കർഷകരെ ചതിച്ച് നാളികേര വിപണി; വില 40 കടക്കാതെ താഴോട്ട്; ഈ വർഷത്തെ ഏറ്റവും വലിയ ഇടിവ്; കേരളത്തിലെ നാളികേര കർഷകർ ആശങ്കയിൽ

1 Min Read
1 Min Read

പാലക്കാട്: സംസ്ഥാനത്ത് തേങ്ങവിലയിൽ വൻ ഇടിവ്. ഈ വർഷം ആദ്യമായി കിലോയ്ക്ക് 38 മുതൽ 40 രൂപ വരെയായി വില താഴ്ന്നതോടെ കർഷകർ ആശങ്കയിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയർന്ന നിലയിൽ തുടർന്നിരുന്ന വിപണിവിലയിലാണ് ഇപ്പോൾ ശ്രദ്ധേയമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

തമിഴ്നാട്ടിൽ തേങ്ങ ഉൽപാദനം വർധിച്ചതാണ് വിലയിടിവിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. അവിടെ കൊപ്രവില കുറഞ്ഞതോടെ കേരളത്തിലേക്കുള്ള തേങ്ങയുടെ വരവ് ഗണ്യമായി ഉയർന്നു. ഇതോടെ വിപണിയിലെ ലഭ്യത വർധിക്കുകയും വില താഴുകയും ചെയ്തതായി വ്യാപാരികൾ പറയുന്നു.

കേരളത്തിലും ഇത്തവണ തേങ്ങ ഉൽപാദനം മെച്ചപ്പെട്ട നിലയിലായതിനാൽ വിപണിയിൽ ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണ്. സാധാരണയായി മഴക്കാലത്ത് തേങ്ങ പൊളിക്കലും വിപണിയിലെത്തിക്കലും ബുദ്ധിമുട്ടാകാറുണ്ടെങ്കിലും ഇത്തവണ വലിയ വിലക്കയറ്റത്തിന് സാധ്യത കുറവാണെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

കഴിഞ്ഞ ഡിസംബറിൽ കിലോയ്ക്ക് 64 രൂപ വരെ ഉയർന്നിരുന്ന തേങ്ങവില ജനുവരിയിൽ 58 മുതൽ 60 രൂപ വരെ താഴ്ന്നിരുന്നു. ഇപ്പോഴത്തെ ഇടിവോടെ വില 40 രൂപയിൽ താഴെയെത്തിയിരിക്കുകയാണ്.

അതേസമയം, ഉൽപാദനച്ചെലവ് വർധിച്ച സാഹചര്യത്തിൽ വില ഇടിയുന്നത് കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ചെലവിനൊത്ത വരുമാനം ലഭിക്കാതെ വരുന്നത് തേങ്ങ കൃഷിയുടെ ലാഭക്ഷമതയെ ബാധിക്കുമെന്ന ആശങ്കയാണ് കർഷകർ ഉയർത്തുന്നത്.

 

 

Share This Article