ആലപ്പുഴ: കായംകുളത്ത് ഓണാഘോഷത്തിനിടെ മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചതായി പരാതി. കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവിനാണ് (മാവേലി വേഷധാരി) ഈ ദുരനുഭവം നേരിട്ടത്.
അവിട്ടം ദിനത്തിലായിരുന്നു സംഭവം. തട്ടുകടക്കാരനാണ് ആക്രമണം നടത്തിയത്.കടയിൽനിന്ന് ചായ കുടിച്ചശേഷം പണം നൽകി പോകുന്നതിനിടെയുണ്ടായ ചെറിയ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
തട്ടുകടക്കാരൻ തിളച്ച എണ്ണയെടുത്ത് മുഖത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് ചന്ദ്രബാബു പറഞ്ഞു.പൊള്ളലേറ്റു; ഓലക്കുട തുണയായിആക്രമണത്തിൽ ചന്ദ്രബാബുവിന്റെ മുഖത്തും കൈയിലും പൊള്ളലേറ്റിട്ടുണ്ട്.
വേഷവിധാനത്തിന്റെ ഭാഗമായി കൈയിലുണ്ടായിരുന്ന ഓലക്കുട തടസ്സമായി നിന്നതുകൊണ്ട് മാത്രമാണ് തലയിലൂടെ എണ്ണ വീഴാതെ രക്ഷപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ കായംകുളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
