ന്യൂഡൽഹി: പ്രിയഗോൾഡ് ബിസ്കറ്റ് നിർമിക്കുന്ന സൂര്യ ഫുഡ് ആൻഡ് അഗ്രോ കമ്പനിയിൽ ഗുരുതരമായ ഭക്ഷ്യസുരക്ഷാ ചട്ടലംഘനങ്ങൾ കണ്ടെത്തിയതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ).
ബിസ്കറ്റിൽ കാലിത്തീറ്റയ്ക്കുള്ള തവിട് ഫൈബർ സ്രോതസ്സായി ഉപയോഗിച്ചതടക്കമുള്ള വീഴ്ചകളുടെ പേരിൽ കമ്പനിക്കെതിരെ നിയമനടപടികൾ ആരംഭിച്ചു.
ദൊഡ്ല ഡെയറി, യുഇഐആർ ഓർഗാനിക് ഫുഡ്സ് എന്നീ കമ്പനികൾക്കെതിരെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചതായി എഫ്എസ്എസ്എഐ അറിയിച്ചു.
ബിസ്കറ്റിൽ കാലിത്തീറ്റയ്ക്കുള്ള തവിട് കണ്ടെത്തിയെന്ന് റിപ്പോർട്ട്
ഉപഭോക്താവിന്റെ പരാതിയെ തുടർന്നാണ് പ്രിയഗോൾഡ് ബിസ്കറ്റ് നിർമിക്കുന്ന സൂര്യ ഫുഡ് ആൻഡ് അഗ്രോയുടെ പ്ലാന്റിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഴ്ചകൾ കണ്ടെത്തിയെന്നാണ് അധികൃതരുടെ വിശദീകരണം.
ബിസ്കറ്റിൽ ഫൈബർ സ്രോതസ്സായി കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിക്കുന്നതായി കണ്ടെത്തി.
തവിട് സൂക്ഷിച്ചിരുന്ന ചാക്കുകളിൽ മൃഗങ്ങൾക്കുള്ള ഉൽപ്പന്നമാണെന്ന് വ്യക്തമാക്കുന്ന അടയാളങ്ങളുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫാക്ടറിയിലെ ശുചിത്വത്തിലും വീഴ്ചകൾ
ഫാക്ടറിയിലെ ശുചിത്വം, കീടനിയന്ത്രണം, അസംസ്കൃത വസ്തുക്കളുടെ സംഭരണം, തൊഴിലാളികളുടെ വ്യക്തിഗത ശുചിത്വം എന്നിവയിലും വീഴ്ചകൾ കണ്ടെത്തിയതായി എഫ്എസ്എസ്എഐ അറിയിച്ചു.
കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായും ഔദ്യോഗിക പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ദൊഡ്ല പാലിന്റെ സാമ്പിളിലും ക്രമക്കേടെന്ന് കണ്ടെത്തൽ
ദൊഡ്ല ഡെയറിയിൽനിന്ന് പരിശോധനയ്ക്കായി ശേഖരിച്ച ദൊഡ്ല ഫുൾ ക്രീം പാൽ സാമ്പിൾ നിലവാരമില്ലാത്തതാണെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
പാൽ സാമ്പിളിൽ ഡിറ്റർജന്റോ കാസ്റ്റിക് സോഡയോ അടങ്ങിയിരുന്നതായും കൊഴുപ്പിന്റെ അളവ് നിശ്ചിത നിലവാരത്തിലും താഴെയായിരുന്നുവെന്നും പരിശോധനാഫലം സൂചിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു.
2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇത് ഗുരുതരമായ ലംഘനമാണെന്നാണ് എഫ്എസ്എസ്എഐയുടെ നിലപാട്.
ഉണക്കമുന്തിരിയിൽ കീടനാശിനി സാന്നിധ്യം
യുഇഐആർ ഓർഗാനിക് ഫുഡ്സ് വിൽപ്പന നടത്തിയ മഞ്ഞ ഉണക്കമുന്തിരിയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനിക്കെതിരെ നടപടി സ്വീകരിച്ചത്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച കമ്പനികൾക്കെതിരെ നിയമപ്രകാരം നടപടികൾ ആരംഭിച്ചതായി എഫ്എസ്എസ്എഐ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
പരിശോധനാഫലങ്ങളും തുടർനിയമനടപടികളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഔദ്യോഗിക അറിയിപ്പുകളിലൂടെ വ്യക്തമാകേണ്ടതുണ്ട്.
English Summary:
The Food Safety and Standards Authority of India (FSSAI) has initiated prosecution proceedings against Surya Food and Agro, the manufacturer of PriyaGold biscuits, following reported food safety violations. Inspectors reportedly found cattle-feed-grade bran being used as a fibre source, along with hygiene and pest-control deficiencies. The FSSAI has also initiated proceedings against Dodla Dairy after a full-cream milk sample reportedly failed quality tests, and against UEIR Organic Foods following the detection of pesticide residues in yellow raisins.
