പെരുമ്പാവൂർ: ശക്തമായ മഴയെ തുടർന്ന് വെങ്ങോല പഞ്ചായത്തിലെ വളയൻചിറങ്ങരയിൽ പെരിയാർ വാലി കനാലിന്റെ തീരം ഇടിഞ്ഞു. വാർഡ് 15-ൽ വളയൻചിറങ്ങര എൽ.പി. സ്കൂളിന് സമീപമുള്ള കനാൽ പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നെടുമ്പുറത്ത് രാകേഷിൻ്റെ വീടിന് ചേർന്നാണ് കനാൽ തീരം വലിയ തോതിൽ ഇടിഞ്ഞത്.
മണ്ണിടിച്ചിലിനെ തുടർന്ന് വീടിന് ഭീഷണി ഉയർന്നിരിക്കുകയാണ്. വീടിന്റെ മതിലിനോട് ചേർന്ന ഭാഗം വരെ മണ്ണ് ഒലിച്ചുപോയതിനാൽ മഴ തുടർന്നാൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന ആശങ്കയിലാണ് കുടുംബം. കനാൽ കര കൂടുതൽ ഇടിഞ്ഞാൽ വീടിന്റെ സുരക്ഷയെ ബാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
സമീപത്തുള്ള കനാൽ പാലത്തിനും അപകടസാധ്യതയുണ്ടെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ അടിയന്തര സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംഭവസ്ഥലത്ത് ബന്ധപ്പെട്ട വകുപ്പുകൾ പരിശോധന നടത്തി കനാൽ തീരം ബലപ്പെടുത്തുന്നതിനുള്ള സ്ഥിരം സംരക്ഷണഭിത്തി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
