മുംബൈ: ഹൗസിങ് സൊസൈറ്റിയിലെ ‘മൈക്കി’ എന്ന വളർത്തുനായയെ ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി ബോളിവുഡ് നടി മഞ്ജരി ഫഡ്നിസ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടി സംഭവം വെളിപ്പെടുത്തിയത്.
മൈക്കി സൊസൈറ്റിയുടെ ബേസ്മെന്റിൽ കിടന്നുറങ്ങുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് മഞ്ജരിയുടെ ആരോപണം. നായയുടെ തലയ്ക്ക് ശക്തമായി അടിക്കുകയും പിന്നീട് വലിച്ചിഴച്ച് വീണ്ടും മർദിക്കുകയും ചെയ്തതായി അവർ പറഞ്ഞു.
ആക്രമണത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ മൈക്കിയെ ഒരു ചാക്കിൽ കെട്ടി സൊസൈറ്റിക്ക് സമീപമുള്ള പുഴയിലേക്ക് എറിഞ്ഞുവെന്നാണ് നടിയുടെ ആരോപണം. മൈക്കി ജീവനോടെയാണോ മരിച്ചോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നും പുഴയിൽ തിരച്ചിൽ തുടരുകയാണെന്നും അവർ വ്യക്തമാക്കി.
2019 മുതൽ സൊസൈറ്റിയിൽ ഉണ്ടായിരുന്ന നായയായിരുന്നു മൈക്കി. ഉടമകൾ ഉപേക്ഷിച്ചുപോയ നായയെ താമസക്കാരാണ് പരിപാലിച്ചിരുന്നതെന്ന് മഞ്ജരി പറഞ്ഞു.
സംഭവത്തിൽ പിന്തുണ നൽകിയ മൃഗസംരക്ഷണ പ്രവർത്തകൻ സേവ്യർ സാന്റിയാഗോയ്ക്കും സൊസൈറ്റിയിലെ മറ്റ് അംഗങ്ങൾക്കും നടി നന്ദി രേഖപ്പെടുത്തി. വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി ചിത്രങ്ങൾക്കൊപ്പം മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള മഞ്ജരി ഫഡ്നിസ്, മിസ്റ്റർ ഫ്രോഡ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയാണ്.
English Summary
Actress Manjari Fadnis has alleged that a community dog named Mikey was brutally beaten and thrown into a river by a group of people in her housing society. In an emotional Instagram video, she described the incident and called for justice, while a search for the dog continues.
