facebook

ദേശീയപാത 66ൽ ഇന്ത്യയിലെ ആദ്യ ഇ-ട്രക്ക് ഇടനാഴി

2 Min Read

തിരുവനന്തപുരം: ദേശീയപാത 66ൽ രാജ്യത്തെ ആദ്യ ഇ-ട്രക്ക് ഇടനാഴി സജ്ജമാക്കാനുള്ള പദ്ധതി നിർദേശവുമായി കെ.എസ്.ഇ.ബി. കാസർകോട് മുതൽ തിരുവനന്തപുരം വരെ 622 കിലോമീറ്ററിൽ ഇലക്ട്രിക് ട്രക്കുകൾക്ക് ചാർജിംഗ് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ പഠന റിപ്പോർട്ട് ഡൽഹിയിൽ നടന്ന ‘ഇന്ത്യ ക്ലീൻ ട്രാൻസ്‌പോർട്ട് സമ്മിറ്റ്–2026’ൽ പ്രകാശനം ചെയ്തു.

ഇ-ട്രക്ക് ഇടനാഴിക്ക് 12.5 മെഗാവാട്ട് ചാർജിംഗ് ശൃംഖല

ഇന്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്‌പോർട്ടേഷനുമായി (ഐ.സി.സി.ടി) സഹകരിച്ച് കെ.എസ്.ഇ.ബി നടത്തിയ പഠനത്തിലാണ് ചാർജിംഗ് ശൃംഖല സംബന്ധിച്ച നിർദേശങ്ങൾ മുന്നോട്ടുവച്ചത്.

12.5 മെഗാവാട്ട് ശേഷിയുള്ള ചാർജിംഗ് ശൃംഖല സജ്ജമാക്കണമെന്നാണ് പഠനത്തിലെ പ്രധാന നിർദേശം. ഇതിനുള്ള തുക പി.എം ഇ-ഡ്രൈവ് പദ്ധതി പ്രകാരം പൊതുചാർജിംഗിനായി കേന്ദ്ര ഘനവ്യവസായ മന്ത്രാലയം വകയിരുത്തിയ 2,000 കോടിയിൽ നിന്ന് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

കൂടാതെ, കേരളത്തിൽ ചാർജിംഗ് ശൃംഖലയ്ക്കായി ഇതിനകം അനുവദിച്ച 63.12 കോടി രൂപയും പദ്ധതിക്കായി വിനിയോഗിക്കാനാവും.

2030ന് ശേഷം ഇ-ട്രക്ക് ആവശ്യകത കുത്തനെ ഉയരും

ഇ-ട്രക്കുകൾ ഭാവിയിൽ നിരത്തുകളിൽ വലിയ സാന്നിധ്യമാകുമെന്ന കാഴ്ചപ്പാടോടെയാണ് പഠനം നടത്തിയത്. 2030ന് ശേഷം ഇ-ട്രക്കുകളുടെ ആവശ്യകത കുത്തനെ ഉയരുമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

2050-ഓടെ ദേശീയപാത 66ൽ 204.5 മെഗാവാട്ട് ശേഷിയുള്ള 1,939 ചാർജറുകളും 338 കോടി രൂപയുടെ നിക്ഷേപവും ആവശ്യമായി വരും.

അതേസമയം, ഇടനാഴിയിലെ പ്രതിദിന ഗ്രിഡ് ഊർജ ആവശ്യകത 2030ൽ 32 മെഗാവാട്ട് (MWh) ആയും 2050-ഓടെ 833 മെഗാവാട്ട് ആയും ഉയരുമെന്നാണ് പഠനത്തിലെ കണക്ക്.

13,355 ട്രക്കുകളുടെ ജി.പി.എസ് വിവരങ്ങളും പഠനത്തിൽ

നാല് ടോൾ പ്ലാസകളിൽ നിന്നുള്ള ഫാസ്റ്റ് ടാഗ് ഡേറ്റ, ട്രക്കുകളുടെ വിന്യാസം, 13,355 ട്രക്കുകളിൽ നിന്നുള്ള ജി.പി.എസ് വിവരങ്ങൾ, പാർക്കിംഗ് വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ എത്ര ചാർജറുകൾ വേണം, ഏതുതരം ചാർജറുകൾ സ്ഥാപിക്കണം, ഏത് സ്ഥലങ്ങളിലാണ് ഇവ സജ്ജമാക്കേണ്ടത് തുടങ്ങിയ കാര്യങ്ങളും പഠനത്തിൽ വിശദീകരിച്ചിട്ടുണ്ട്.

ചരക്ക് ഗതാഗതത്തിന്റെ വൈദ്യുതീകരണത്തിന് പുതിയ ചുവടുവയ്പ്

ദേശീയപാത 66ൽ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രക്ക് ഇടനാഴി നിർമ്മിക്കുന്നതിലൂടെ ചരക്ക് ഗതാഗതത്തിന്റെ വൈദ്യുതീകരണം എങ്ങനെ പ്രായോഗികമാക്കാമെന്ന് കെ.എസ്.ഇ.ബി തെളിയിക്കുകയാണെന്ന് ജനറേഷൻ ആൻഡ് റീസ് വിഭാഗം ഡയറക്ടർ എം.പി. രാജൻ പറഞ്ഞു.

ഇ-ട്രക്കുകളുടെ എണ്ണം വർധിക്കുന്ന ഭാവിയിലേക്ക് ആവശ്യമായ ചാർജിംഗ് അടിസ്ഥാനസൗകര്യം ഘട്ടംഘട്ടമായി ഒരുക്കുന്നതിനുള്ള പദ്ധതിയായാണ് കെ.എസ്.ഇ.ബി നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

English Summary

KSEB has proposed setting up India’s first electric truck corridor along National Highway 66, covering 622 km from Kasaragod to Thiruvananthapuram. The study, conducted with the International Council on Clean Transportation (ICCT), recommends a 12.5 MW charging network. By 2050, the corridor is projected to require 1,939 chargers with a total capacity of 204.5 MW and an investment of ₹338 crore. The study used FASTag data from four toll plazas, GPS data from 13,355 trucks and parking information.

Share This Article