ന്യൂഡൽഹി: ശരീരഭാരം കുറയ്ക്കാൻ പട്ടിണിയോ അതികഠിന ഡയറ്റുകളോ ആവശ്യമില്ലെന്ന് തെളിയിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് കണ്ടന്റ് ക്രിയേറ്ററായ കാജൻ. വെറും ഏഴ് മാസത്തിനിടെ 101 കിലോയിൽ നിന്ന് 65 കിലോയിലേക്ക് എത്തി 36 കിലോ കുറച്ച അനുഭവമാണ് കാജൻ പങ്കുവെച്ചത്.
ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ബോഡി ട്രാൻസ്ഫോർമേഷൻ ചിത്രങ്ങൾ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. സ്ഥിരതയുള്ള ഭക്ഷണക്രമവും ജീവിതശൈലിയിലെ മാറ്റങ്ങളുമാണ് വിജയത്തിന് പിന്നിലെന്നാണ് കാജൻ പറയുന്നത്.
ദിവസവും ജീരകവെള്ളം, ചിയാ സീഡ്സ് വെള്ളം, അലോവേര ജ്യൂസ്, ഉലുവ വെള്ളം തുടങ്ങിയവ ഉപയോഗിച്ച് ദിവസം ആരംഭിക്കുകയും പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. കടലമാവ് ദോശ, റാഗി ദോശ, ഓട്സ്, സോയ ചങ്ക്സ്, പനീർ, ടോഫു, ദാൽ, ബ്രൗൺ റൈസ്, മില്ലെറ്റ് വിഭവങ്ങൾ എന്നിവ ഭക്ഷണക്രമത്തിന്റെ പ്രധാന ഭാഗമായിരുന്നു.
ഇടവേളകളിൽ പഴങ്ങൾ, നട്സ്, വിത്തുകൾ, യോഗർട്ട് എന്നിവ ഉൾപ്പെടുത്തി. രാത്രി ഭക്ഷണം ലഘുവാക്കുകയും പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുകയും ചെയ്തു.
ഭാരം കുറയ്ക്കാൻ കാജന്റെ നിർദേശങ്ങൾ
പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
പച്ചക്കറികളും പഴങ്ങളും കൂടുതൽ ഉൾപ്പെടുത്തുക.
ഭക്ഷണം കൃത്യസമയത്ത് കഴിക്കുക.
ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഭക്ഷണം അവസാനിപ്പിക്കുക.
ദിവസവും 8 മുതൽ 12 ഗ്ലാസ് വരെ വെള്ളം കുടിക്കുക.
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക.
സാവധാനം ചവച്ചരച്ച് ഭക്ഷണം കഴിക്കുക.
ടിവിയോ മൊബൈലോ നോക്കി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക.
വ്യായാമം, ഉറക്കം, ജലസേവനം എന്നിവ കൃത്യമായി പാലിക്കുക.
ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കാജന്റെ അനുഭവം പ്രചോദനമാകുകയാണ്.
English Summary:
Content creator Kajan has gone viral after sharing her remarkable weight-loss journey, shedding 36 kg in just seven months. By following a balanced diet rich in protein, fruits, vegetables, whole grains, and healthy snacks, along with maintaining consistency and a disciplined lifestyle, she reduced her weight from 101 kg to 65 kg. Her transformation has inspired many on social media, highlighting the importance of sustainable habits over crash diets.
