കാസർകോട്: ദേശീയപാതയിൽ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പുലർച്ചെയുണ്ടായ അപകടത്തിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു. കാർ, ലോറി, മൂകാംബികയിലേക്ക് പോകുകയായിരുന്ന ബസ്, ഇരുചക്രവാഹനം എന്നിവയാണ് അപകടത്തിൽപ്പെട്ടത്. ഇരുചക്രവാഹന യാത്രക്കാരന് പരിക്കേറ്റു. ബസിലുണ്ടായിരുന്ന യാത്രക്കാരെ ഫയർഫോഴ്സ് സുരക്ഷിതമായി പുറത്തിറക്കി.
പുലർച്ചെ 2.30ന് അപകടം
പുലർച്ചെ 2.30ഓടെയാണ് അപകടമുണ്ടായത്. ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്ന കാർ ആദ്യം റോഡിന്റെ വശത്ത് ഇടിക്കുകയായിരുന്നു. പിന്നാലെയെത്തിയ ലോറി കാറിലും അതിനു പിന്നിലുണ്ടായിരുന്ന ബസ് ലോറിയിലും ഇടിച്ചു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ ചില്ലുകൾ തകർന്ന് റോഡിലേക്ക് വീണു. ഇതുവഴി കടന്നുപോയ ഇരുചക്രവാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം നഷ്ടപ്പെട്ട് ചില്ലുകൾക്കുമുകളിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു.
ബസിലെ യാത്രക്കാരെ ഏണിയിൽ ഇറക്കി
അപകടവിവരം അറിഞ്ഞ് ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി. റോഡിൽ ചിതറിക്കിടന്ന ചില്ലുകൾ നീക്കി ഗതാഗതത്തിന് സുരക്ഷയൊരുക്കി.
അപകടത്തിൽപ്പെട്ട ബസിന്റെ മുൻവശത്തെ വാതിലിലൂടെ യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേന ഏണി ഉപയോഗിച്ച് എമർജൻസി ഡോറിലൂടെ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കി.
രക്ഷാപ്രവർത്തനത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വൈശാഖ് എം.എ., സിറാജ്ജുദ്ദീൻ പി.സി., രമേശ്, പ്രണവ്, ഹരികുമാർ, ഒ.കെ. പ്രജിത്, അനന്ദു ജെ. എന്നിവരും ഹോം ഗാർഡുമാരായ രാജേന്ദ്രൻ എ., സുഭാഷ് സി.വി. എന്നിവരും പങ്കെടുത്തു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു.
അപകടത്തിൽ ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
English Summary
Four vehicles, including a car, a lorry, a bus travelling to Mookambika and a two-wheeler, were involved in an accident on the national highway near the Mogral Puthur grama panchayat office in Kasaragod at around 2:30 a.m. A two-wheeler rider was injured after losing control on broken glass scattered across the road. Fire and Rescue Services personnel safely evacuated the bus passengers through its emergency exit using a ladder. No serious injuries were reported.
