facebook

സീമാപുരിയിൽ നാലുനില കെട്ടിടം തകർന്നു; കുഞ്ഞ് മരിച്ചു : 8 പേർക്ക് പരിക്ക്

2 Min Read

ഡൽഹിയിലെ സീമാപുരി കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒന്നര വയസ്സുകാരൻ മരിച്ചു. ബുധനാഴ്ച വൈകിട്ട് നാലുനില കെട്ടിടം തകർന്നുവീണാണ് അപകടമുണ്ടായത്.

മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ എട്ട് പേർക്ക് പരുക്കേറ്റു. രക്ഷാപ്രവർത്തകർ എട്ട് പേരെയും പുറത്തെടുത്ത് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

സീമാപുരി കെട്ടിടം തകർന്നത് വൈകിട്ട് 3.08 ന്

ഒക്ടോബർ 7ന് ഉച്ചകഴിഞ്ഞ് 3.08 ഓടെയാണ് കെട്ടിടം തകർന്നതെന്ന് നോർത്ത് ഈസ്റ്റ് ജില്ലാ മജിസ്ട്രേറ്റ് അജയ് കുമാർ അറിയിച്ചു. 225 ചതുരശ്ര അടി വിസ്തീർണമുള്ള നാലുനില കെട്ടിടമാണ് തകർന്നത്.

വിവരം ലഭിച്ച ഉടൻ എൻഡിആർഎഫ്, ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, എംസിഡി തുടങ്ങിയ അധികൃതരെ അറിയിച്ചു. ഡൽഹി ഫയർ സർവീസും പ്രാദേശിക പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയെന്ന് സംശയം

എട്ട് പേരെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ഷഹ്‌ദാര ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ രാജേന്ദ്ര പ്രസാദ് മീണ അറിയിച്ചു. അതേസമയം, രണ്ട് മുതൽ മൂന്ന് പേർ വരെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് സംശയം.

അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളുടെ ശബ്ദം കേൾക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

നാല് മുതൽ അഞ്ച് പേരെ നാട്ടുകാർ തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചതായി പ്രദേശവാസികളിലൊരാൾ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ താൻ ഒരു കുട്ടിക്ക് സിപിആർ നൽകിയെന്നും ഇയാൾ പറഞ്ഞു.

ഭൂചലനത്തിന് പിന്നാലെ കെട്ടിടത്തിൽ വിള്ളലുണ്ടായെന്ന് നാട്ടുകാർ

ഒക്ടോബർ 6ന് രാത്രി ഉത്തരാഖണ്ഡിൽ ഉണ്ടായ ഭൂചലനത്തെ തുടർന്ന് ഡൽഹി-എൻസിആറിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കെട്ടിടത്തിൽ വിള്ളലുകൾ രൂപപ്പെട്ടിരുന്നുവെന്ന് പ്രദേശവാസികൾ ആരോപിച്ചു.എന്നാൽ, സീമാപുരി കെട്ടിടം തകർന്നതിൻ്റെ യഥാർഥ കാരണം അന്വേഷണത്തിലൂടെയാകും വ്യക്തമാകുകയെന്ന് അധികൃതർ അറിയിച്ചു.

ഗതാഗത നിയന്ത്രണം; പ്രദേശത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ്

അപകടത്തെ തുടർന്ന് സീമാപുരി ഗോൾ ചക്കർ, ഡിഎൽഎഫ് ഭോപുര, സമീപ റോഡുകൾ എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ ഡൽഹി ട്രാഫിക് പൊലീസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.

പ്രദേശത്തേക്ക് ആളുകൾ എത്തുകയോ വാഹനങ്ങൾ നിർത്തിയിടുകയോ ചെയ്യരുതെന്ന് പൊലീസ് നിർദേശിച്ചു. ആംബുലൻസുകൾക്കും രക്ഷാപ്രവർത്തന വാഹനങ്ങൾക്കും വേഗത്തിൽ കടന്നുപോകാൻ റോഡുകൾ ഒഴിച്ചിടണമെന്നും അഭ്യർഥിച്ചു.

English summary:A four-storey building collapsed in Delhi’s Seemapuri area on October 7, 2026, killing a child aged around one-and-a-half years and injuring at least eight people, including a three-year-old. Eight people were rescued and taken to hospitals, while two to three others were suspected to remain trapped under the debris. Rescue teams from the Delhi Fire Service, local police and other agencies continued operations. Locals claimed cracks had appeared after tremors linked to an earthquake in Uttarakhand, but officials said the exact cause would be determined through an investigation.

Share This Article