തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ വ്യാപക ക്രമക്കേടുകളും വൻ സാമ്പത്തിക ബാധ്യതകളും ഉണ്ടായെന്ന ആരോപണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബിയുടെ പേരിൽ ധൂർത്ത് നടന്നെന്നും ധനവകുപ്പിനെ നോക്കുകുത്തിയാക്കി സ്ഥാപനം സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചെന്നും അദ്ദേഹം ആരോപിച്ചു.
കിഫ്ബിയുടെ പത്തുവർഷത്തെ പ്രവർത്തനങ്ങൾ സമഗ്ര ഓഡിറ്റിന് വിധേയമാക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി സുധ പിള്ള അധ്യക്ഷയായ അഞ്ചംഗ വിദഗ്ധസമിതി മുന്നോട്ടുവച്ചത്. റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു.
കിഫ്ബി ക്രമക്കേട്: അധികച്ചെലവും സാമ്പത്തിക ബാധ്യതയും
കിഫ്ബിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 396 കോടി രൂപ അധിക പലിശയായി ചെലവായെന്നും പദ്ധതി നിർവഹണത്തിലെ അധികച്ചെലവ് 13,103 കോടി രൂപയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 1,250 കോടിയുടെ അധികച്ചെലവും മസാല ബോണ്ട് ഇടപാടിൽ 183 കോടിയുടെ നഷ്ടവും ഉണ്ടായതായും അദ്ദേഹം ആരോപിച്ചു.
റൂൾസ് ഓഫ് ബിസിനസ് ലംഘിച്ചാണ് കിഫ്ബി പ്രവർത്തിച്ചതെന്നും ഭൂമി ഏറ്റെടുക്കലിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. ജില്ലകൾക്ക് ഫണ്ട് അനുവദിച്ചതിൽ വിവേചനമുണ്ടായെന്നും മൂന്ന് ജില്ലകൾക്ക് കൂടുതൽ തുക നൽകിയെന്നും അദ്ദേഹം പറഞ്ഞു.
2041–42 വരെ സർക്കാരിന് 70,415.54 കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്നാണ് കണക്കെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ധനപ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിലൊന്ന് കിഫ്ബിയാണെന്നും അദ്ദേഹം ആരോപിച്ചു.
കടമെടുപ്പ് തടയാൻ വിദഗ്ധസമിതി ശുപാർശ
പൊതുവിപണിയിൽനിന്ന് കിഫ്ബി കടമെടുക്കുന്നത് തടയണമെന്നാണ് വിദഗ്ധസമിതിയുടെ പ്രധാന ശുപാർശ. ഇതിനായി കിഫ്ബി നിയമത്തിലെ എട്ട്, ഒൻപത് വകുപ്പുകൾ ഭേദഗതി ചെയ്യണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
ഇന്ധന സെസിൽനിന്നും മോട്ടോർ വാഹന നികുതിയിൽനിന്നും കിഫ്ബിക്ക് നൽകുന്ന വിഹിതം അവസാനിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്തു. ഈ നിർദേശങ്ങൾ നടപ്പാക്കിയാൽ കിഫ്ബിയുടെ നിലവിലെ വരുമാനസ്രോതസ്സുകൾ ഇല്ലാതാകുന്ന സാഹചര്യമുണ്ടാകും.
നിലവിൽ കിഫ്ബി ഏറ്റെടുത്തിട്ടുള്ള വികസനപദ്ധതികൾ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ ഏറ്റെടുത്ത് പൂർത്തിയാക്കണം. ഇതിനാവശ്യമായ തുക വാർഷിക ബജറ്റിൽ വകയിരുത്തണമെന്നും കിഫ്ബിയുടെ വായ്പാബാധ്യതകൾ സർക്കാർ ഏറ്റെടുത്ത് തീർക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ഉയർന്ന പലിശയുള്ള വായ്പകൾ പുനഃക്രമീകരിക്കണമെന്നും ശുപാർശയുണ്ട്.
ഭൂമി ഏറ്റെടുക്കലിലും നിയമനങ്ങളിലും ക്രമക്കേടെന്ന് ആരോപണം
ഭൂമി ഏറ്റെടുക്കുന്നതിൽ ഉയർന്ന വില നൽകിയതായും കണ്ണൂരിൽ ഏറ്റെടുത്ത 1,000 ഏക്കറിൽ വ്യവസായങ്ങളൊന്നും ആരംഭിച്ചില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. 5,821 കോടി രൂപ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നതിന്റെ ആവശ്യകതയും അദ്ദേഹം ചോദ്യം ചെയ്തു.
പരസ്യച്ചെലവിലും കണക്കുകളിലും പൊരുത്തക്കേടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. കണക്കിൽ 21.16 കോടി രൂപ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും യഥാർഥ ചെലവ് 203.72 കോടി രൂപയാണെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ അംഗീകരിച്ചിരുന്നത് 40 തസ്തികകളായിരുന്നെങ്കിലും 498 പേരെ നിയമിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു. സർക്കാർ അനുമതിയില്ലാതെ ശമ്പളം വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
വിദഗ്ധസമിതിയുടെ ശുപാർശകൾ നടപ്പാക്കുമെന്നും മന്ത്രിസഭ റിപ്പോർട്ട് വീണ്ടും പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കിഫ്ബി ജീവനക്കാരെ പുനർവിന്യസിക്കാനും നിർദേശം
കിഫ്ബിയിലെ ജീവനക്കാരെ പുനർവിന്യസിക്കാനും പുനഃസംഘടിപ്പിക്കാനും റിപ്പോർട്ട് നിർദേശിക്കുന്നു. പദ്ധതി വിലയിരുത്തലിനും നിരീക്ഷണത്തിനുമായി പ്രവർത്തിക്കുന്ന ജീവനക്കാരെ ആസൂത്രണ ബോർഡിലേക്ക് മാറ്റണം.
ഫിനാൻസ് ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തെ ധനവകുപ്പിന് കീഴിലാക്കണമെന്നും ഡെപ്യൂട്ടേഷനിലുള്ളവരെ മാതൃവകുപ്പുകളിലേക്ക് തിരിച്ചയക്കണമെന്നും ശുപാർശയുണ്ട്. കരാർ ജീവനക്കാരെ കരാർ കാലാവധി അവസാനിക്കുന്നതുവരെ തുടരാൻ അനുവദിക്കാം.
സ്വന്തം നിലയിൽ നിയമനം നടത്താൻ കിഫ്ബിക്ക് അധികാരം നൽകുന്ന വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നും കൺസൾട്ടൻസി ഉപസ്ഥാപനമായ കിഫ്കോണിനെ ആസൂത്രണ ബോർഡിന് കീഴിലാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
ഈ നിർദേശങ്ങൾ നടപ്പാക്കിയാൽ കിഫ്ബിയുടെ സ്വതന്ത്ര അധികാരങ്ങൾ പരിമിതപ്പെടുകയും ധനവകുപ്പിന് കീഴിലുള്ള സാധാരണ ഏജൻസിയായി സ്ഥാപനം മാറുകയും ചെയ്യും.
കിഫ്ബിയെ പൂട്ടരുതെന്ന് ബാലഗോപാൽ; എതിർപ്പുമായി തോമസ് ഐസക്കും
കിഫ്ബി റിപ്പോർട്ട് രാഷ്ട്രീയ ആയുധമാണെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചു. കിഫ്ബി പൂട്ടരുതെന്നും സ്ഥാപനം വഴി ഉണ്ടായ നേട്ടങ്ങൾ അവഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി നിർത്തുന്നത് വികസന പദ്ധതികളെ ബാധിക്കുമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കും അഭിപ്രായപ്പെട്ടു. ബജറ്റിലൂടെ മാത്രം വികസനപദ്ധതികൾ നടപ്പാക്കാനാകില്ലെന്നും പ്രഖ്യാപിച്ച പദ്ധതികൾ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിക്ക് 30,000 കോടി രൂപ ക്യാഷ് ഡെപ്പോസിറ്റായി ഉണ്ടെന്നും അത് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി നീക്കം നടത്തുന്നതെന്നും തോമസ് ഐസക് ആരോപിച്ചു.അതേസമയം, നിലവിൽ നടന്നുവരുന്ന പദ്ധതികൾ ഒറ്റയടിക്ക് നിർത്താനാവില്ലെന്നും സർക്കാർ ഗ്യാരന്റി നൽകിയ പദ്ധതികൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻകൂട്ടി പ്രതികളെ കണ്ടെത്തുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary : Chief Minister V.D. Satheesan alleged financial irregularities and excessive expenditure in KIIFB and said the government would investigate the issues. An expert panel chaired by former Union Finance Secretary Sudha Pillai recommended restricting KIIFB’s market borrowings, ending its dedicated revenue allocations, transferring ongoing projects to government departments and auditing its activities over the past decade. Former Finance Minister K.N. Balagopal and CPM leader Thomas Isaac opposed shutting down KIIFB, warning of adverse effects on development projects.
