facebook

ലൈംഗികാതിക്രമക്കേസ്; മലയാളി മസാജ് തെറാപ്പിസ്റ്റിന് അഞ്ച് മാസം തടവ്

2 Min Read

വിക്ടോറിയ: കേരളത്തിൽ സ്പാകളുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ പരാതികൾ ചർച്ചയാകുന്നതിനിടെ, ഓസ്‌ട്രേലിയയിൽ മലയാളി മസാജ് തെറാപ്പിസ്റ്റിന് തടവുശിക്ഷ ലഭിച്ച സംഭവവും ശ്രദ്ധ നേടുന്നു. കോട്ടയം കുമരകം സ്വദേശിയായ ടോമി മാത്യു (33)വിനാണ് രണ്ട് സ്ത്രീകളുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് മാസം തടവുശിക്ഷ ലഭിച്ചത്. വടക്ക്-പടിഞ്ഞാറൻ വിക്ടോറിയയിലെ മിൽഡുറയിൽ ജോലി ചെയ്തിരുന്ന കാലത്താണ് സംഭവങ്ങൾ നടന്നത്.

രണ്ട് സ്ത്രീകളുടെ പരാതി

2025ൽ മിൽഡുറയിൽ ട്രെയിനീ മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് ടോമിക്കെതിരെ പരാതികൾ ഉയർന്നത്. രണ്ട് സ്ത്രീകളെ മസാജിനിടെ അനുചിതമായി സ്പർശിച്ചെന്നാണ് കേസ്. പരിശീലന കാലയളവിൽ അഞ്ച് സ്ത്രീകൾക്ക് ടോമി മസാജ് നൽകിയതായി കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇവരിൽ മൂന്ന് പേർ സഹപ്രവർത്തകരും രണ്ട് പേർ പരാതിക്കാരുമായിരുന്നു.

ആദ്യ സംഭവം മാർച്ച് 13ന്

2025 മാർച്ച് 13നാണ് ആദ്യ പരാതിക്കാരി 45 മിനിറ്റ് ദൈർഘ്യമുള്ള ഓയിൽ മസാജിനായി എത്തിയത്. കാലുകൾ, കൈകൾ, പാദങ്ങൾ, തോളുകൾ, തല എന്നിവിടങ്ങളിൽ മസാജ് ചെയ്തശേഷം ടവലിനിടയിലൂടെ കൈ കടത്തി അനുചിതമായി സ്പർശിച്ചെന്നാണ് പരാതി. നിർത്താൻ ആവശ്യപ്പെട്ടിട്ടും ടോമി അതിന് തയ്യാറായില്ലെന്നും പരാതിയിൽ ആരോപിച്ചിരുന്നു.

രണ്ടാമത്തെ പരാതി ഏപ്രിൽ അഞ്ചിന്

2025 ഏപ്രിൽ അഞ്ചിനാണ് രണ്ടാമത്തെ പരാതിക്കാരി മസാജിനായി എത്തിയത്. കഴുത്തിന് 30 മിനിറ്റ് ദൈർഘ്യമുള്ള മസാജാണ് ഇവർ ബുക്ക് ചെയ്തിരുന്നത്. ഇവരെയും സമാനമായ രീതിയിൽ അനുചിതമായി സ്പർശിച്ചെന്നാണ് പരാതി.

എന്നാൽ, രണ്ട് സ്ത്രീകളെയും മോശമായി സ്പർശിച്ചിട്ടില്ലെന്ന് ടോമി കോടതിയിൽ വാദിച്ചു.

അഞ്ച് മാസം തടവുശിക്ഷ

കേസിന്റെ വിചാരണയ്ക്കൊടുവിൽ ടോമിക്ക് അഞ്ച് മാസം തടവുശിക്ഷ വിധിച്ചു. ശിക്ഷയുടെ ഭാഗമായി, കേസിന്റെ ഗുരുതര സ്വഭാവം, തൊഴിൽപരമായ വിശ്വാസത്തിന്റെ ലംഘനം, പശ്ചാത്താപമില്ലായ്മ എന്നിവ കണക്കിലെടുത്ത് തടവുശിക്ഷയല്ലാതെ മറ്റൊരു ശിക്ഷാരീതി ഉചിതമല്ലെന്ന നിലപാടാണ് മജിസ്‌ട്രേറ്റ് തോമസ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.

ശിക്ഷ വിധിക്കുന്ന സമയത്ത് ടോമി ക്വീൻസ്‌ലാൻഡിലെ വയോജന പരിചരണ കേന്ദ്രത്തിൽ അടുക്കള ജോലിയിൽ പ്രവേശിച്ചിരുന്നതും സമാനമായ കുറ്റം ആവർത്തിക്കാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലും പരിഗണിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

English Summary: A 33-year-old Malayali man from Kumarakom, Kerala, was sentenced to five months in prison in Australia in a case involving complaints by two women who received massages at a centre in Mildura, Victoria, in 2025.

Share This Article