കൊല്ലം: പെരിനാട് വെള്ളിമൺ വ്ലാവേത്ത് രാജു മന്ദിരത്തിൽ രാജു (53) കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. കേസിൽ അറസ്റ്റിലായ ഭാര്യ ലേഖ മേരി (48)യ്ക്ക് ഒറ്റയ്ക്ക് കൊലപാതകം നടത്താനാകില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
ലേഖയുടെ ആൺസുഹൃത്തിനെ പൊലീസ് നിരീക്ഷിച്ചുവരികയാണ്. ഇയാളെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
സ്വത്തുതർക്കത്തിനിടെ കൊലപാതകമെന്ന് പൊലീസ്
രാജുവിന് അടുത്തിടെ ലഭിച്ച കുടുംബസ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്ന ലേഖയുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഈ തർക്കത്തിനിടെയാണ് ബെൽറ്റ് ഉപയോഗിച്ച് രാജുവിന്റെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
രാജുവിനെ ആശുപത്രിയിലെത്തിച്ചത് ഭാര്യയും സഹോദരനും
വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെ ലേഖയും വീടിനടുത്ത് താമസിക്കുന്ന രാജുവിന്റെ സഹോദരൻ ബൈജുവും ചേർന്നാണ് രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും രാജു മരിച്ചിരുന്നു. കട്ടിലിൽനിന്ന് എഴുന്നേൽക്കുന്നതിനിടെ രാജു കുഴഞ്ഞുവീണതാണെന്നാണ് ലേഖ ആശുപത്രി അധികൃതരോട് പറഞ്ഞത്.
എന്നാൽ പരിശോധനയ്ക്കിടെ രാജുവിന്റെ കഴുത്തിൽ പാട് കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. ബന്ധുക്കളും മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് അന്വേഷണം ശക്തമാക്കി.
പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത് കഴുത്തിലെ പാടുകൾ
പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ ശക്തമായി അമർത്തിയതിന്റെ പാടുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുഴഞ്ഞുവീണതിന്റെ സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പൊലീസിനെ അറിയിച്ചതായും അന്വേഷണസംഘം പറയുന്നു.
ഇതോടെയാണ് ലേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കൊലപാതകവുമായി ബന്ധപ്പെട്ട് ലേഖ കുറ്റസമ്മതം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
രാജുവും ലേഖയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്
രാജുവും ലേഖയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ ഏക മകൾ ബന്ധുവീട്ടിൽ താമസിച്ചാണ് പഠിക്കുന്നത്.
ദമ്പതികൾ തമ്മിൽ സ്ഥിരമായി വഴക്കുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെ ഉണ്ടായ വഴക്കിനിടെ രാജു ലേഖയെ മർദിച്ചതായും പൊലീസ് പറയുന്നു.
ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണത്തിലെ പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തിലും പൊലീസ് അന്വേഷണം തുടരുകയാണ്.
English Summary
Police have expanded the investigation into the death of Raju, 53, in Perinad, Kollam. His wife Lekha Mary, 48, has been arrested, but investigators reportedly believe she may not have acted alone. Police are monitoring her male friend and plan to question him again. The investigation is also examining a property dispute and other possible involvement in the case.
