ഇന്ത്യയിൽ ആർക്കും എബോളയില്ല! കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം; ഇന്ദിരാനഗറിലെ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന യുവതിയുടെ ഫലം പുറത്ത്

1 Min Read
1 Min Read

ബെംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനം ആശങ്ക ഉയർത്തുന്നതിനിടെ ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ഉയർന്ന എബോള ഭീതി താൽക്കാലികമായി ഒഴിഞ്ഞു. ഉഗാണ്ടയിൽ നിന്ന് ബെംഗളൂരുവിലെത്തിയ യുവതിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പ്രാഥമിക പരിശോധനാഫലം നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ വിശദീകരണത്തിൽ നിലവിൽ ഇന്ത്യയിൽ ആർക്കും എബോള സ്ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ആഫ്രിക്കയിലെ ചില ഭാഗങ്ങളിൽ രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് അതീവ ജാഗ്രത തുടരുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

കർണാടക ആരോഗ്യവകുപ്പ് നൽകിയ വിവരങ്ങൾ പ്രകാരം, 28 വയസ്സുള്ള ഉഗാണ്ട സ്വദേശിനി മേയ് 23നാണ് ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിലെ ആരോഗ്യ പരിശോധനയ്ക്കിടെ യുവതിക്ക് കടുത്ത പനിയില്ലായിരുന്നെങ്കിലും അമിത ക്ഷീണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുൻകരുതൽ നടപടിയായി സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.

വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ യുവതി ആദ്യം ഒരു ഹോട്ടലിൽ താമസിച്ചിരുന്നുവെങ്കിലും പിന്നീട് ശരീരവേദന അനുഭവപ്പെട്ടതോടെ ബെംഗളൂരുവിലെ ഇന്ദിരാനഗറിലുള്ള സർക്കാർ പകർച്ചവ്യാധി ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് എബോള നെഗറ്റീവ് സ്ഥിരീകരിച്ചത്. യുവതിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും കൂടുതൽ സ്ഥിരീകരണത്തിനായി സാംപിളുകൾ പൂണെയിലെ ദേശീയ വൈറോളജി സ്ഥാപനത്തിലേക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ആഫ്രിക്കയിൽ എബോള വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ രാജ്യാന്തര വിമാനത്താവളങ്ങളിലെ ആരോഗ്യ പരിശോധനയും നിരീക്ഷണവും കേന്ദ്ര സർക്കാർ ശക്തമാക്കിയിട്ടുണ്ട്.

English Summary: Ebola scare at Bengaluru International Airport eased after preliminary test results of a Ugandan woman came back negative. The woman had been isolated following health screening due to fatigue and body pain after arriving from Uganda.

Share This Article