ ഓഫിസുകൾക്കും പൊലീസ് വാഹനങ്ങൾക്കും നേരെയും ആക്രമണമുണ്ടായി.

പാരിസിലെ പല തെരുവുകളും അക്രമങ്ങളിൽ തകർന്നതായി മേയർ ഇമ്മാനുവൽ ഗ്രെഗ്വാർ പറഞ്ഞു. കടകളിലെ സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിതമാക്കിയ ശേഷമാണ് ചില സംഘങ്ങൾ കൊള്ള നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.

അക്രമങ്ങളിൽ 150 പൊലീസുകാർക്ക് പരുക്കേറ്റതായി പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു അറിയിച്ചു.

ചരിത്ര പ്രസിദ്ധമായ ടൗൺ ഹാളിന് തീയിട്ടു

മാഴ്സെയിൽ കറുപ്പണിഞ്ഞെത്തിയ പ്രക്ഷോഭകർ സിറ്റി ഹാളിൽ കടന്ന് ചുവരുകളിൽ മുദ്രാവാക്യങ്ങൾ എഴുതി. ലിമോഗസ് നഗരത്തിലെ ചരിത്രപ്രാധാന്യമുള്ള ടൗൺ ഹാളിനും അക്രമികൾ തീയിട്ടു.

19-ാം നൂറ്റാണ്ടിൽ നിർമിച്ച കെട്ടിടത്തിന്റെ ഗോപുരം പൂർണമായും കത്തിനശിച്ചതായാണ് റിപ്പോർട്ട്. ലിയോണിൽ ടൂറിസ്റ്റ് ഓഫിസിനും തീയിട്ടു.

അക്രമങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെയും പൊതുമുതൽ നശിപ്പിച്ചവർക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വ്യക്തമാക്കി.

വിവിധ റിപ്പോർട്ടുകളിൽ അറസ്റ്റിലായവരുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്. ഒരു കണക്ക് പ്രകാരം 1,200 പേരെ അറസ്റ്റ് ചെയ്തപ്പോൾ മറ്റൊരു റിപ്പോർട്ടിൽ അറസ്റ്റിലായവരുടെ എണ്ണം 1,800 ആയി പറയുന്നു.

ട്രംപിന്റെ വിമർശനം; കുടിയേറ്റത്തെ പഴിച്ച് പ്രതികരണം

ഫ്രാൻസിലെ പ്രതിഷേധം തെരുവുയുദ്ധത്തിലേക്കും വ്യാപക കൊള്ളയിലേക്കും മാറിയതിനു പിന്നിൽ കുടിയേറ്റമാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.

സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.വിലക്കയറ്റം രൂക്ഷമാകുന്നതിനു മുൻപ് അതിർത്തികൾ അടച്ച് നിയന്ത്രണം ഏറ്റെടുക്കണമെന്നായിരുന്നു ട്രംപിന്റെ ആഹ്വാനം.

വ്യത്യസ്തമായ സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ ഫ്രാൻസിനെ തകർക്കുകയാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

ഇറ്റലി, ബൽജിയം, പോർച്ചുഗൽ, അൽബേനിയ എന്നിവിടങ്ങളിലും പ്രതിഷേധം

ഇറ്റലിയിലെ മിലാനിൽ ജീവിതച്ചെലവുകൾക്കെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമായി. കടകൾ കൊള്ളയടിക്കുകയും കല്ലേറ് നടത്തിയവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.

ബൊളോന്യയിൽ ജലപീരങ്കിയും ഉപയോഗിച്ചു. നിരവധി പേരെ അറസ്റ്റ് ചെയ്തു.പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ വർധിച്ചുവരുന്ന ജീവിതച്ചെലവിനും വീട്ടുവാടക ഇരട്ടിയായതിനുമെതിരെ പതിനായിരങ്ങൾ തെരുവിലിറങ്ങി.

ബൽജിയം തലസ്ഥാനമായ ബ്രസൽസിൽ സർവകലാശാലാ ഫീസ് വർധനയ്ക്കെതിരെ സമരം ചെയ്ത വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.അൽബേനിയയിൽ പ്രധാനമന്ത്രി എഡി റാമയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥി പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക് കടന്നു.

ശനിയാഴ്ച സമരക്കാർക്കുനേരെ പൊലീസ് റബർ ബുള്ളറ്റുകൾ പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.

പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ എണ്ണത്തിൽ തർക്കം

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുള്ള രാജ്യാന്തര പ്രതിസന്ധിയും യൂറോപ്പിലെ പണപ്പെരുപ്പവുമാണ് പ്രതിഷേധങ്ങൾക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.

ഫ്രാൻസിൽ പ്രതിഷേധത്തിൽ 5.5 ലക്ഷത്തിലധികം പേർ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ, പങ്കാളിത്തം എട്ടു ലക്ഷത്തോളമായിരുന്നുവെന്നാണ് യൂണിയനുകളുടെ അവകാശവാദം.

അടുത്തവർഷം ഫ്രാൻസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇമ്മാനുവൽ മക്രോ സർക്കാരിനെതിരായ പ്രതിഷേധം ശക്തമാകുന്നത് രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വത്തിനും വഴിവെക്കുന്നു.

English Summary : Protests against rising living costs in France turned violent, with looting, arson and attacks on public property reported in major cities. Demonstrations also took place in Italy, Belgium, Portugal and Albania. US President Donald Trump blamed immigration for the unrest in France, while authorities reported arrests and injuries among police personnel.

Share This Article