‘എന്റെ ലൈസൻസ് റദ്ദാക്കാമെന്ന് ആരും കരുതേണ്ട’; 18 തികയും മുൻപേ ലൈസൻസ് കിട്ടിയതിൽ എനിക്ക് പങ്കില്ല; ചോദിക്കേണ്ടത് അന്ന് ഒപ്പിട്ട ഉദ്യോഗസ്ഥരോട്; കെ.ബി. ഗണേശ്‌കുമാർ

1 Min Read

തിരുവനന്തപുരം: 18 വയസ് പൂർത്തിയാകുന്നതിന് മുമ്പ് തനിക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് മുൻമന്ത്രി കെ.ബി. ഗണേശ്‌കുമാർ. ഇക്കാര്യത്തിൽ അന്നത്തെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

“അപേക്ഷ നൽകാനല്ലേ എനിക്ക് കഴിയൂ. ലൈസൻസ് പിടിച്ചുവാങ്ങാൻ പറ്റില്ലല്ലോ. അന്നത്തെ ഉദ്യോഗസ്ഥനോടാണ് ഇക്കാര്യം ചോദിക്കേണ്ടത്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ ചോദിക്കാമായിരുന്നു,” ഗണേശ്‌കുമാർ പറഞ്ഞു.

തനിക്ക് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസുണ്ടെന്നും അതുപയോഗിച്ചാണ് വാഹനം ഓടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ലൈസൻസ് റദ്ദാക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗണേശ്‌കുമാർ 18 വയസ് തികയും മുമ്പ് ഡ്രൈവിങ് ലൈസൻസ് നേടിയതായി രേഖകൾ സഹിതം കഴിഞ്ഞ ഏപ്രിൽ 26ന് ഒരു മലയാള ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, വിഷയത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറായിരുന്നില്ല.

ഗണേശ്‌കുമാറിന്റെ ലൈസൻസിൽ “കെ.ബി. ഗണേശ്‌കുമാർ എം.എൽ.എ” എന്ന് രേഖപ്പെടുത്തിയിരുന്നതും വിവാദമായിരുന്നു. എന്നാൽ, അപേക്ഷയിൽ എം.എൽ.എ എന്ന നില രേഖപ്പെടുത്തിയിരുന്നില്ലെന്നും ഉദ്യോഗസ്ഥർ തന്നെയാകാം അത് ചേർത്തതെന്നും അദ്ദേഹം പ്രതികരിച്ചു.

English Summary:
Former minister K.B. Ganesh Kumar said he was not responsible for obtaining a driving licence before turning 18 and that questions should be directed to the officials who issued it. He stated that he could only submit an application and could not force authorities to grant a licence. Ganesh Kumar also said the MLA designation on his licence might have been added by officials.


Share This Article