തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂൺ 15 മുതൽ പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.
ഇന്ദിരാ ഗ്യാരന്റി പദ്ധതിയുടെ ഭാഗമായാണ് ‘പ്രിയദർശിനി’ എന്ന പേരിൽ സൗജന്യ യാത്രാ പദ്ധതി ആരംഭിക്കുന്നത്. വരുമാനപരിധിയോ പ്രായപരിധിയോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ട്രാൻസ്‌ജെൻഡർമാരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പദ്ധതി നടപ്പാക്കുന്നതോടെ പ്രതിമാസം 65 മുതൽ 70 കോടി രൂപ വരെയും വാർഷികമായി ഏകദേശം 800 കോടി രൂപ വരെയും സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ തുക കെഎസ്ആർടിസിക്ക് സർക്കാർ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിൽ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സർക്കാർ കെഎസ്ആർടിസിക്ക് ധനസഹായം നൽകുന്നുണ്ട്. സൗജന്യ യാത്രാ പദ്ധതിയിലൂടെ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും സർക്കാർ ഏറ്റെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം, വരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ആറുമാസത്തിനകം നിർദേശിക്കാൻ കെഎസ്ആർടിസി മാനേജ്മെന്റിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രിസഭാ യോഗത്തിൽ ഹൈക്കോടതിക്കായി 40 സർക്കാർ പ്ലീഡർമാരെ കൂടി നിയമിക്കാനും സ്റ്റേറ്റ് അറ്റോർണിയായി അഡ്വ. അനൂപ് വി. നായരെ നിയമിക്കാനും തീരുമാനമായി.
English Summary
The Kerala government has announced free travel for women and transgender persons in KSRTC ordinary buses from June 15 under the ‘Priyadarshini’ scheme. The benefit will be available without age or income restrictions. The government estimates the scheme will cost around ₹800 crore annually and has assured financial support to KSRTC.
