തൃശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ഹെലൻ ഓഫ് സ്പാർട്ടയ്ക്കെതിരെ കേസ്. തൃശൂർ സിറ്റി സൈബർ പോലീസാണ് യൂട്യൂബർക്കെതിരെ കേസെടുത്തത്. ട്രാൻസ്ജെൻഡർ പ്രൊട്ടക്ഷൻ ആക്ട് പ്രകാരമാണ് നടപടി.
ഹെലൻ ഓഫ് സ്പാർട്ടയ്ക്കെതിരെ കേസ്; പരാതി നൽകിയത് ദീപ്തി
അടുത്തിടെ ഇൻസ്റ്റാഗ്രാമിലുണ്ടായ ചില തർക്കങ്ങൾക്ക് പിന്നാലെയാണ് ദീപ്തി കല്യാണിക്കെതിരെ ഹെലൻ ഓഫ് സ്പാർട്ട അധിക്ഷേപ പരാമർശങ്ങൾ നടത്തിയതെന്നാണ് പരാതി.
ഇതിനെ തുടർന്ന് ഹെലൻ ഓഫ് സ്പാർട്ടയെ വിമർശിച്ച് ദീപ്തി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായി പുറത്തുവിട്ട റിയാക്ഷൻ വീഡിയോയിലാണ് അതിരൂക്ഷമായ പരാമർശങ്ങൾ ഉണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്.
ദീപ്തിയുടെ പരാതിയിൽ സൈബർ പോലീസ് നടപടി
റിയാക്ഷൻ വീഡിയോയ്ക്ക് പിന്നാലെ ദീപ്തി കല്യാണി പോലീസിൽ പരാതി നൽകി. തുടർന്ന് പരാതി പരിശോധിച്ച തൃശൂർ സിറ്റി സൈബർ പോലീസ് കേസെടുക്കുകയായിരുന്നു.
അതേസമയം, ട്രാൻസ്ജെൻഡർ പ്രൊട്ടക്ഷൻ ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
മദ്യപിച്ച് വാഹനമോടിച്ചെന്ന കേസും നേരത്തെ
പെരുമ്പള സ്വദേശിയായ ധന്യ എസ്.ആർ. (28) എന്ന ഹെലൻ ഓഫ് സ്പാർട്ടയ്ക്കെതിരെ അടുത്തിടെ മദ്യപിച്ച് വാഹനമോടിച്ചെന്ന പേരിൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇതിനു പിന്നാലെ ധന്യയുടെ ഡ്രൈവിങ് ലൈസൻസും സസ്പെൻഡ് ചെയ്തിരുന്നു. ഇതിനിടെയാണ് സോഷ്യൽ മീഡിയയിലെ പരാമർശവുമായി ബന്ധപ്പെട്ട് വീണ്ടും പരാതി ഉയരുകയും സൈബർ പോലീസ് കേസെടുക്കുകയും ചെയ്തത്.
