കൊല്ലം: ആറരയടി പൊക്കം, പത്തടി നീളം, നീണ്ട വാൽ, ചുരുണ്ട കൊമ്പ്, വിരിഞ്ഞ നെറ്റി, കറുത്തിരുണ്ട നിറം. രൂപത്തിലും വലുപ്പത്തിലും ആരെയും അമ്പരപ്പിക്കുന്ന ഭീമൻ പോത്ത് ഇപ്പോൾ കൊല്ലം വെളിയം സമ്മർലാൻഡ് ഫാമിലെ പ്രധാന ആകർഷണമാണ്. ക്ഷേത്രോത്സവങ്ങളും ഓണാഘോഷങ്ങളും ഉൾപ്പെടെയുള്ള ഘോഷയാത്രകളിൽ ആനയ്ക്ക് പകരക്കാരനായാണ് ഭീമൻ എത്തുന്നത്.
1200 കിലോ ഭാരം; ഭീമൻ പോത്ത് ശ്രദ്ധാകേന്ദ്രം
ഏകദേശം 1200 കിലോ ഭാരമുള്ള ഭീമൻ പോത്ത് ചിലങ്കയും അലങ്കാരമാലകളും വർണ്ണപ്പട്ടും അണിഞ്ഞ് നിൽക്കുമ്പോൾ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റും. സാധാരണയായി ‘മുറ’ ഇനത്തിലെ പോത്തുകൾക്ക് ഏകദേശം 650 കിലോ വരെയാണ് ഭാരം.
എന്നാൽ കുട്ടിയായിരിക്കുമ്പോൾ തന്നെ അസാധാരണ വലുപ്പം പ്രകടിപ്പിച്ച ഭീമൻ നാല് വയസായപ്പോഴേക്കും 1200 കിലോ ഭാരത്തിലെത്തി. ഇതോടെയാണ് സാധാരണ പോത്തുകളിൽ നിന്ന് വ്യത്യസ്തനായ ഭീമൻ ആഘോഷയാത്രകളിലെ താരമായി മാറിയത്.
15 ഘോഷയാത്രകളിൽ ഇതിനകം എഴുന്നള്ളി
ക്ഷേത്രോത്സവങ്ങളും ഓണാഘോഷങ്ങളും ഉൾപ്പെടെ ഇതിനകം 15 ഘോഷയാത്രകളിൽ ഭീമൻ എഴുന്നള്ളിയിട്ടുണ്ട്. ആഘോഷ സ്ഥലങ്ങളിലേക്ക് ലോറിയിലാണ് ഭീമന്റെ യാത്ര.
ദൂരമനുസരിച്ച് ഒരു ഘോഷയാത്രയ്ക്ക് 25,000 മുതൽ 35,000 രൂപ വരെയാണ് നിരക്ക്. വലിയ ശരീരവലുപ്പമുണ്ടെങ്കിലും ശാന്ത സ്വഭാവമാണ് ഭീമനെ ഘോഷയാത്രകൾക്ക് അനുയോജ്യമാക്കുന്നതെന്ന് ഫാം ഉടമ പറയുന്നു.
ഹരിയാനയിൽ നിന്ന് നാലുലക്ഷം രൂപയ്ക്ക് വാങ്ങി
സമ്മർലാൻഡ് ഫാം ഉടമ വിനോദ് കുമാർ ഹരിയാനയിൽ നിന്ന് ആറുമാസം പ്രായമുള്ള ‘മുറ’ ഇനത്തിലെ പോത്തുകളെ വാങ്ങി വിൽക്കുന്ന ബിസിനസാണ് നടത്തുന്നത്.
ഏകദേശം ഒന്നര വർഷം മുമ്പ് ഹരിയാനയിൽ പോയപ്പോഴാണ് രണ്ടര വയസുള്ള അസാധാരണ വലുപ്പമുള്ള ഭീമനെ കണ്ടത്. തുടർന്ന് നാലുലക്ഷം രൂപ നൽകിയാണ് പോത്തിനെ സ്വന്തമാക്കിയത്.
വൈക്കോലും പുല്ലും ചീനിയും പ്രധാന ഭക്ഷണം
വൈക്കോൽ, പുല്ല്, ഗോതമ്പിന്റെ വൈക്കോൽ അരിഞ്ഞുണ്ടാക്കിയ ബൂസ, പുഴുങ്ങിയ ചീനി എന്നിവയാണ് ഭീമന്റെ പ്രധാന ഭക്ഷണം.
വലിയ ശരീരവലുപ്പമുള്ള ഭീമന്റെ കരുത്ത് വ്യക്തമാക്കുന്നതാണ് മറ്റൊരു പ്രത്യേകത. മൂന്ന് പേർ പുറത്ത് കയറിയാലും ഭീമന് കാര്യമായ കുലുക്കമുണ്ടാകില്ലെന്നാണ് ഫാം ഉടമ പറയുന്നത്.
ദിവസവും രണ്ടുനേരം കുളി; വേപ്പണ്ണയും പുരട്ടും
സമ്മർലാൻഡ് ഫാമിലെ മറ്റ് പോത്തുകളെയും പശുക്കളെയും സാധാരണയായി ദിവസം ഒരുനേരമാണ് കുളിപ്പിക്കുന്നത്. എന്നാൽ ഭീമന് രണ്ടുനേരം കുളിപ്പിക്കുന്ന പ്രത്യേക പരിചരണമാണ് നൽകുന്നത്.
കുളിപ്പിക്കുന്നതിന് മുമ്പ് വേപ്പണ്ണ തേച്ചുകൊടുക്കും. കൂടാതെ പ്രാണികളുടെ ശല്യം ഒഴിവാക്കുന്നതിനുള്ള മരുന്നും സ്ഥിരമായി പുരട്ടാറുണ്ട്.
“ശാന്ത സ്വഭാവക്കാരനായതിനാലാണ് ഭീമനെ ഘോഷയാത്രകൾക്ക് കൊണ്ടുപോകാൻ ആറുമാസം മുമ്പ് തീരുമാനിച്ചത്.”
— വിനോദ് കുമാർ, ഉടമ
English Summary
A 1,200-kg Murrah buffalo named ‘Bheeman’ has become a major attraction at Summerland Farm in Veliyam, Kollam. Standing around 6.5 feet tall and 10 feet long, Bheeman has already participated in 15 processions linked to temple festivals and Onam celebrations. He is transported by lorry and reportedly charges ₹25,000–₹35,000 depending on the distance. The buffalo was bought from Haryana for ₹4 lakh and receives special care, including two baths a day.
