ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹിയിൽ വ്യാപകമായ പോസ്റ്റർ പ്രചാരണം. തലസ്ഥാന നഗരത്തിലെ പ്രധാന റോഡുകളിലും പൊതുസ്ഥലങ്ങളിലുമാണ് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ലക്ഷ്യമിട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യ മുന്നണിയിലെ വിവിധ ഘടകകക്ഷി നേതാക്കൾ മുൻകാലങ്ങളിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വിമർശിച്ച് നടത്തിയ പ്രസ്താവനകളാണ് പോസ്റ്ററുകളിലെ പ്രധാന ഉള്ളടക്കം. ശരദ് പവാർ, മമത ബാനർജി, അരവിന്ദ് കെജ്‌രിവാൾ, ഉദയനിധി സ്റ്റാലിൻ തുടങ്ങിയ നേതാക്കളുടെ പഴയ പരാമർശങ്ങൾ പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ബോർഡുകളും വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ശ്രദ്ധേയമായി, ‘INDIA Alliance’ എന്നതിന് പകരം ‘INDI Alliance’ എന്ന പ്രയോഗമാണ് പല പോസ്റ്ററുകളിലും ഉപയോഗിച്ചിരിക്കുന്നത്.
‘ജൻബന്ധൻ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഇന്നത്തെ യോഗം പ്രതിപക്ഷ രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ, 2029 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രരൂപീകരണം, സഖ്യകക്ഷികൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തൽ, ആഭ്യന്തര ഭിന്നതകൾ പരിഹരിക്കൽ, ബിജെപിക്കെതിരായ സംയുക്ത നീക്കങ്ങൾ എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾ.
2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപായി ചേർന്ന യോഗത്തിനുശേഷം ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ സഖ്യത്തിന്റെ ഔദ്യോഗിക യോഗം വീണ്ടും നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിരിച്ചടികളുടെ പശ്ചാത്തലത്തിൽ 23 പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കുന്ന ഈ യോഗം സഖ്യത്തിന്റെ ഭാവി രാഷ്ട്രീയ ദിശ നിർണയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
English Summary:
Ahead of the crucial INDIA alliance meeting in New Delhi, posters targeting Rahul Gandhi appeared across the capital. The campaign highlights past criticisms of Rahul Gandhi and the Congress by leaders of key INDIA bloc allies, including Sharad Pawar, Mamata Banerjee, Arvind Kejriwal and Udhayanidhi Stalin. The meeting is expected to focus on opposition unity, electoral strategy, coordination among alliance partners and preparations for upcoming elections.
