തിരുവനന്തപുരം: കിഫ്ബി ഭൂമിയിടപാടുകളിലെ ക്രമക്കേടുകൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു.
കണ്ണൂരിൽ ഭൂമിയുടെ വിലയേക്കാൾ അഞ്ചിരട്ടി തുക നൽകി ഭൂമി ഏറ്റെടുത്തെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തലും സിപിഎം ബന്ധമുള്ളവരുടെ ഭൂമിയാണോ ഏറ്റെടുത്തതെന്ന സംശയവും പരിശോധിച്ചേക്കും.
സംഭവത്തിൽ വിജിലൻസ് അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന. നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും ഉൾപ്പെടെ കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ സമഗ്ര പരിശോധന നടത്താനുള്ള നീക്കവും സജീവമാണ്.
കിഫ്ബി ഭൂമിയിടപാട്: കണ്ണൂരിലെ ഏറ്റെടുക്കലിൽ അന്വേഷണം ഉണ്ടായേക്കും
കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ധനവകുപ്പിന്റെ നിർദേശങ്ങൾ മറികടന്നതും കിഫ്ബിയുടെ സാമ്പത്തിക ബാധ്യതകളും ഗൗരവമായി പരിശോധിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കൽ നടന്നതെന്നാണ് റിപ്പോർട്ടിലെ പ്രധാന നിരീക്ഷണം.
ഭൂമിയുടെ വിലയുടെ അഞ്ചിരട്ടി തുക നൽകി 3,829 ഏക്കർ 9,572 കോടി രൂപയ്ക്ക് ഏറ്റെടുത്തതിൽ സമഗ്ര അന്വേഷണം വേണമെന്നും വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
കിഫ്ബി ഭൂമിയിടപാട്: വിദഗ്ധ സമിതി റിപ്പോർട്ടിൽ ഗുരുതര നിരീക്ഷണങ്ങൾ
കിഫ്ബി സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കിഫ്ബിയുടെ പ്രവർത്തനരീതിയിൽ സമഗ്രമായ മാറ്റം വേണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
കിഫ്ബിയുടെ പത്തുവർഷത്തെ പ്രവർത്തനം കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഓഡിറ്റ് ചെയ്യണം.
വിപണിയിൽനിന്ന് വായ്പയെടുക്കാനുള്ള അനുമതി ഒഴിവാക്കണമെന്നും വായ്പയെടുക്കുന്നതിനുള്ള വ്യവസ്ഥകൾ കിഫ്ബി നിയമത്തിൽനിന്ന് നീക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.
കിഫ്ബിയുടെ കടബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് ശുപാർശ
കിഫ്ബിയുടെ നിലവിലെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്നും കടം തിരിച്ചടയ്ക്കാൻ വാർഷിക ബജറ്റിൽ മതിയായ തുക വകയിരുത്തണമെന്നും വിദഗ്ധ സമിതി നിർദേശിച്ചു.
നിലവിൽ ആരംഭിച്ച അടിസ്ഥാന സൗകര്യ പദ്ധതികൾ പൂർത്തിയാക്കുന്നതിനായി 2026–27 സാമ്പത്തിക വർഷം മുതൽ അടുത്ത അഞ്ചുവർഷത്തേക്ക് ബജറ്റിൽ തുക നീക്കിവയ്ക്കണമെന്നും റിപ്പോർട്ടിലുണ്ട്.
കൂടാതെ, ഉയർന്ന പലിശയുള്ള കടങ്ങൾ പുനഃക്രമീകരിച്ച് കുറഞ്ഞ പലിശയുള്ള ബാധ്യതകളിലേക്ക് മാറ്റണം. ഇതിലൂടെ പലിശഭാരം കുറയ്ക്കാനാകുമെന്നാണ് സമിതിയുടെ വിലയിരുത്തൽ.
പരസ്യച്ചെലവിലും പദ്ധതികളുടെ വിതരണത്തിലും പരിശോധന
കിഫ്ബിയുടെ പരസ്യച്ചെലവ് കണക്കുകളിൽ കാണിച്ചതിനേക്കാൾ പത്തിരട്ടിയായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കടബാധ്യത വർധിക്കുന്നതിനിടയിലും 5,821 കോടി രൂപ നിക്ഷേപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിയുടെ പദ്ധതികളിൽ പലതും വരുമാനം സൃഷ്ടിക്കുന്നവയല്ലെന്നും റിപ്പോർട്ടിൽ നിരീക്ഷണമുണ്ട്. പദ്ധതികളുടെ 41.6 ശതമാനം മൂന്ന് ജില്ലകളിൽ മാത്രമായി കേന്ദ്രീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ണൂരിൽ മാത്രം ആയിരക്കണക്കിന് ഏക്കർ ഭൂമി ഏറ്റെടുത്തതിന്റെ ആവശ്യകതയും തിരുവനന്തപുരം വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിലെ വ്യത്യാസവും അദ്ദേഹം ചോദ്യം ചെയ്തു.
കിഫ്ബിയുടെ പ്രവർത്തനത്തിൽ നിയന്ത്രണങ്ങൾ വേണം
കിഫ്ബിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഫണ്ട് സമാഹരണത്തിനും പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനുമുള്ള നിലവിലെ രീതി തുടരേണ്ടതില്ലെന്നും വിദഗ്ധ സമിതി ശുപാർശ ചെയ്തു.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കാതെ മൂലധനം സമാഹരിക്കുകയെന്ന കിഫ്ബിയുടെ യഥാർഥ ലക്ഷ്യം നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
കിഫ്ബിയുടെ പ്രവർത്തനത്തിൽ ഓഡിറ്റും സാമ്പത്തിക നിയന്ത്രണങ്ങളും ശക്തമാക്കണമെന്നാണ് സമിതിയുടെ നിലപാട്.
കിഫ്ബി അവസാനിപ്പിക്കില്ല; പുനഃസംഘടിപ്പിക്കുമെന്ന് വിഡി സതീശൻ
കിഫ്ബി അവസാനിപ്പിക്കുകയല്ല, പുനഃസംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വിഡി സതീശൻ പറഞ്ഞു. അതേസമയം, ഭൂമി ഏറ്റെടുക്കൽ, വായ്പകൾ, പരസ്യച്ചെലവ്, നിയമനങ്ങൾ എന്നിവയിലെ ആരോപണങ്ങളിൽ തുടർപരിശോധന ഉണ്ടായേക്കുമെന്ന സാഹചര്യത്തിൽ കിഫ്ബിയുടെ ഭാവി പ്രവർത്തനരീതിയിൽ മാറ്റങ്ങൾ വരാനുള്ള സാധ്യതയുണ്ട്.
English Summary:
The Kerala government is considering a detailed investigation into alleged irregularities in KIIFB land acquisitions, particularly in Kannur. An expert committee report has raised concerns over the acquisition of 3,829 acres for ₹9,572 crore, reportedly at around five times the land value, and called for a comprehensive review. The report also recommends a CAG audit of KIIFB’s decade-long operations, restrictions on market borrowing, government takeover of existing liabilities, and restructuring of high-interest debt. Chief Minister Pinarayi Vijayan has flagged concerns over land acquisition, advertising expenditure and project distribution. A vigilance probe may also examine appointments and promotions. VD Satheesan has said the aim is to restructure KIIFB rather than shut it down.:
