യു.എസ് ബോംബറിന് പിന്നാലെ റഷ്യൻ സ്ട്രാറ്റജിക് ബോംബർ ടി യു-22എം3 സൈബീരിയയിൽ തകർന്നുവീണു! എൻജിൻ തകരാറെന്ന് പ്രാഥമിക വിവരം; 4 പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു

1 Min Read

മോസ്കോ: സൈബീരിയയിലെ ഇർകുത്സ്ക് മേഖലയിൽ പരിശീലന പറക്കലിനിടെ റഷ്യയുടെ ടിയു-22എം3 യുദ്ധവിമാനം തകർന്നുവീണു. വിമാനം കുത്തനെ താഴേക്ക് പതിക്കുകയും അപകടസ്ഥലത്ത് വൻതോതിൽ പുക ഉയരുകയും ചെയ്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരും സുരക്ഷിതമായി രക്ഷപ്പെട്ടതായും അധികൃതർ വ്യക്തമാക്കി.

റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, വിമാനം യുദ്ധസാമഗ്രികളില്ലാതെയായിരുന്നു പറന്നിരുന്നത്. അപകടത്തിൽ മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇർകുത്സ്ക് ഗവർണർ ഇഗോർ കോബ്സേവ് നൽകിയ വിവരമനുസരിച്ച്, കമൻക ഗ്രാമത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. എൻജിൻ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

നാറ്റോ ‘ബാക്ക്ഫയർ’ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ടിയു-22 സോവിയറ്റ് കാലഘട്ടത്തിൽ വികസിപ്പിച്ച സൂപ്പർസോണിക് ബോംബർ വിമാനമാണ്. സിറിയയിലും യുക്രെയ്നിലുമുള്ള സൈനിക നടപടികളിൽ റഷ്യ ഈ വിമാനത്തിന്റെ വിവിധ പതിപ്പുകൾ ഉപയോഗിച്ചിട്ടുണ്ട്. ടിയു-22എം3 മോഡലിന് കെഎച്ച്-22 ക്രൂസ് മിസൈലുകളും വിമാനത്തിൽ നിന്നു വിക്ഷേപിക്കാവുന്ന ഹൈപ്പർസോണിക് മിസൈലുകളും വഹിക്കാനുള്ള ശേഷിയുണ്ട്.

അതേസമയം, യുഎസ് വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നതിന് പിന്നാലെയാണ് റഷ്യൻ യുദ്ധവിമാനവും അപകടത്തിൽപ്പെട്ടത്. ലൊസാഞ്ചലസിൽ നിന്ന് ഏകദേശം 95 കിലോമീറ്റർ അകലെയുള്ള എഡ്വേഡ്സ് വ്യോമസേനാ താവളത്തിനടുത്ത് പരീക്ഷണ പറക്കലിനിടെ തകർന്ന ബി-52 വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചതായി യുഎസ് അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:
A Russian Tu-22M3 strategic bomber crashed during a training flight in the Irkutsk region of Siberia. All four crew members escaped safely, and preliminary reports suggest an engine failure caused the accident. The incident occurred on the same day a US B-52 bomber crashed during a test flight, killing all eight people on board.



Share This Article