ചണ്ഡിഗഡ്: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) തടഞ്ഞു. തർൺ തരൺ മേഖലയിലെ ബിഒപി രാജോക്കെ പ്രദേശത്ത് അതിർത്തി കടക്കാൻ ശ്രമിച്ച രണ്ട് പേർ വെടിവയ്പിൽ കൊല്ലപ്പെട്ടതായി ബിഎസ്എഫ് അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 12.30ഓടെയാണ് സംഭവം. പാകിസ്താൻ ഭാഗത്തെ ചട്ടൻവാലെയിൽനിന്ന് മൂന്ന് പേർ ഇന്ത്യൻ അതിർത്തിയിലേക്ക് നീങ്ങുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
മുന്നറിയിപ്പ് നൽകിയിട്ടും നീക്കം തുടർന്നെന്ന് ബിഎസ്എഫ്
അതിർത്തിയിലേക്ക് നീങ്ങിയ സംഘത്തിന് സുരക്ഷാസേന മുന്നറിയിപ്പ് നൽകിയെങ്കിലും മുന്നോട്ടുള്ള നീക്കം തുടർന്നതായാണ് ബിഎസ്എഫ് പറയുന്നത്. തുടർന്ന് സേന വെടിയുതിർക്കുകയായിരുന്നു.
വെടിവയ്പിനിടെ രണ്ട് നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടു. ഇതിനിടെ മൂന്നാമത്തെയാൾ പാകിസ്താൻ ഭാഗത്തേക്ക് തിരികെ രക്ഷപ്പെട്ടതായും ഉദ്യോഗസ്ഥർ അറിയിച്ചു.
അതിർത്തിയിൽ സുരക്ഷ ശക്തമാക്കി
സംഭവത്തിന് പിന്നാലെ തർൺ തരൺ മേഖലയിലെ അതിർത്തിയിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. നുഴഞ്ഞുകയറ്റ സാധ്യത കണക്കിലെടുത്ത് പരിശോധനകളും ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.
അതേസമയം, കൊല്ലപ്പെട്ടവരുടെ വ്യക്തിവിവരങ്ങളോ ഇവർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചതിന്റെ ലക്ഷ്യമോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
പഞ്ചാബിലെ ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിൽ സംഭവത്തിന് പിന്നാലെ സുരക്ഷാസേന കനത്ത ജാഗ്രത തുടരുകയാണ്.
English Summary
The BSF said it foiled an alleged infiltration attempt along the India-Pakistan international border in Punjab’s Tarn Taran sector. Three people were reportedly moving towards the Indian side from Pakistan. Two were killed in the ensuing firing, while the third person fled back towards Pakistan. Security has been strengthened along the border.
